HOME /NEWS /Kerala / ഇമ്രാന്റെ ചികിത്സ സഹായ നിധി; പണം എന്ത് ചെയ്യണമെന്ന് നിശ്ചയിക്കാൻ പൊതുജനാഭിപ്രായം തേടും

ഇമ്രാന്റെ ചികിത്സ സഹായ നിധി; പണം എന്ത് ചെയ്യണമെന്ന് നിശ്ചയിക്കാൻ പൊതുജനാഭിപ്രായം തേടും

Imran_Arif

Imran_Arif

കുഞ്ഞിൻ്റെ ചികിത്സക്ക് വേണ്ടി ഇത് വരെ ചെലവായ പണം ഇതിൽ നിന്നും എടുക്കില്ല എന്നും ആരിഫ് പറഞ്ഞു

 • Share this:

  മലപ്പുറം: സ്‌പൈനൽ മസ്കുലാർ അട്രോഫി രോഗത്തിന് ചികിത്സയിലിരിക്കെ മരിച്ച ഇമ്രാന് ലഭിച്ച ധന സഹായം എന്ത് ചെയ്യണം എന്ന് അറിയാൻ പൊതു ജനാഭിപ്രായം തേടുമെന്ന് ഇമ്രാന്റെ പിതാവ് ആരിഫ്. കഴിഞ്ഞ ദിവസം ചികിത്സ സഹായ സമിതി യോഗം ചേർന്നിരുന്നു. മൂന്ന് അഭിപ്രായം ആണ് യോഗത്തിൽ ഉയർന്നത്. ഇതേ രോഗം അനുഭവിക്കുന്നവർക്ക് നൽകുക, സർക്കാർ ആശുപത്രികളിൽ കെട്ടിടം നിർമിക്കാൻ മാറ്റി വയ്ക്കുക, ജനിതക രോഗങ്ങളുടെ പരിശോധനയ്ക്കും ചികിത്സക്കും വേണ്ടി മാത്രം സൗകര്യം ഒരുക്കാൻ ഉപയോഗിക്കുക. സാമൂഹ്യ മാധ്യമങ്ങൾ വഴി സർവേ നടത്തി ആകും ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക എന്നും ഇത് ഹൈക്കോടതിയെ അറിയിക്കും എന്നും ആരിഫ് ന്യൂസ് 18 നോടു പറഞ്ഞു.

  ആരിഫിൻ്റെ വാക്കുകളിലേക്ക്." 16.60 കോടി രൂപ ആണ് ഇന്നലെ വരെ ഇമ്രാന്റെ ചികിത്സ സഹായ നിധിയിലേക്ക് ലഭിച്ചിട്ടുള്ളത്. ഈ തുക തന്ന ആളുകൾക്ക് തന്നെ തിരിച്ചു നൽകാം എന്ന് ഞാൻ നേരത്തെ വ്യക്തിപരമായി അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ ഇന്നലെ യോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്തപ്പോൾ പ്രധാനമായി മൂന്ന് കാര്യങ്ങളാണ് ഉയർന്നത്. ഈ തുക ഇതേ രോഗത്താൽ ദുരിതം അനുഭവിക്കുന്ന ആളുകൾക്ക് നൽകുക എന്നത് ആയിരുന്നു ഒന്നാമത്തെ നിർദേശം. പക്ഷേ ഹൈക്കോടതിയിൽ സർക്കാർ നൽകിയ രേഖകൾ പ്രകാരം 102 പേരോളം ഇതേ അസുഖത്താൽ വലയുന്നുണ്ട്. അത്രയും ആളുകൾക്ക് ഈ തുക വീതിച്ച് നൽകിയാൽ ഓരോരുത്തർക്കും അത് എത്രമാത്രം ഉപകാരപ്പെടും എന്ന് പറയാൻ ആകില്ല. ഈ തുക കൊണ്ട് സർക്കാർ ആശുപത്രികളിൽ കെട്ടിടം നിർമിക്കാൻ ആണ് മറ്റൊരു നിർദേശം. പക്ഷേ അത് സർക്കാർ നിലവിൽ ചെയ്യുന്ന കാര്യം ആണ്. മൂന്നാമത്തെ നിർദേശം ഈ തുക സ്പൈനൽ മസ്കുലാർ അട്രോഫി അടക്കം ഉള്ള ജനിതക രോഗങ്ങൾ കണ്ടെത്താനും ചികിത്സ നൽകാനും ഉള്ള സൗകര്യങ്ങൾ ഉള്ള ചികിത്സ കേന്ദ്രം തുടങ്ങാൻ വിനിയോഗിക്കണം എന്ന് ആണ്. അതിന് സർക്കാർ സഹായം കൂടി വേണ്ടി വരും. ചുരുങ്ങിയ ചെലവിൽ പരിശോധനയും ചികിത്സയും നൽകാൻ ഇവിടെ സാഹചര്യം ഒരുക്കണം. ഈ മൂന്ന് നിർദേശങ്ങൾ പൊതു ജനങ്ങൾക്ക് മുമ്പിൽ വെക്കും. ഭൂരിപക്ഷം എന്ത് തീരുമാനിക്കും എന്നതിൻ്റെ അടിസ്ഥാനത്തിൽ മറ്റ് കാര്യങ്ങൾ നിശ്ചയിക്കും. "- ആരിഫ് പറഞ്ഞു.

  Also Read- 'കുഞ്ഞു ഇമ്രാന് ലഭിച്ച ചികിത്സ സഹായ സംഖ്യ തന്നവർക്ക് തന്നെ തിരിച്ച് കൊടുക്കണമെന്ന് ആഗ്രഹം': പിതാവ് ആരിഫ്

  നമ്മുടെ നഗരത്തിൽ (കോഴിക്കോട്)

  കുഞ്ഞിൻ്റെ ചികിത്സക്ക് വേണ്ടി ഇത് വരെ ചെലവായ പണം ഇതിൽ നിന്നും എടുക്കില്ല എന്നും ആരിഫ്. " നമ്മുടെ കുഞ്ഞുങ്ങൾക്ക് അസുഖം വന്നാൽ നമ്മൾ ആശുപത്രിയിൽ കൊണ്ട് പോകും, ചികിത്സ നടത്തും... അതിന് ചെലവായ പണം എന്തായാലും ഈ ഫണ്ടിൽ നിന്നും എടുക്കുന്നില്ല "- ആരിഫ് പറഞ്ഞു.

  ഒൻപതാം തീയതി ആണ് ഹൈക്കോടതി വീണ്ടും കേസ് എടുക്കുന്നത്. ചികിത്സക്ക് ലഭിച്ച പണം എന്ത് ചെയ്യും എന്ന് അപ്പോൾ കോടതിയെ അറിയിക്കും. ഏഴാം തീയതിയോടെ എല്ലാ കാര്യങ്ങളും തീരുമാനിക്കുമെന്നും ആരിഫ് പറഞ്ഞു.

  ജൂലായ് 13 നാണ്  ആറു മാസം പ്രായമുള്ള ഇമ്രാൻ കോഴിക്കോട് മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിൽ ചികിത്സയിലിരിക്കെ  മരിച്ചത്. കഴിഞ്ഞ നാല് മാസമായി ഇവിടെ വെൻ്റിലേറ്ററിൽ  ആയിരുന്നു ഇമ്രാൻ. സ്പൈനൽ മസ്കുലർ അട്രോഫി രോഗിയായ കുഞ്ഞിൻ്റെ ചികിത്സക്കുള്ള മരുന്നിന് 18 കോടി രൂപ ആയിരുന്നു വേണ്ടത്. ആ സമയത്ത് 16 കോടി 26 ലക്ഷത്തി 66482.46 രൂപ ക്രൗഡ് ഫണ്ടിംഗിലൂടെ കണ്ടെത്തിയിരുന്നു. ആരിഫിൻ്റെ മൂന്നാമത്തെ കുഞ്ഞ് ആയിരുന്നു ഇമ്രാൻ. രണ്ടാമത്തെ പെൺകുട്ടി ലിയാന ഇതേ രോഗം ബാധിച്ച് ജനിച്ച് 72 ദിവസം കഴിഞ്ഞപ്പോൾ മരിച്ചിരുന്നു.

  ഇമ്രാനെ രക്ഷിക്കാനുള്ള പരിശ്രമത്തിൽ ആയിരുന്നു ആരിഫ്. മരുന്നിനുള്ള ഭീമമായ തുക സ്വന്തം നിലയിൽ കണ്ടെത്താനാവാതെ വന്നപ്പോൾ സഹായം തേടി ഹൈക്കോടതിയിൽ ഹർജി നൽകി. കുഞ്ഞിന്റെ ആരോഗ്യസ്ഥിതി പരിശോധിക്കാൻ മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ കോടതി നിർദേശിച്ചിരുന്നു.

  First published:

  Tags: SMA Medicine Price, Spinal muscular atrophy