സില്‍വര്‍ ലൈന്‍ പദ്ധതിയിലൂടെ (SilverLine Project) വൻ സാമ്പത്തിക ക്രമക്കേടിനാണ് സിപിഎം നേതൃത്വം നൽകുന്ന സംസ്ഥാന സര്‍ക്കാര്‍ (CPM-led Government) രൂപം കൊടുക്കുന്നതെന്ന് ആരോപിച്ച് സംസ്ഥാനത്തെ 17 യുഡിഎഫ് എംപിമാര്‍ കേന്ദ്ര റെയില്‍വേ മന്ത്രി (Union Railway Minister) അശ്വിനി വൈഷ്ണവിന് (Ashwini Vaishnav) നിവേദനം സമർപ്പിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും ഉടന്‍ നിര്‍ത്തിവെയ്ക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്ന് മന്ത്രിയോട് അവർ അഭ്യര്‍ത്ഥിച്ചു.
രാജസ്ഥാനില്‍ നിന്നുള്ള രാജ്യസഭാ എംപി കെ സി വേണുഗോപാലും പുതുച്ചേരിയില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപി വി വൈദ്യലിംഗവും നിവേദനത്തില്‍ ഒപ്പുവച്ചിട്ടുണ്ട്. സഹ എംപിമാരുടെ ആവശ്യങ്ങള്‍ പൂര്‍ണമായി ബോധ്യപ്പെടാത്തതിനാല്‍ തിരുവനന്തപുരം എംപി ശശി തരൂര്‍ നിവേദനത്തില്‍ ഒപ്പു വെച്ചിട്ടില്ല.
''ഈ പദ്ധതി സാമ്പത്തികവും പാരിസ്ഥിതികവുമായ ദുരന്തത്തിനുള്ള ക്ഷണമാണ്. ഇത് സംസ്ഥാനത്തെ അഭൂതപൂര്‍വമായ കടബാധ്യതയിലേക്ക് തള്ളിവിടുകയും ഇതിനകം തന്നെ ദുര്‍ബലമായ പരിസ്ഥിതിയെ വീണ്ടെടുക്കാന്‍ കഴിയാത്തവിധം നശിപ്പിക്കുകയും ചെയ്യും. ഡോ. ഇ ശ്രീധരന്‍ ഉള്‍പ്പെടെയുള്ള നിരവധി വിദഗ്ധര്‍ അലൈന്‍മെന്റിലെ പോരായ്മകള്‍, 30,000 ലധികം കുടുംബങ്ങളെ കുടിയൊഴിപ്പിക്കല്‍ തുടങ്ങിയ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി പദ്ധതിയോടുള്ള എതിർപ്പ് പ്രകടമാക്കിയിട്ടുണ്ട്.
കേരളത്തിന് നിലവിൽ ഏകദേശം 4 ലക്ഷം കോടി രൂപയുടെ കടബാധ്യത ഉള്ളതിനാല്‍ സില്‍വര്‍ലൈനിന് വേണ്ടി ഒരു ലക്ഷം കോടി രൂപ കൂടി പുറമെ നിന്ന് വായ്പയെടുക്കുന്നത് സംസ്ഥാനത്തിന്റെ ധനസ്ഥിതിയെ കൂടുതല്‍ തളര്‍ത്തും. വിദേശവായ്പയുടെ മറവിൽ വന്‍ അഴിമതിക്കുള്ള സാധ്യതയും തള്ളിക്കളയാനാവില്ല'', നിവേദനത്തിൽ പറയുന്നു. പദ്ധതിയുടെ അനുമതിക്കായുള്ള എല്ലാ നടപടിക്രമങ്ങളും വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞയാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ (Pinarayi Vijayan) പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് (Narendra Modi) കത്തെഴുതിയതിനെ തുടര്‍ന്നാണ് റെയില്‍വേ മന്ത്രാലയത്തോട് ആശങ്ക ഉന്നയിക്കാന്‍ യുഡിഎഫ് എംപിമാര്‍ തീരുമാനിച്ചത്.
പദ്ധതിക്കെതിരെ യു.ഡി.എഫ് പ്രക്ഷോഭം ആരംഭിച്ചിട്ടുണ്ട്. കൂടാതെ എല്ലാ ജില്ലകളിലും ബഹുജന കണ്‍വെന്‍ഷനുകളും സംഘടിപ്പിക്കുന്നുണ്ട്. എന്നാല്‍ പദ്ധതിയെക്കുറിച്ച് പഠിക്കുന്നതിനായി കൂടുതല്‍ സമയം ആവശ്യപ്പെട്ടതായി തരൂര്‍ പറഞ്ഞു. "എംപിമാരുടെ നിവേദനത്തിൽ ഒപ്പിടാത്തതിന്റെ അർത്ഥം ഞാന്‍ പദ്ധതിയെ അംഗീകരിക്കുന്നു എന്നല്ല. ഈ വിഷയത്തെക്കുറിച്ച് കൂടുതല്‍ പഠിക്കാൻ ഞാൻ ശ്രമിക്കുകയാണ്'', തരൂര്‍ പറഞ്ഞു. "പാർലമെന്റിലെ എന്റെ സഹപ്രവര്‍ത്തകര്‍ നൽകിയ കത്തില്‍ വ്യക്തമാക്കുന്നത് പോലെ പദ്ധതിയുടെ സാമൂഹികവും പാരിസ്ഥിതികവുമായ ആഘാതം, സാമ്പത്തികമായ ആശങ്കകള്‍ എന്നിവയുമായി ബന്ധപ്പെട്ട് വ്യക്തമായ ഉത്തരം നല്‍കേണ്ട ചോദ്യങ്ങള്‍ നിലനിൽക്കുന്നു", അദ്ദേഹം കൂട്ടിച്ചേർത്തു.
പുതുച്ചേരി നിയോജക മണ്ഡലത്തിന്റെ ഭാഗമായ മാഹിയെ പ്രതിനിധീകരിക്കുന്നതിനാലാണ് വൈദ്യലിംഗം പത്രികയില്‍ ഒപ്പിട്ടത്. സില്‍വര്‍ലൈന്‍ മാഹിയിലൂടെയും കടന്നുപോകുന്നുണ്ട്. സംസ്ഥാനത്ത് അവശേഷിക്കുന്ന റെയില്‍വേ പാത ഇരട്ടിപ്പിക്കല്‍ ജോലികള്‍ 4000 കോടി രൂപ ചെലവഴിച്ച് പൂര്‍ത്തിയാക്കാമെന്നും കേരളത്തിലൂടെ അതിവേഗ ട്രെയിനുകള്‍ ഓടിക്കാൻ അത്സഹായിക്കുമെന്നും യുഡിഎഫ് എംപിമാര്‍ അഭിപ്രായപ്പെട്ടു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: SilverLine rail project, Udf