• HOME
  • »
  • NEWS
  • »
  • kerala
  • »
  • സംസ്ഥാനത്ത് വീണ്ടും ഷിഗല്ല; വയനാട്ടിൽ ആറുവയസുകാരി മരിച്ചു

സംസ്ഥാനത്ത് വീണ്ടും ഷിഗല്ല; വയനാട്ടിൽ ആറുവയസുകാരി മരിച്ചു

ഏപ്രില്‍ നാലിനാണ് കുട്ടിയുടെ മരണം റിപ്പോർട്ട് ചെയ്തത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തിലാണ് ഷിഗല്ലയാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചത്.

Shigella

Shigella

  • Share this:
    കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും ഷിഗല്ല മരണം റിപ്പോർട്ട് ചെയ്തു. വയനാട്ടിൽ ഷിഗല്ല ബാധിച്ച്‌ ആറു വയസ്സുകാരിയാണ് മരിച്ചു മരിച്ചത്. നൂല്‍പ്പുഴ കല്ലൂര്‍ സ്വദേശിനിയായ ആറ് വയസുകാരിയാണ് ഷിഗല്ല ബാധിതയായി മരിച്ചത്. ഏപ്രില്‍ നാലിനാണ് കുട്ടിയുടെ മരണം റിപ്പോർട്ട് ചെയ്തത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തിലാണ് ഷിഗല്ലയാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചത്. കാട്ടുനായ്ക്കര്‍ വിഭാഗത്തില്‍പ്പെടുന്ന ആദിവാസി പെണ്‍കുട്ടിയാണ് ഷിഗല്ല പിടിപെട്ട് മരിച്ചത്.

    ഷിഗല്ല വിഭാഗത്തില്‍പെടുന്ന ബാക്ടീരിയകളാണ് ഷിഗല്ലോസിസ് (shigellosis) അഥവാ ഷിഗല്ലാ രോഗാണുബാധയ്ക്ക് കാരണമാവുന്നത്. വയറിളക്കമാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണം. മലിന ജലത്തിലൂടെയും മോശം ഭക്ഷണത്തിലൂടെയുമാണ് ഷിഗല്ലോസിസ് എന്ന രോഗം പകരുന്നത്.

    വയറിളക്കം, പനി, വയറുവേദന, ഛര്‍ദ്ദി, ക്ഷീണം, രക്തംകലര്‍ന്ന മലം എന്നിവയാണ് ഷിഗല്ല രോഗ ലക്ഷണങ്ങള്‍. ഷിഗല്ല ബാക്ടീരിയ പ്രധാനമായും കുടലിനെ ബാധിക്കുന്നുവെന്നതിനാല്‍ വയറിളക്കമുണ്ടാവുമ്ബോള്‍ രക്തവും പോകാനിടയുണ്ട്. പനി, രക്തം കലര്‍ന്ന മലവിസര്‍ജ്ജനം, നിര്‍ജ്ജലീകരണം, ക്ഷീണം എന്നിവ ഉണ്ടായാല്‍ ഉടന്‍ വൈദ്യസഹായം തേടണമെന്ന് ആരോ​ഗ്യ വിദ​ഗ്ധര്‍ നിര്‍ദേശിച്ചു.

    വയനാട്ടിൽ വീണ്ടും ഷിഗല്ല മരണം റിപ്പോർട്ട് ചെയ്തതോടെ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയിരിക്കുകയാണ് ആരോഗ്യവകുപ്പ്. രോഗം ബാധിച്ച മരിച്ച കുട്ടി താമസിച്ചിരുന്ന പ്രദേശം ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ സന്ദർശിക്കും. കൂടുതൽ പേരിലേക്കു രോഗം പകരാതിരിക്കാനുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കുമെന്നും ആരോഗ്യവകുപ്പ് വൃത്തങ്ങൾ അറിയിച്ചു.

    അതേസമയം ഷിഗല്ല രോഗബാധിതയായെങ്കിലും കുട്ടി കൃത്യസമയത്ത് ചികിത്സ നൽകിയില്ലെന്നു ആരോപണം ഉയരുന്നുണ്ട്. തുടക്കത്തിലേ രോഗം കൃത്യമായി കണ്ടെത്താനായില്ലെന്നും പറയപ്പെടുന്നു. ഷിഗല്ല ആയിരിക്കുമെന്ന് സംശയമുണ്ടായിരുന്നെങ്കിലും പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നതോടെയാണ് രോഗം സ്ഥിരീകരിച്ചത്.

