ആലപ്പുഴ: ഗാനമേളയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട ഗായകൻ ഇടവ ബഷീർ (Edava Basheer) അന്തരിച്ചു. 78 വയസായിരുന്നു. ഗാനമേളയിൽ പാടുന്നതിനിടെ നെഞ്ചുവേദനയുണ്ടായ ബഷീറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ആലപ്പുഴ ബ്ലൂഡയമണ്ട്സ് ഓർക്കെസ്ട്രയുടെ സുവർണ ജൂബിലി ആഘോഷവേദിയിൽ പാടുന്നതിനിടെയാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്. പാതിരപ്പള്ളിയിലെ ആഘോഷവേദിയിൽനിന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് പൊലീസ് ബഷീറിനെ എത്തിച്ചു. അൽപസമയത്തിനുശേഷം മരിച്ചു.
രഘുവംശം എന്ന ചിത്രത്തിൽ എ ടി ഉമ്മറിന്റെ സംഗീത സംവിധാനത്തിൽ ആദ്യ ചലച്ചിത്ര ഗാനം പാടി. തിരുവനന്തപുരം ഇടവ സ്വദേശിയാണ്. കൊല്ലം ക്രിസ്തുരാജ് ഹൈസ്കൂളിൽ പഠിച്ചു. കോടമ്പള്ളി ഗോപാലപിള്ള, രത്നാകരൻ ഭാഗവതർ, വെച്ചൂർ ഹരിഹര സുബ്രഹ്മണ്യം തുടങ്ങിയവരുടെ പക്കൽ നിന്നും ശാസ്ത്രീയ സംഗീതം അഭ്യസിച്ചു. മ്യൂസിക് കോളേജിൽ നിന്നും ഗാനഭൂഷണം പൂർത്തിയാക്കി.
വർക്കലയിൽ സംഗീതാലായ എന്ന ഒരു ഗാനമേള ട്രൂപ്പ് ആരംഭിച്ചു. അക്കോർഡിയൻ തുടങ്ങിയ ഉപകരണങ്ങൾ ഗാനമേളകളിൽ അവതരിപ്പിച്ചു. യമഹയുടെ സിന്തസൈസർ, മിക്സർ, എക്കോ, റോളണ്ട് എന്ന കമ്പനിയുടെ സി ആർ 78 കമ്പോസർ, ജുപ്പിറ്റർ 4 എന്നിവയൊക്കെ ആദ്യമായി ഗാനമേള വേദികളിൽ എത്തിച്ചത് ബഷീർ ആയിരുന്നു.
ഓൾ കേരള മ്യുസീഷ്യൻസ് & ടെക്നീഷ്യൻസ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റായും പ്രവർത്തിച്ചു. എസ് ജാനകിക്കൊപ്പം പാടിയ 'വീണവായിക്കുമെൻ വിരൽത്തുമ്പിലെ..' എന്ന് തുടുങ്ങുന്ന ഗാനമാണ് ബഷീറിന്റെ ആദ്യ ചലച്ചിത്ര ഗാനം. കെ ജെ ജോയിയുടെ സംഗീത സംവിധാനത്തിൽ വാണി ജയറാമുമൊത്ത് പാടിയ 'ആഴിത്തിരമാലകൾ അഴകിന്റെ മാലകൾ..' എന്ന ഗാനം അക്കാലത്തെ ഹിറ്റായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.