• HOME
  • »
  • NEWS
  • »
  • kerala
  • »
  • മൂന്ന് വർഷം; മൂന്ന് ഏറ്റുമുട്ടൽ; കൊലപ്പെടുത്തിയത് ആറ് മാവോവാദികളെ

മൂന്ന് വർഷം; മൂന്ന് ഏറ്റുമുട്ടൽ; കൊലപ്പെടുത്തിയത് ആറ് മാവോവാദികളെ

നിലമ്പൂരിലെ കുരുളായി വനത്തിൽ രണ്ട് മാവോവാദികളെ വധിച്ചുകൊണ്ടാണ് മാവോയിസ്റ്റ് വേട്ടയ്ക്ക് സർക്കാർ തുടക്കം കുറിച്ചത്.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Last Updated :
  • Share this:
    തിരുവനന്തപുരം:  ഇടത് സർക്കാർ അധികാരത്തിലെത്തി മൂന്നു വർഷത്തിനിടെ മൂന്ന് ഏറ്റുമുട്ടലുകളിലായി കൊലപ്പെടുത്തിയത് ആറ് മാവോവാദികളെ. നിലമ്പൂരിലെ കുരുളായി വനത്തിൽ രണ്ടു പേരെ വധിച്ചുകൊണ്ടാണ് മാവോയിസ്റ്റ് വേട്ടയ്ക്ക് സർക്കാർ ഈ തുടക്കം കുറിച്ചത്. തുടർന്ന് വൈത്തിരിയിൽ സി.പി. ജലീൽ തണ്ടർ ബോൾട്ടിന്റെ വെടിയേറ്റു മരിച്ചു. ഇതിനു പിന്നാലെയാണ് തിങ്കളാഴ്ച പാലക്കാട്ടെ മഞ്ചക്കട്ടി ഊരിൽ മൂന്ന് മാവോവാദികളെ തണ്ടർബോൾട്ട്  കൊലപ്പെടുത്തിയത്.

    സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിലാണ്  മൂന്നു തവണയും മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടതെന്നാണ് പൊലീസും സർക്കാരും പറയുന്നത്. എന്നാൽ ഇതൊക്കെ ഏറ്റുമുട്ടൽ കൊലപാതകങ്ങളാണെന്ന ആരോപണമാണ് മനുഷ്യാവകാശ പ്രവർത്തകരും സംഘടനകളും ഉന്നയിക്കുന്നത്.

    നേരത്തെയും മാവോയ്സ്റ്റുകളും പൊലീസും തമ്മിലുള്ള ഏറ്റുമുട്ടൽ സംസ്ഥാനത്തുണ്ടായിട്ടുണ്ട്. മാവോയിസ്റ്റുകൾ നടത്തിയ അക്രമ സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ അന്നൊന്നും ആരും കൊല്ലപ്പെട്ടതായുള്ള വാർത്തകൾ പുറത്തുവന്നിട്ടില്ല.

    നിലമ്പൂരിലെ കരുളായി വനമേഖലയിൽ 2016 നവംബര്‍ 24-നാണ് രണ്ട് മാവോയിസ്റ്റുകൾ കൊല്ലപ്പെടുന്നത്. പൊലീസുമായുണ്ടായ ഏറ്റമുട്ടലിൽ സി.പി.ഐ. മാവോയിസ്റ്റ് കേന്ദ്രകമ്മിറ്റിയംഗം കുപ്പുദേവരാജും കാവേരി എന്ന അജിതയുമാണ് കൊല്ലപ്പെട്ടത്. കുപ്പു സ്വാമിയുടെ ശരീരത്തില്‍ ഏഴും  അജിതയുടെ ശരീരത്തില്‍ 19 ഉം വെടിയുണ്ടകൾ ഫോറൻസിക് പരിശോധനയിൽ കണ്ടെടുത്തിരുന്നു. 20 മുതൽ 60 വരെ ദൂരത്തിൽ നിന്നും വെടിയേറ്റതാണെന്നാണ് ഫോറൻസിക് സംഘത്തിന്റെ നിഗമനം. എന്നാൽ ഏറ്റുമുട്ടലിനിടെ വധിച്ചെന്ന നിലപാടിലാണ് പൊലീസ്.

    2019 മാര്‍ച്ച് ഏഴിനാണ് ലക്കിടിയിലെ റിസോര്‍ട്ടില്‍ മാവോവാദികളും തണ്ടര്‍ബോള്‍ട്ടും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ സി.പി. ജലീല്‍ കൊല്ലപ്പെട്ടത്. മാവോവാദികളുടെ ആക്രമണം ചെറുക്കാൻ വെടിയുതിർത്തെന്നായിരുന്നു പൊലീസിന്റെ വിശദീകരണം. എന്നാൽ പിന്നിൽ നിന്നും വെടിയേറ്റ നിലയിലാണ് ജലീലിന്റെ മൃതദേഹം കണ്ടെത്തിയത്.

    Also Read അഗളി മഞ്ചക്കണ്ടിയിൽ കൊല്ലപ്പെട്ടത് ഒരു സ്ത്രീ ഉൾപ്പെടെ മൂന്നു മാവോയിസ്റ്റുകൾ; ഭവാനിദളം പ്രവർത്തകരെന്ന് സൂചന

    കഴിഞ്ഞ ദിവസം പാലക്കാട് മടഞ്ചക്കട്ടി ഊരില്‍
    ചിക്കമംഗലൂര്‍ സ്വദേശികളായ ശ്രീമതി, സുരേഷ്, കാര്‍ത്തി എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരും തണ്ടർബോൾട്ടിനു നേരെ വെടിയുതിർത്തെന്നാണ് റിപ്പോർട്ട്. തുടർന്ന് നടത്തിയ വെടിവയ്പ്പിൽ മൂന്ന് പേരും കൊല്ലപ്പെടുകയായിരുന്നെന്നും പൊലീസ് പറയുന്നു.

    First published: