കോഴിക്കോട് (Kozhikode) വെള്ളിമാട് കുന്ന് (Vellimadukunnu) ചില്‍ഡ്രന്‍സ് ഹോമില്‍ (Childrens home) നിന്ന് ചാടിപ്പോയ മുഴുവന്‍ പെണ്‍കുട്ടികളെയും കണ്ടെത്തി. ഒരാളെ വ്യാഴാഴ്ച ബെംഗളൂരുവിലെ മഡിവാളയിൽ നിന്നും നിന്നും മറ്റൊരാളെ ഇന്ന് മൈസൂരുവില്‍ നിന്നും കണ്ടെത്തിയപ്പോള്‍ ബാക്കി നാല് പേരെ നിലൂമ്പൂരില്‍ നിന്നാണ് കണ്ടെത്തിയത്. ഇവര്‍ നിലമ്പൂരിലെ ആണ് സുഹൃത്തുക്കളെ കാണാന്‍ ഇന്ന് രാവിലെ ബെംഗളൂരുവില്‍ നിന്ന് ട്രെയിന്‍മാര്‍ഗം പാലക്കാടെത്തി അവിടെ നിന്ന് നിലമ്പൂരിലേക്ക് പോവുകയായിരുന്നു. കുട്ടികള്‍ നിലമ്പൂരില്‍ എത്തിയതറിഞ്ഞ് സ്ഥലത്തെത്തിയ എടക്കര പൊലീസാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. പെണ്‍കുട്ടികളെ കോഴിക്കോട്ടേക്ക് കൊണ്ടുവരാനായി പൊലീസ് സംഘം യാത്ര തിരിച്ചു.
Also Read- S Rajendran| മുൻ എംഎൽഎ എസ്. രാജേന്ദ്രനെ CPM ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തു
റിപ്പബ്ലിക്ക് ഡേ ആഘോഷത്തിനിടേയായിരുന്നു കെട്ടിടത്തിന് മേല്‍ കോണി വെച്ച് ആറ് പേരും രക്ഷപ്പെട്ടത്. പിന്നീട് ബെംഗളൂരുവില്‍ എത്തിയെന്ന വിവരം പോലീസിന് ലഭിക്കുകയായിരുന്നു. രണ്ട് യുവാക്കളുടെ സഹായവും ഇവര്‍ക്ക് ലഭിച്ചിരുന്നു. ഈ യുവാക്കളുടെ സഹായത്തോടെയാണ് പെണ്‍കുട്ടികള്‍ക്ക് ബെംഗളൂരു മഡിവാളയിലെ ഹോട്ടലില്‍ മുറി ലഭിച്ചത്.
വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നോടെ യുവാക്കള്‍ ഹോട്ടലിലെത്തി മുറി അന്വേഷിച്ചിരുന്നു. പിന്നീട് ഉച്ചയ്ക്ക് രണ്ടരയോടെ വീണ്ടും വന്ന് തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ച് മുറി ബുക്കുചെയ്യാനൊരുങ്ങി. കുറച്ച് സന്ദര്‍ശകരുണ്ടാകുമെന്നും അറിയിച്ചു. അധികം താമസിയാതെ ആറു പെണ്‍കുട്ടികള്‍ ലോബിയിലേക്ക് കയറിവന്നു. തിരിച്ചറിയല്‍ കാര്‍ഡ് ചോദിച്ചപ്പോള്‍ കൈയിലില്ലെന്നും എല്ലാവരുടെയും മൊബൈല്‍ ഫോണ്‍ കളവുപോയെന്നുമായിരുന്നു മറുപടി. ഇതോടെ ജീവനക്കാര്‍ക്ക് സംശയംതോന്നി.
കേരളത്തില്‍നിന്ന് പെണ്‍കുട്ടികളെ കാണാതായത് സംബന്ധിച്ച് നേരത്തേ മലയാളി സംഘടനാ പ്രവര്‍ത്തകര്‍ ഹോട്ടലുകാര്‍ക്ക് മുന്നറിയിപ്പുനല്‍കിയിരുന്നു. അതിനാല്‍ ഹോട്ടല്‍ ജീവനക്കാര്‍ മഡിവാള പൊലീസിനെയും കെഎംസിസി, എംഎംഎ പ്രവര്‍ത്തകരെയും വിവരമറിയിച്ചു. ഇതിനിടെ പെണ്‍കുട്ടികള്‍ ഇറങ്ങി ഓടാന്‍ ശ്രമിച്ചപ്പോള്‍ സെക്യൂരിറ്റി ജീവനക്കാരന് ഗേറ്റ് അടച്ചെങ്കിലും അഞ്ചുപേര്‍ സമീപത്തെ മതില്‍ചാടി രക്ഷപ്പെടുകയായിരുന്നു. മൊബൈല്‍ ഫോണ്‍ നഷ്ടമായെന്ന് പറഞ്ഞാണ് പെണ്‍കുട്ടികള്‍ സഹായം തേടിയതെന്നാണ് യുവാക്കള്‍ അറിയിച്ചത്. കുട്ടികളില്‍ രണ്ടുപേര്‍ ഈ മാസം 25 ന് ചില്‍ഡ്രന്‍സ് ഹോമില്‍ എത്തിയതാണ്. മറ്റു നാലുപേര്‍ ഒരു മാസത്തിനിടയിലും എത്തിയവരാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Bengaluru, Girl Missing, Kozhikode