തിരുവനന്തപുരം: അനാഥാലയം നടത്തിപ്പുകാരന്റെ പീഡനം മൂലം ഷെൽട്ടർ ഹോമിൽ നിന്ന് രക്ഷപ്പെട്ടത് ആറ് കുട്ടികൾ. ആൺകുട്ടികൾക്ക് വേണ്ടി നടത്തുന്ന തിരുവനന്തപുരം കുറ്റിച്ചലിലെ നവജീവൻ ഷെൽട്ടർ ഹോമിൽ നിന്നാണ് കുട്ടികൾ രക്ഷപ്പെട്ടത്. പിന്നീട് നെയ്യാർ ഡാമിന് സമീപത്ത് നിന്ന് പൊലീസ് കണ്ടെത്തിയ കുട്ടികളെ ചൈൽഡ് വെൽഫയർ കമ്മിറ്റിയ്ക്ക് കൈമാറുകയായിരുന്നു.
തുടർന്ന് കുട്ടികളുടെ മൊഴി എടുത്തപ്പോഴായിരുന്നു നേരിട്ട ദുരിതങ്ങൾ വിവരിച്ചത്. അനാഥാലയം നടത്തിപ്പുകാരൻ കുട്ടികളെ മർദ്ദിക്കുമായിരുന്നു. നവജീവൻ ഡയറക്ടർ ഫ്രാൻസിസ് കുട്ടികളെ കൊണ്ട് വീട്ട് ജോലി ചെയ്യിക്കും. ഫ്രാൻസിസിന്റെ ബന്ധുക്കളും മർദ്ദിക്കാറുണ്ടെന്നു കുട്ടികൾ മൊഴി നൽകി. മൊഴിയുടെ അടിസ്ഥാനത്തിൽ ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരം കേസെടുക്കാൻ പൊലീസിനോട് ചൈൽഡ് വെൽഫയർ കമ്മിറ്റി നിർദ്ദേശം നൽകി. ആറ് കുട്ടികളെയും ജില്ലയിലെ മറ്റ് അഞ്ച് കേന്ദ്രങ്ങളിലേയ്ക്ക് മാറ്റി
ഇനി നാല് കുട്ടികളാണ് നവജീവനിൽ ഉള്ളത്. ഇവരെയും മാറ്റാൻ തീരുമാനിച്ചതായി ചൈൽഡ് വെൽഫയർ കമ്മിറ്റി ചെയർപേഴ്സൺ അഡ്വക്കേറ്റ് എൻ സുനന്ദ അറിയിച്ചു. അനാഥാലയം അധികൃതരോട് ഫെബ്രുവരെ 10 ന് ഹാജരാകാൻ നിർദ്ദേശിച്ചിട്ടുണ്ട്. വിശദീകരണം തൃപ്തികരമല്ലെങ്കിൽ സ്ഥാപനം പൂട്ടാൻ ഉത്തരവിടും.
2015 ൽ തുടങ്ങിയ സ്ഥാപനം പരാതി ഉയർന്നതിനെ തുടർന്ന് താൽക്കാലികമായി പൂട്ടിയിരുന്നു. 2018 ലാണ് കുറ്റിച്ചലിൽ പുതിയ സ്ഥാപനം തുടങ്ങിയത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.