മലപ്പുറം: സ്പൈനൽ മസ്കുലർ അട്രോഫി ചികിത്സ തുടങ്ങുന്നതിന് മുൻപേ ജീവൻ വെടിഞ്ഞ ഇമ്രാന്റെ ചികിത്സ സഹായ നിധിയിയിലേക്ക് ലഭിച്ചത് 16 കോടി 26 ലക്ഷത്തി 66482.46 രൂപ . ഇമ്രാന്റ അച്ഛൻ ആരിഫ് ആണ് കണക്കുകൾ വ്യക്തമാക്കിയത്. പണം നൽകിയവരുടെ അക്കൗണ്ടുകളിലേക്ക് തന്നെ തുക തിരിച്ച് നൽകണം എന്ന് ആണ് തൻ്റെ വ്യക്തിപരമായ അഭിപ്രായം എന്ന് ആരിഫ് പറഞ്ഞു. പക്ഷേ ഇക്കാര്യത്തിൽ ചികിത്സ സഹായ സമിതി യോഗം ചേർന്ന് അന്തിമ തീരുമാനം എടുക്കും എന്നും ആരിഫ് പറഞ്ഞു.
ആരിഫിൻ്റെ വാക്കുകൾ ഇങ്ങനെ, " ആദ്യമായി നന്ദി പറയുക ആണ്.. ഒരുപാട് ബുദ്ധിമുട്ടി ആളുകൾ ഒക്കെ സഹകരിച്ചു, നല്ലോരു സംഖ്യ അതായത് 16 കോടി 26 ലക്ഷത്തി 66482.46 രൂപ . ഇത്രയും ദിവസം അക്കൗണ്ടിൽ വന്ന പൈസ ആണ്. ഇനി എല്ലാവർക്കും അറിയാൻ ഉള്ളത് ഈ തുക എന്താണ് ചെയ്യുന്നത് എന്നാണ്.. ഇമ്രാൻ പോയല്ലോ.. അത് എന്താണ് ചെയ്യേണ്ടത് എന്നതിൽ എൻ്റെ വ്യക്തിപരമായ അഭിപ്രായം , അത് തുക വന്ന അക്കൗണ്ടുകളിലേക്ക് തിരിച്ച് കൊടുക്കാം എന്ന് ആണ്..അത് ഇവൻ ഇവിടെ ഇല്ല, ഇവന് വേണ്ടി സ്വരൂപിച്ച പൈസ ആണ്..അത് ഉപയോഗിക്കാൻ കഴിഞ്ഞില്ല..ഇത് എൻ്റെ വ്യക്തിപരമായ അഭിപ്രായം ആണ്. പക്ഷേ അന്തിമ തീരുമാനം ചികിത്സ സഹായ കമ്മിറ്റി തീരുമാനിക്കും.
ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ കേസ് നടക്കുന്നുണ്ട്.. വക്കീലിനോട് കൂടി ആലോചിച്ച് വേണം അക്കാര്യം തീരുമാനിക്കാൻ.. പിന്നെ അത് പോലെ സമാനമായ സംഭവങ്ങൾക്ക് ഉപയോഗിക്കണം എന്ന് ആണ് മറ്റൊരു അഭിപ്രായം. ഇത് വരെ 100 കോടി രൂപയുടെ എങ്കിലും സഹായ അഭ്യർത്ഥന എനിക്ക് മാത്രം വന്നിട്ടുണ്ട്.. സമിതിയിൽ ഉള്ളവർക്ക് ഇത് പോലെ വന്നിട്ടുണ്ടാകും.. ഇത്രയും അപേക്ഷകൾ , അഭ്യർത്ഥനകൾ പരിഗണിക്കാൻ ഇപ്പൊൾ ഉള്ള തുക കൊണ്ട് കഴിയില്ല. എന്തായാലും ഈ തുക എന്ത് ചെയ്യണം എന്ന് സഹായ സമിതി ആലോചിച്ച് തീരുമാനിക്കും. എത്രയും വേഗം തന്നെ അറിയിക്കും... ഇപ്പോഴും എനിക്ക് പറയാൻ ഉള്ളത് സർക്കാർ ഇങ്ങനെ ഉള്ള രോഗങ്ങളിൽ ഇടപെടൽ നടത്തണം എന്ന് തന്നെ ആണ് "
മങ്കട എംഎൽഎ മഞ്ഞളാംകുഴി അലി ആണ് ചികിത്സ സഹായ സമിതിയുടെ ചെയർമാൻ. അദ്ദേഹം നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കുന്ന സാഹചര്യത്തിൽ ശനിയാഴ്ചയോടെ ആകും സഹായ സമിതി യോഗം ചേരുക എന്നാണ് സൂചന. ചൊവ്വാഴ്ച രാത്രി ആണ് ആറു മാസം പ്രായമുള്ള ഇമ്രാൻ കോഴിക്കോട് മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിൽ ചികിത്സയിലിരിക്കെ മരിച്ചത്. കഴിഞ്ഞ നാല് മാസമായി ഇവിടെ വെൻ്റിലേറ്ററിൽ ആയിരുന്നു ഇമ്രാൻ. സ്പൈനൽ മസ്കുലർ അട്രോഫി രോഗിയായ കുഞ്ഞിൻ്റെ ചികിത്സക്ക് വേണ്ട മരുന്നിന് 18 കോടി രൂപ ആയിരുന്നു വേണ്ടത്. അതിൽ 16,26,66482.46 രൂപ ക്രൗഡ് ഫണ്ടിംഗിലൂടെ കണ്ടെത്തിയിരുന്നു.
ആരിഫിൻ്റെ മൂന്നാമത്തെ കുഞ്ഞ് ആയിരുന്നു ഇമ്രാൻ. രണ്ടാമത്തെ പെൺകുട്ടി ലിയാന ഇതേ രോഗം ബാധിച്ച് ജനിച്ച് 72 ദിവസം കഴിഞ്ഞപ്പോൾ മരിച്ചിരുന്നു. ഇമ്രാനെ രക്ഷിക്കാനുള്ള പരിശ്രമത്തിൽ ആയിരുന്നു ആരിഫ്. മരുന്നിനുള്ള ഭീമമായ തുക സ്വന്തം നിലയിൽ കണ്ടെത്താനാവാതെ വന്നപ്പോൾ സഹായം തേടി ഹൈക്കോടതിയിൽ ഹർജി നൽകി. കുഞ്ഞിന്റെ ആരോഗ്യസ്ഥിതി പരിശോധിക്കാൻ മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ കോടതി നിർദേശിച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.