ഇന്റർഫേസ് /വാർത്ത /Kerala / Uniform Holy Mass | സിറോ മലബാർ കുർബാന ഏകീകരണം; ആറ് ബിഷപ്പുമാർ സിനഡിനെതിരെ വത്തിക്കാന് കത്തയച്ചു

Uniform Holy Mass | സിറോ മലബാർ കുർബാന ഏകീകരണം; ആറ് ബിഷപ്പുമാർ സിനഡിനെതിരെ വത്തിക്കാന് കത്തയച്ചു

അങ്കമാലി അതിരൂപത

അങ്കമാലി അതിരൂപത

ജനുവരി 7ന് സിറോ മലബാർ സഭയുടെ സമ്പൂർണ്ണ സിനഡ് ആരംഭിക്കാനിരിക്കെയാണ് കത്ത്  പുറത്തു വരുന്നത്

  • Share this:

കൊച്ചി: സിറോ മലബാർ സഭയിലെ (Syro Malabar Church) കുർബാന ഏകീകരണത്തിനെതിരെ (Uniform Holy Mass) ആറ് ബിഷപ്പുമാർ വത്തിക്കാന് കത്തയച്ചു. സിനഡ് തീരുമാനം ഏകകണ്ഠമായിരുന്നില്ലെന്നും, 12 ബിഷപ്പുമാർ അയച്ച വിയോജനക്കുറിപ്പ് സിനഡ് അവഗണിച്ചതായും കത്തിലുണ്ട്. രണ്ടു കുർബാന രീതികളും തുടരണമെന്നും ബിഷപ്പുമാർ ആവശ്യപ്പെടുന്നു. ജനുവരി 7ന് സിറോ മലബാർ സഭയുടെ സമ്പൂർണ്ണ സിനഡ് ആരംഭിക്കാനിരിക്കെയാണ് കത്ത്  പുറത്തു വരുന്നത്.

കുർബാന ഏകീകരണം സംബന്ധിച്ച ചർച്ചകളിൽ കഴിഞ്ഞ സിനഡിൽ സമവായം ഉണ്ടായിരുന്നില്ലെന്ന് ബിഷപ്പുമാർ പറയുന്നു. എന്നാൽ എല്ലാവരും അനുകൂലമാണെന്ന് മാർപാപ്പയെ തെറ്റിദ്ധരിപ്പിച്ചാണ് സിനഡ് ഉത്തരവ് വാങ്ങിയത്. സിനഡിൽ വൈദികൻ്റെ ശരീരഭാഷ സംബന്ധിച്ച ചർച്ചകൾ നടന്നിരുന്നില്ല. കാനൺ നിയമത്തിൻ്റെ 1538 റദ്ദാക്കാൻ സിനഡിന് അധികാരമില്ലാതിരുന്നിട്ടും അതു റദ്ദാക്കിയതായി പ്രസ്താവന ഇറക്കിയതായും സഭയിൽ ഗുരുതരമായ വിഭാഗീയതയാണ് നിലവിലുള്ളതെന്നും കത്തിൽ പറയുന്നു.

കുർബാന ഏകീകരണം ആദ്യം ചർച്ച ചെയ്‌ത 1999ലെ സിനഡിൽ പങ്കെടുത്ത ആർച്ച് ബിഷപ്പ് ജേക്കബ് തൂങ്കുഴി, ബിഷപ്പ് ഗ്രേഷ്യൻ മുങ്ങാടൻ, ബിഷപ്പ് ഗ്രിഗറി കരോട്ടെംപ്രേൽ, ബിഷപ്പ് വിജയാനന്ദ് നെടുംപുറം, ബിഷപ്പ് ഡൊമിനിക്ക് കൊക്കാട്ട്, ബിഷപ്പ് തോമസ് ചക്യത്ത് തുടങ്ങിയവരാണ് കത്തയച്ചത്. കുർബാന ഏകീകരണം പോലുള്ള നിർണായക വിഷയത്തിൽ  തീരുമാനമെടുത്തത് കഴിഞ്ഞ തവണ ചേർന്ന ഓൺലൈൻ സിനഡാണെന്നും നാളെ ആരംഭിക്കുന്ന സിനഡ് ഇക്കാര്യങ്ങൾ വിശദമായി ചർച്ച ചെയ്യണമെന്നും കത്ത് ആവശ്യപ്പെടുന്നു.

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

മേജർ ആർച്ച് ബിഷപ്പിനും മറ്റു ബിഷപ്പുമാർക്കും അയച്ച കത്ത് ഓറിയൻ്റൽ കോൺഗ്രിഗേഷൻ അദ്ധ്യക്ഷനും, വത്തിക്കാൻ സെക്രട്ടറി ഓഫ് സ്റ്റേറ്റിനും, നൂൺഷ്യോക്കും അയച്ചിട്ടുണ്ട്.

വത്തിക്കാൻ  നിർദ്ദേശിച്ചാലും കുർബാന ഏകീകരണം നടപ്പാക്കില്ലെന്ന് ആവർത്തിച്ച് വ്യക്തമാക്കിയതോടെ എറണാകുളം-അങ്കമാലി അതിരൂപതയിൽ കാര്യങ്ങൾ കൈവിടുകയാണ്. പൗരസ്ത്യ തിരുസംഘം വത്തിക്കാനെ തെറ്റിദ്ധരിപ്പിച്ച് ഉണ്ടാക്കിയ ഉത്തരവാണ്  വന്നതെന്നാണ് വിമത വിഭാഗത്തിന്റെ വാദം. സീറോ മലബാര്‍ സിനഡിനോടും വത്തിക്കാനിലെ പൗരസ്ത്യ കാര്യാലയത്തോടും സമരം ചെയ്യാൻ  കൂട്ടായ്മയായ അല്മായ മുന്നേറ്റവും തീരുമാനിച്ചിരുന്നു.

കര്‍ദിനാള്‍ ആലഞ്ചേരിയെ ഇനി അതിരൂപതയിലെ ഒരു പരിപാടിയിലും പങ്കെടുപ്പിക്കില്ലെന്നാണ് വിമതപക്ഷത്തിൻ്റെ  മുന്നറിയിപ്പ്. പന്ത്രണ്ടു ക്രിമിനല്‍ കേസുകളില്‍ പ്രതിയായ മേജര്‍ ആര്‍ച്ചുബിഷപ്പിന്‍റെ ഭൂമിയിടപാടിന്‍റെ സകല കള്ളത്തരങ്ങളും കെ.പി.എം.ജി. റിപ്പോര്‍ട്ടിലൂടെ അറിഞ്ഞിട്ടും കാനോൺ നിയമത്തിന്‍റെ പഴുതകള്‍ ഉപയോഗിച്ച് കര്‍ദിനാളിനെ സംരക്ഷിക്കുന്ന പൗരസ്ത്യ കാര്യാലയമാണ് ഇപ്പോള്‍ കാനോനിക നിയമം 1538 പ്രകാരം പ്രത്യേക പ്രതിസന്ധിയില്‍ ഒരു രൂപതാദ്ധ്യക്ഷന് പൊതുനിയമത്തില്‍ നിന്നു നൽകാവുന്ന ഒഴിവിനു വളച്ചൊടിച്ച വ്യാഖ്യാനങ്ങള്‍ നൽകി അതിരൂപതയിലെ സമാധാനം നഷ്ടപ്പെടുത്തി  തെരുവിലേക്ക് വലിച്ചിഴയ്ക്കുന്നതെന്നാണ് വിമത വിഭാഗത്തിന്റ വാദം.

ഐക്യത്തെ നശിപ്പിച്ച് കുര്‍ബാന അര്‍പ്പണത്തില്‍ ഐകരൂപ്യം അടിച്ചേല്പിക്കരുതെന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആഹ്വാനത്തെ അവഗണിച്ച് മനഃപൂര്‍വം  ഇടവകകളില്‍ വിഭാഗീയതയും അരക്ഷിതാവസ്ഥയും സൃഷ്ടിക്കുകയാണെന്നും ഇതിന് കാരണക്കാരനായ കര്‍ദിനാള്‍ ആലഞ്ചേരിയെ ഇനി എറണാകുളം അങ്കമാലി അതിരൂപതയിലെ ഒരിടവകയിലും കടക്കാന്‍  സമ്മതിക്കില്ലെന്നും വൈദിക പട്ടം കൊടുക്കാനും മറ്റും  ഇടവകകളില്‍ വരുന്ന കര്‍ദിനാളിനെ എന്തു വിലകൊടുത്തും  തടയുമെന്നും അല്മായ മുന്നേറ്റം പറയുന്നു.

First published:

Tags: Angamaly Archdiocese, Uniform Holy Mass