News18 MalayalamNews18 Malayalam
|
news18-malayalam
Updated: January 27, 2021, 9:20 PM IST
എം.വി ജയരാജൻ
കണ്ണൂർ (പരിയാരം) : കോവിഡ് ന്യുമോണിയ ബാധിച്ച് ഗുരുതരാവസ്ഥയിൽ കണ്ണൂർ ഗവ മെഡിക്കൽ കോളേജ് ആശുപത്രി ഐ സി യുവിൽ ചികിത്സയിൽ കഴിയുന്ന സി പി എം ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ആരോഗ്യനിലയിൽ കഴിഞ്ഞ ദിവസമുണ്ടായ നേരിയ പുരോഗതി തുടരുന്നു. ഇന്ന് വൈകീട്ട് നടന്ന മെഡിക്കൽ ബോർഡ് യോഗത്തിന്റേതാണ് ഈ വിലയിരുത്തൽ.
ഇതേനില തുടർന്നാൽ അടുത്ത ദിവസങ്ങളിൽ കൂടുതൽ ആരോഗ്യ പുരോഗതി കൈവരിക്കുമെന്നാണ് കരുതുന്നതെന്നും എന്നാൽ കോവിഡിനൊപ്പമുള്ള ന്യുമോണിയ ശ്വാസകോശത്തെ വലിയരീതിയിൽ ബാധിച്ചതിനാൽ ഗുരുതരാവസ്ഥ മാറിയിട്ടില്ലെന്നും കടുത്ത ജാഗ്രത തുടരുകയാണെന്നും ഡോക്ടർമാർ വ്യക്തമാക്കി. കോവിഡിന്റെ തീവ്രത സൂചിപ്പിക്കുന്ന രക്തത്തിലെ സൂചകങ്ങൾ ഉയർന്നുതന്നെ നിൽക്കുകയാണെന്നും മെഡിക്കൽ ബോർഡ് വിലയിരുത്തി.
പ്രമേഹവും ഉയർന്ന രക്ത സമ്മർദ്ദവും മരുന്നിലൂടെ നിലവിൽ നിയന്ത്രണ വിധേയമായിട്ടുണ്ട്. രക്തത്തിൽ ഓക്സിജന്റെ അളവ് കുറഞ്ഞതിനാൽ സി -പാപ്പ് വെന്റിലേറ്ററിന്റെ സഹായത്തോടെ അത് സാധാരണ നിലയിലേക്ക് ക്രമീകരിച്ചാണ് ചികിത്സ തുടരുന്നത്. സി-പാപ്പ് മാറ്റാൻ സാധിക്കുന്നതോടെ അദേഹത്തെ കോവിഡ് പരിശോധനയ്ക്ക് വീണ്ടും വിധേയമാക്കുമെന്നും മെഡിക്കൽ സംഘം അറിയിച്ചു.
തിരുവനന്തപുരത്ത് നിന്നെത്തിയ ക്രിറ്റിക്കൽ കെയർ വിദഗ്ദരായ ഡോ അനിൽ സത്യദാസ്, ഡോ. സന്തോഷ് കുമാർ എസ്.എസ് എന്നിവർ പരിയാരത്തെ മെഡിക്കൽ സംഘത്തിനൊപ്പം ഇന്നും ജയരാജനെ പരിശോധിച്ചു. അവർക്കൂടി പങ്കെടുത്തായിരുന്നു ഇന്നു വൈകീട്ടും മെഡിക്കൽ ബോർഡ് യോഗം നടന്നതെന്ന് രാത്രിയിൽ പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു.
Also Read-
എം.വി ജയരാജന്റെ ആരോഗ്യനിലയില്‍ മാറ്റമില്ല; കോവിഡിനു പുറമെ പ്രമേഹവും രക്തസമ്മര്ദ്ദവുമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്
മുഖമന്ത്രി പിണറായി വിജയൻ, ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചർ, വ്യവസായ വകുപ്പ് മന്ത്രി ഇ. പി ജയരാജൻ, എം. എൽ. എമാരായ ജെയിംസ് മാത്യു, ടി. വി രാജേഷ് എന്നിവർ നേരിട്ടും ഫോണിലൂടേയും മെഡിക്കൽ സംഘവുമായി ചർച്ച ചെയ്ത് ജയരാജന്റെ ആരോഗ്യ സ്ഥിതി വിലയിരുത്തിയതായും മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു.
തിരുവനന്തപുരത്ത് നിന്നെത്തിയ പ്രത്യേക മെഡിക്കൽ സംഘം ഒരുദിവസം കൂടി പരിയാരത്ത് തുടരുമെന്നും മെഡിക്കൽ ബോർഡ് ചെയർമാനും മെഡിക്കൽ കോളേജ് പ്രിൻസിപ്പാളുമായ ഡോ കെ എം കുര്യാക്കോസും മെഡിക്കൽ ബോർഡ് കൺവീനറും ആശുപത്രി സൂപ്രണ്ടുമായ ഡോ കെ സുദീപും അറിയിച്ചു.
Published by:
Anuraj GR
First published:
January 27, 2021, 8:49 PM IST