ആലപ്പുഴ: വിദ്വേഷ പ്രസംഗം (Hate Speech) നടത്തിയ പി സി ജോര്‍ജ് (PC George) വായ തുറക്കുന്നത് നുണ പറയാനും ഭക്ഷണം കഴിക്കാനും മാത്രമാണെന്ന് എസ്എന്‍ഡിപി (SNDP) ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ (Vellappally Natesan). ചലച്ചിത്ര താരം ജഗതി ശ്രീകുമാറിന്റെ മകളെ മകനെക്കൊണ്ട് വിവാഹം കഴിപ്പിച്ച് മതം മാറ്റിച്ചയാളാണ് പി സി ജോര്‍ജെന്നും വെള്ളാപ്പള്ളി വിമർശിച്ചു.
ജഗതിയുടെ മകളുടെ പാര്‍വതിയെന്ന പേര് അല്‍ഫോന്‍സയാക്കി മാറ്റി. ഇത്രത്തോളം മത വര്‍ഗീയത ആര്‍ക്കുണ്ടെന്നും വെള്ളാപ്പള്ളി നടേശന്‍ ചോദിച്ചു. പി സി ജോര്‍ജ് വാര്‍ത്തകള്‍ സൃഷ്ടിക്കാന്‍ വാ തുറക്കുന്ന ആളാണ്. അദ്ദേഹം തോന്നുന്നത് പോലെ എല്ലാവരെയും തള്ളി പറയുമെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.
പോപ്പുലര്‍ ഫ്രണ്ട് റാലിയിലെ പ്രകോപന മുദ്രാവാക്യത്തെ കുറിച്ചും വെള്ളാപ്പള്ളി പ്രതികരിച്ചു. മത സൗഹാര്‍ദം ഊട്ടി ഉറപ്പിച്ച് എല്ലാവരും സ്നേഹത്തില്‍ കഴിയുന്ന നാടാണ് ആലപ്പുഴ. അവിടെ നടന്ന പോപ്പുലര്‍ ഫ്രണ്ട് സമ്മേളനത്തില്‍ കുട്ടി വിളിച്ച മുദ്രാവാക്യങ്ങള്‍ ആര്‍ക്കും പറയാനാവാത്ത കാര്യങ്ങളാണ്. കുട്ടി നിഷ്‌കളങ്കനാണ്, അവനെ അത് വിളിക്കാന്‍ പഠിപ്പിച്ചവരാണ് കുറ്റക്കാരെന്നും അവരുടെ നടപടി കേരളത്തിനും ആലപ്പുഴക്കും വലിയ അപമാനമായി മാറിയെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ഇടത് സർക്കാറിന് വിമോചനസമരപ്പേടിയാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു. എയ്ഡഡ് സ്കൂൾ നിയമനം പി എസ് സിക്ക് വിടുന്നതിൽ എസ് എൻ ഡി പിക്ക് എതിർപ്പില്ല. വിമോചന സമരത്തെ ഭയക്കുന്നത് കൊണ്ടാകാം സർക്കാർ പി എസ് സിക്ക് വിടാത്തത്. പി എസ് സിക്ക് വിടണമെന്ന എസ് എൻ ഡി പി നിലപാടിൽ മാറ്റമില്ലെന്നും വെള്ളാപ്പള്ളി നടേശൻ മാധ്യമങ്ങളോട് വ്യക്തമാക്കി.
നാളെ ഹാജരാകാൻ പി സി ജോർജിന് വീണ്ടും പൊലീസിന്റെ നോട്ടീസ്; തൃക്കാക്കരയിൽ ബിജെപി പ്രചാരണത്തിന് പോകാനിരിക്കെവിദ്വേഷ പ്രസംഗം നടത്തിയ കേസിൽ ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ തുടർന്ന് ജയിൽമോചിതനായ പി സി ജോർജിന് വീണ്ടും പൊലീസിന്റെ നോട്ടീസ്. ഞായറാഴ്ച രാവിലെ 11ന് ഫോർട്ട് അസി. കമ്മീഷണർ ഓഫീസിൽ ഹാജരാകണമെന്നാണ് പൊലീസിൽ പറയുന്നത്. തൃക്കാക്കരയിൽ നാളെ ബിജെപിയുടെ പ്രചാരണത്തിനായി പോകാനിരിക്കെയാണ് അസി. കമ്മീഷണർ എസ്. ഷാജി നോട്ടിസ് അയച്ചത്.
തന്നെ ജയിലിലേക്ക് അയച്ച മുഖ്യമന്ത്രി പിണറായി വിജയന് നാളെ തൃക്കാക്കരയിൽ മറുപടി നൽകുമെന്ന് പി സി ജോർജ് വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ് നാളെ ഹാജരാകാൻ ആവശ്യപ്പെട്ട് പൊലീസ് നോട്ടിസ് നൽകിയത്. പൊലീസ് അന്വേഷണത്തോട് സഹകരിക്കണമെന്നാണ് ജാമ്യം നൽകുമ്പോൾ ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. കൂടുതൽ അന്വേഷണം നടത്താനായി ഹാജരാകാനാണ് ഫോർട്ട് പൊലീസ് നിർദേശിച്ചിരിക്കുന്നത്. ജാമ്യവ്യവസ്ഥയുടെ ലംഘനമാകുമെന്നതിനാൽ ഹാജരാകുന്നതിൽനിന്ന് ഒഴിവാകാൻ പി സി ജോർജിന് കഴിയില്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.