• HOME
  • »
  • NEWS
  • »
  • kerala
  • »
  • ദേശീയപാതയിൽ വന്‍ കഞ്ചാവ് വേട്ട; കാറില്‍ കടത്താന്‍ ശ്രമിച്ച 175 കിലോ കഞ്ചാവുമായി രണ്ട് പേര്‍ പിടിയിൽ

ദേശീയപാതയിൽ വന്‍ കഞ്ചാവ് വേട്ട; കാറില്‍ കടത്താന്‍ ശ്രമിച്ച 175 കിലോ കഞ്ചാവുമായി രണ്ട് പേര്‍ പിടിയിൽ

കാറില്‍ കടത്താന്‍ ശ്രമിച്ച 175 കിലോ കഞ്ചാവുമായി രണ്ട് പേര്‍ പരപ്പനങ്ങാടി എക്‌സൈസിന്റെ പിടിയിലായി

പിടിയിലായവർ, പിടിച്ചെടുത്ത കഞ്ചാവ്

പിടിയിലായവർ, പിടിച്ചെടുത്ത കഞ്ചാവ്

  • Share this:
    ദേശീയപാതയിൽ മലപ്പുറം ജില്ലയിലെ തലപ്പാറ ഭാഗത്ത് വന്‍ കഞ്ചാവ് വേട്ട. കാറില്‍ കടത്താന്‍ ശ്രമിച്ച 175 കിലോ കഞ്ചാവുമായി രണ്ട് പേര്‍ പരപ്പനങ്ങാടി എക്‌സൈസിന്റെ പിടിയിലായി. ചേലേമ്പ്ര സ്വദേശി പാലശേരി ഫിറോസ് എന്ന ഹസ്സന്‍ കുട്ടി, ഫറോക്ക് പെരുമുഖം സ്വദേശി മണ്ണാന്‍ കണ്ടി വീട്ടില്‍ അബ്ദുള്‍ ഖാദര്‍ എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം എട്ട് കിലോ കഞ്ചാവുമായി രണ്ട് പേരെ പെരുവള്ളൂരില്‍ നിന്നും എക്‌സൈസ് പിടികൂടിയിരുന്നു. ഈ പ്രതികളിലൂടെയാണ് കഞ്ചാവ് മൊത്തവിതരണം നടത്തുന്ന സംഘത്തെ ഇപ്പോള്‍ എക്‌സൈസ് വലയിലാക്കിയിരിക്കുന്നത്.

    തലപ്പാറയില്‍ ഉച്ചയോടെണ് കഞ്ചാവ് കടത്ത് സംഘത്തെ പരപ്പനങ്ങാടി എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ സാബു ആര്‍. ചന്ദ്രയുടെ നേതൃത്വത്തിലുള്ള സംഘം വലയിലാക്കിയത്. രണ്ടു കിലോ പാക്കറ്റുകളാക്കിയ 175 കിലോ കഞ്ചാവാണ് ഇവരെത്തിയ കാറില്‍ നിന്നും പിടിച്ചെടുത്തത്. സംഘം എത്തിയ വാഹനം എക്‌സൈസ് തടഞ്ഞെങ്കിലും ഇവര്‍ തൊട്ടടുത്ത പ്രദേശത്തേക്ക് കാറ് കയറ്റി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച രണ്ട് പേരെയും എക്‌സൈസ് പിടികൂടുകയായിരുന്നു. ആന്ധ്ര പ്രദേശത്തില്‍ നിന്ന് എത്തിക്കുന്ന കഞ്ചാവ് ജില്ലയിലെ വിവിധ ഇടങ്ങളില്‍ മൊത്തവിതരണം നടത്തുകയാണ് ഇവരുടെ രീതി.



    കഴിഞ്ഞ ദിവസം പെരുവള്ളൂരില്‍ നിന്ന് എട്ട് കിലോ കഞ്ചാവുമായി രണ്ട് പേര്‍ എക്‌സൈസിന്റെ പിടിയിലായിരുന്നു. കടപ്പടി സ്വദേശികളായ പൂവത്തൊടി അബ്ദുള്‍ സമദ്, തടത്തില്‍കുണ്ട് സുലൈമാന്‍ എന്നിവരാണ് അറസ്റ്റിലായിരുന്നത്. ഇവര്‍ക്ക് കഞ്ചാവ് ലഭിക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ തുടരന്വേഷണമാണ് മൊത്തവിതരണക്കാരെ കുടുക്കാൻ സഹായിച്ചത്. പ്രതികളുമായി ബന്ധമുള്ള കൂടുതല്‍ കഞ്ചാവ് കടത്ത് സംഘത്തെ വരും ദിവസങ്ങളില്‍ പിടികൂടാനാകുമെന്നും എക്‌സൈസ് പറഞ്ഞു.

    ഇന്‍സ്‌പെക്ടര്‍ക്ക് പുറമെ പ്രിവന്റീവ് ഓഫീസര്‍മാരായ ടി. പ്രജോഷ് കുമാര്‍, പ്രദീപ് കുമാര്‍ കെ, മുരളീധരന്‍ പി., സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ശിഹാബുദ്ദീന്‍ കെ., നിതന്‍ ചോമാരി, അരുണ്‍ പി., ജയകൃഷ്ണന്‍ എ., വനിത ഓഫീസര്‍മാരായ സിന്ധു പി., സ്മിത കെ. എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.

    Summary: Excise department foiled the bid to smuggle 175 kilos of cannabis from the Thalappara area of Malappuram along the NH 17 route. Two men landed in excise net while attempting to transport several two kilogram packets of cannabis in a car. 
    Published by:user_57
    First published: