• HOME
  • »
  • NEWS
  • »
  • kerala
  • »
  • ഇമ്രാന്റെ ചികിത്സക്ക് വേണം 18 കോടി രൂപയുടെ വാക്സിൻ; സ്പൈനൽ മസ്കുലാർ അട്രൊഫി നേരിട്ട് ആറുമാസം പ്രായമുള്ള കുട്ടി

ഇമ്രാന്റെ ചികിത്സക്ക് വേണം 18 കോടി രൂപയുടെ വാക്സിൻ; സ്പൈനൽ മസ്കുലാർ അട്രൊഫി നേരിട്ട് ആറുമാസം പ്രായമുള്ള കുട്ടി

മലപ്പുറം മങ്കട വലമ്പൂർ സ്വദേശി ആരിഫിൻ്റെ മകൻ ഇമ്രാൻ മൂന്ന് മാസമായി കോഴിക്കോട് മെഡിക്കൽ കോളേജിൽ വെൻറിലേറ്ററിലാണ്

ഇമ്രാൻ

ഇമ്രാൻ

  • Share this:
ആറു മാസം പ്രായമുള്ള കുഞ്ഞിൻ്റെ ജീവൻ രക്ഷിക്കാൻ വേണ്ടത് 18 കോടിയോളം രൂപ വില വരുന്ന മരുന്ന്. സ്പൈനൽ മസ്കുലാർ അട്രൊഫി എന്ന അപൂർവ ജനിതക രോഗം ബാധിച്ച ഇമ്രാന്റെ ജീവൻ രക്ഷിക്കാൻ സുമനസ്സുകളുടെ സഹായം കൂടിയേ തീരൂ. മലപ്പുറം മങ്കട വലമ്പൂർ സ്വദേശി ആരിഫിന്  മകൻ്റെ ചികിത്സക്ക് വേണ്ടി ഇത്രയും തുക ഒറ്റക്ക് കണ്ടെത്താൻ ആകില്ല.

സ്പൈനൽ മസ്കുലാർ അട്രൊഫി അഥവാ എസ് എം എ എന്ന പേശികൾ ശോഷിക്കുന്ന അതീവ ഗുരുതരമായ അവസ്ഥയിലൂടെ കടന്നു പോവുകയാണ് കുഞ്ഞ്. ജനിച്ച് ദിവസങ്ങൾക്കുള്ളിൽ പ്രശ്നങ്ങൾ കണ്ട ആരിഫ്  കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏറെ പരിശോധനകൾക്ക് ശേഷമാണ് ഗുരുതര ജനിതക രോഗമാണെന്ന് കണ്ടെത്തിയത്.

ചികിത്സാ ചെലവ് കോടികൾ ആണെന്ന് അറിഞ്ഞ ആരിഫ് സർക്കാരിനെ സമീപിച്ചു, സർക്കാർ ചെലവിൽ ചികിത്സ ലഭ്യമാക്കണം എന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു. പരാതി  കോടതിയുടെ പരിഗണനയിലാണ്. ഇപ്പൊൾ മൂന്ന് മാസത്തിലേറെയായി കോഴിക്കോട് മെഡിക്കൽ കോളേജിൽ വെൻ്റിലേറ്ററിലാണ് ഇമ്രാൻ.

വിദേശത്ത് നിന്നും വേണം വാക്സിൻ എത്തിക്കാൻ. എത്രയും നേരത്തെ ആയാൽ അത്രയും നല്ലത്. മൂന്നര വർഷം മുൻപ് ഒരു കുഞ്ഞിനെ ഇതേ രീതിയിൽ നഷ്ടമായ ആരിഫിനും  കുടുംബത്തിനും ഇനി ഒരു ദുരന്തം അതിജീവിക്കാനാകില്ല. അതിനായി ലോകത്തിന് മുൻപിൽ കൈ കൂപ്പുകയാണ് ഇവർ.

"ഇത് ഒരു ജനിതക രോഗമാണ്.എസ് എം എൻ 1 എന്ന ജീനിൻ്റെ തകരാറ് കാരണമാണ് ഈ അവസ്ഥ. ഈ വാക്സിൻ കുത്തിവെക്കുകയാണ് പ്രയോജനപ്പെടുന്ന ചികിത്സ. വാക്സിൻ കിട്ടിയാൽ ഒരു മണിക്കൂർ മതി. ഇത് ജീൻ തെറാപ്പിയാണ്. രണ്ടേകാൽ മില്യൺ യു എസ് ഡോളർ ആണ് ഇതിൻ്റെ വില. ജീനിൻെറ കോപ്പി ശരീരത്തിൽ കുത്തിവെക്കുകയാണ് രീതി. ഇത് ടൈപ്പ് വൺ ഗണത്തിൽ ഉള്ള അസുഖം ആണ്. അതിനാൽ പെട്ടെന്ന് ചികിത്സ നൽകേണ്ടതുണ്ട്. വൈകുന്തോറും അപകടം കൂടും. ഇതിനായി പല മരുന്നുകളും ഉണ്ട്. അതിന് പക്ഷേ വർഷം ഒരു കോടിയിലേറെ ചെലവ് വരും. പക്ഷേ ജീവിതകാലം മുഴുവൻ ചികിത്സ നടത്തേണ്ടി വരും. നിത്യരോഗിയാകും. കുത്തിവെപ്പാണെങ്കിൽ ഒരിക്കൽ മാത്രം മതി. ഇത്രയും പണം ക്രൗഡ്ഫണ്ടിഗിലൂടെ മാത്രമേ കണ്ടെത്താൻ കഴിയൂ. എല്ലാവരും സഹായിക്കണം," ആരിഫ് പറഞ്ഞു.

സ്ഥലം എംഎൽഎ മഞ്ഞളാംകുഴി അലിയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും നാട്ടുകാരും ഇമ്രാന് വേണ്ടി പരിശ്രമങ്ങളുടെ ഒപ്പമുണ്ട്. പണം ലഭ്യമാക്കാൻ മങ്കട ഫെഡറൽ ബാങ്കിൽ അക്കൗണ്ടും തുടങ്ങിയിട്ടുണ്ട്.
കുരുന്നു ജീവന് രക്ഷിക്കാൻ കോടികൾ സമാഹരിക്കുക എന്നത് അസാധ്യം അല്ലെന്ന് കേരളം തെളിയിച്ചതാണ്. ഒരു രൂപ പോലും ചെറിയ തുക അല്ല. കണ്ണൂരിലെ മുഹമ്മദിന് വേണ്ടി നാട് ഒരുമിച്ചപ്പോൾ സംഭവിച്ച അത്ഭുതം ഇവിടെയും ആവർത്തിച്ചാലേ ഈ കുരുന്നിനെ ജീവിതത്തിലേക്ക് കൈപിടിച്ച് കൊണ്ടുവരാനാകൂ.

ബാങ്ക് വിവരങ്ങൾ:
NAME: ARIF
BANK: FEDERAL BANK
ACCOUNT NUMBER: 16320100118821
BRANCH: MANKADA
IFSC CODE: FDRL0001632
GOOGLE PAY/PAYTM NO:8075393563
CONTACT  NUMBER : 8075393563
Published by:user_57
First published: