കൊച്ചി: അസുഖബാധിതനായി തെരഞ്ഞെടുപ്പ് രംഗത്തു നിന്നും വിട്ടുനില്‍ക്കുന്ന ചാലക്കുടിയിലെ യു.ഡു.എഫ് സ്ഥാനാര്‍ത്ഥി ബെന്നി ബഹനാനായി പ്രചാരണത്തിന് ഇറങ്ങുക ആറ് എം.എല്‍.എമാര്‍. പ്രചാരണത്തിന് ആവേശം പകരാന്‍ ഉമ്മന്‍ചാണ്ടി അടക്കമുള്ള മുതിര്‍ന്ന നേതാക്കളും മണ്ഡലത്തില്‍ സജീവമായി പ്രചാരണരംഗത്ത് ഉണ്ടാവും.
ഹൃദയാഘാതത്തേത്തുടര്‍ന്ന് അപ്രതീക്ഷിതമായിരുന്നു പ്രചാരണരംഗത്തു നിന്നും ബെന്നി ബഹനാന്റെ പിന്മാറ്റം. ആന്‍ജിയോപ്ലാസ്റ്റി കഴിഞ്ഞ സ്ഥാനാര്‍ത്ഥിയ്ക്ക് ഡോക്ടര്‍മാര്‍ വിശ്രമവും നിര്‍ദ്ദേശിച്ചു. ഇതോടെ കഴിഞ്ഞ തവണ കൈവിട്ട സീറ്റ് തിരിച്ചുപിടിയ്ക്കാമെന്ന പ്രതീക്ഷകള്‍ അസ്ഥാനത്താകുമോയെന്ന ആശങ്കയിലായി യു.ഡി.എഫ് ക്യാമ്പ്. എന്നാല്‍ സ്ഥാനാര്‍ത്ഥിയ്ക്ക് പകരമായി മണ്ഡലത്തിന്റെ പരിധിയിലെ എം.എല്‍.എമാരെ ഒന്നിച്ച് കളത്തിലിറക്കാനാണ് മുന്നണി തീരുമാനം.
അന്‍വര്‍ സാദത്ത്, റോജി.എം.ജോണ്‍, വി.പി.സജീന്ദ്രന്, എല്‍ദോസ് കുന്നപ്പിള്ളി എന്നിവര്‍ സ്ഥാനാർഥിക്കായി പര്യടനം നടത്തും. പി.ടി.തോമസ്, വി.ഡി.സതീശന് എന്നിവരും ഒപ്പം കൂടും. ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയുമടക്കമുള്ള നേതാക്കളുടെ റോഡ് ഷോയടക്കം നടത്തി സ്ഥാനാർഥിയുടെ അഭാവത്തിലും പ്രചാരണം സജീവമാക്കാനാണ് യു.ഡി.എഫ് തീരുമാനം. ആലുവയില്‍ ഉമ്മന്‍ചാണ്ടിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തിലായിരുന്നു തീരുമാനം. ചുരുങ്ങിയതു ഒന്നരാഴ്ചത്തെ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിയ്ക്കുന്നത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.