    ഇക്കഴിഞ്ഞ ഡിസംബറിൽ കോഴിക്കോടിനു സമീപത്തെ കോട്ടാംപറമ്പ് മുണ്ടിക്കല്‍താഴം ഭാഗത്താണ് ഷിഗെല്ല ബാക്ടീരിയ മൂലമുള്ള രോഗം നേരത്തെ സ്ഥിരീകരിച്ചത്. ഒരു മരണവും സമാനലക്ഷണങ്ങളുള്ള 25 കേസുകളും റിപോര്‍ട്ട് ചെയ്യ്‌പ്പെട്ടതോടെ ആശങ്കയും വര്‍ധിച്ചിട്ടുണ്ട്. പരിശോധനയില്‍ ആറുകേസുകളില്‍ ഷിഗെല്ല സോണിയെ എന്ന ബാക്ടീരിയയെ കണ്ടെത്തിയെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കിയിരുന്നു.

    ലക്ഷണങ്ങൾ

    വയറിളക്കം, പനി, വയറുവേദന, ഛര്‍ദി, ക്ഷീണം, രക്തംകലര്‍ന്ന മലം.രോഗാണു പ്രധാനമായും കുടലിനെയാണ് ബാധിക്കുന്നത്. ഇതിനാല്‍ മലത്തോടൊപ്പം രക്തവും കാണപ്പെടുന്നു.

    പ്രധാനമായും മലിനജലത്തിലൂടെയും കേടായ ഭക്ഷണത്തിലൂടെയുമാണ് രോഗം പകരുന്നത്. രോഗലക്ഷണങ്ങള്‍ ഗുരുതരാവസ്ഥയിലെത്തിയാല്‍ അഞ്ചുവയസ്സിനുതാഴെയുള്ള കുട്ടികളില്‍ മരണസാധ്യത കൂടുതലാണ്. ശ്രദ്ധിച്ചില്ലെങ്കില്‍ രോഗവ്യാപനം വളരെ പെട്ടെന്ന് നടക്കും.

    രോഗികളുടെ വിസര്‍ജ്യവുമായി നേരിട്ടോ പരോക്ഷമായോ സമ്പര്‍ക്കമുണ്ടായാല്‍ രോഗം എളുപ്പത്തില്‍ വ്യാപിക്കും. രണ്ടുമുതല്‍ ഏഴുദിവസംവരെ രോഗലക്ഷണങ്ങള്‍ കാണപ്പെടും. ചില കേസുകളില്‍ ലക്ഷണങ്ങള്‍ നീണ്ടുനില്‍ക്കാം. ചിലരില്‍ ലക്ഷണങ്ങള്‍ പ്രകടമാകാതിരിക്കുകയും ചെയ്യും. പനി, രക്തംകലര്‍ന്ന മലവിസര്‍ജനം, നിര്‍ജലീകരണം, ക്ഷീണം എന്നിവയുണ്ടായാല്‍ ഉടന്‍ വൈദ്യസഹായം തേടണം.

    പ്രതിരോധമാര്‍ഗങ്ങള്‍    • തിളപ്പിച്ചാറിയ വെള്ളംമാത്രം കുടിക്കുക.

    • ഭക്ഷണത്തിനുമുമ്പും മലവിസര്‍ജനത്തിനുശേഷവും കൈകള്‍ സോപ്പുപയോഗിച്ച് കഴുകുക.

    • വ്യക്തിശുചിത്വം പാലിക്കുക.

    • തുറസ്സായ സ്ഥലങ്ങളില്‍ മല-മൂത്ര വിസര്‍ജനം ചെയ്യാതിരിക്കുക.

    • കുഞ്ഞുങ്ങളുടെ ഡയപ്പറുകള്‍ ശരിയായവിധം സംസ്‌കരിക്കുക.

    • രോഗലക്ഷണങ്ങളുള്ളവര്‍ ആഹാരം പാകംചെയ്യാതിരിക്കുക.

    • പഴകിയ ഭക്ഷണം കഴിക്കരുത്.

    • ഭക്ഷണപദാര്‍ഥങ്ങള്‍ ശരിയായരീതിയില്‍ മൂടിവെക്കുക.

    • വയറിളക്കമുള്ള കുട്ടികളെ മറ്റുള്ളവരുമായി ഇടപെടുത്താതിരിക്കുക.

    • കക്കൂസും കുളിമുറിയും അണുനശീകരണം നടത്തുക.

    • വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ഇടപഴകാതിരിക്കുക.

    • രോഗിയുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക.

    • പഴങ്ങളും പച്ചക്കറികളും കഴുകിയതിനുശേഷംമാത്രം ഉപയോഗിക്കുക.

    • രോഗലക്ഷണമുള്ളവര്‍ ഒ.ആര്‍.എസ്. ലായനി, ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിന്‍വെള്ളം എന്നിവ കഴിക്കുക.

    • കുടിവെള്ളസ്രോതസ്സുകള്‍ ക്ലോറിനേറ്റ് ചെയ്യുക.


    Published by:Anuraj GR
    First published: