• HOME
 • »
 • NEWS
 • »
 • kerala
 • »
 • Snehapoorvam | അച്ഛനോ അമ്മയോ നഷ്ടപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ധനസഹായവുമായി സ്‌നേഹപൂര്‍വം പദ്ധതി

Snehapoorvam | അച്ഛനോ അമ്മയോ നഷ്ടപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ധനസഹായവുമായി സ്‌നേഹപൂര്‍വം പദ്ധതി

വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രതിമാസ ധനസഹായ പദ്ധതിയാണ് 'സ്നേഹപൂര്‍വം' പദ്ധതി

 • Last Updated :
 • Share this:
  തിരുവനന്തപുരം: അച്ഛനോ അമ്മയോ അല്ലെങ്കില്‍ ഇരുവരും മരണമടഞ്ഞതും നിര്‍ദ്ധനരുമായ കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കായി കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ മുഖേന നടപ്പിലാക്കുന്ന സ്‌നേഹപൂര്‍വം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.

  സര്‍ക്കാര്‍ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ബിരുദം, പ്രൊഫഷണല്‍ ബിരുദം പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രതിമാസ ധനസഹായ പദ്ധതിയാണ് 'സ്നേഹപൂര്‍വം' പദ്ധതി.

  വിദ്യാര്‍ത്ഥി പഠിക്കുന്ന സ്ഥാപനമേധാവി മുഖേന ഒക്ടോബര്‍ 27 മുതല്‍ അപേക്ഷ സമര്‍പ്പിക്കാം. മാതാപിതാക്കള്‍ രണ്ടുപേരും മരണപ്പെട്ട് തീര്‍ത്തും അനാഥരായ കുട്ടികള്‍ക്കും മാതാപിതാക്കളില്‍ ഒരാള്‍ മരണപ്പെട്ട് സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും. സ്വഭവനത്തിലോ ബന്ധുവീടുകളിലോ താമസിച്ച് വിദ്യാഭ്യാസം ചെയ്യാനുള്ള അവസരവും ഈ പദ്ധതി വഴി ലഭ്യമാക്കുന്നുണ്ട്.

  ഈ പദ്ധതി പ്രകാരമുള്ള ആനുകൂല്യം ലഭിക്കുന്നതിന് നിലവിലുള്ളവരും പുതിയ അപേക്ഷകരും അവര്‍ പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപന മേധാവി മുഖേന അപേക്ഷകള്‍ ഓണ്‍ലൈന്‍ ആയി അപ്ലോഡ് ചെയ്യണം.

  സ്ഥാപന മേധാവികള്‍ മുഖേനയല്ലാതെ നേരിട്ടയയ്ക്കുന്ന അപേക്ഷകള്‍ പരിഗണിക്കില്ല. ഓണ്‍ലൈന്‍ ആയി ഡിസംബര്‍ 15 നകം സമര്‍പ്പിക്കണം. വിശദവിവരം www.kssm.ikm.in ലും ടോള്‍ഫ്രീ നമ്പറായ 1800 120 1001 ലും ലഭിക്കും.

  അകക്കണ്ണിന്റെ വെളിച്ചത്തിൽ വിദ്യാഭ്യാസ മേഖലയിൽ പുത്തൻ മാതൃക തീർത്ത് ഹാറൂൺ കരീം

  കാഴ്ചയുടെ ലോകം അന്യമാണെങ്കിലും, കാഴ്ചയുള്ളവരേക്കാൾ ഉൾക്കാഴ്ച്ചയുള്ള മിടുക്കനാണ് മേലാറ്റൂർ സ്വദേശി ഹാറൂൺ കരീം. സംസ്ഥാനത്ത് ആദ്യമായി കമ്പ്യൂട്ടർ ഉപയോഗിച്ച് പത്താം തരം പരീക്ഷ എഴുതി, മുഴുവൻ വിഷയങ്ങളിലും എ+ വാങ്ങി ചരിത്രം കുറിച്ച ഹാറൂൺ ഇപ്പൊൾ മറ്റൊരു ദൗത്യത്തിലാണ്.

  ഹാറൂണിൻ്റെ വിദ്യാഭ്യാസ പരിശീലന സംരംഭം EDD Academi വ്യത്യസ്തമാകുന്നത് പല പല കാരണങ്ങളാലാണ്. ഹാറൂൺ തൻ്റെ സ്വപ്നങ്ങളുടെ പിന്നാലെ തന്നെയാണ്. സ്വയം വെട്ടിയ വഴിയേ, പക്ഷേ തനിയെ അല്ല. കൂട്ടിന് വേറെയും പ്രതിഭകൾ ഉണ്ട്.

  കഴിഞ്ഞ വർഷമാണ് ഹാറൂണും സുഹൃത്ത് ഡയാനയും ഇ.ഡി.ഡി. അക്കാദമി (youredd.online) എന്ന പേരിൽ ഒരു ഓൺലൈൻ വിദ്യാഭ്യാസ സംരംഭം തുടങ്ങിയത്. പിന്നാലെ  മൊബൈൽ ആപ്പും പുറത്തിറക്കി. സ്പോക്കൺ ഇംഗ്ലീഷ്, മാത്സ് ഫണ്ടെമൻ്റൽസ്, ഫണ്ടമൻ്റൽസ് സയൻസ് , കമ്പ്യൂട്ടർ കോഡിങ് തുടങ്ങിയ കോഴ്സുകളിലാണ് ഇപ്പൊൾ ഓൺലൈൻ കോച്ചിംഗ് നൽകുന്നത്. ഹാറൂൺ പറയും ഇതിലേക്ക് നടന്ന വഴികളെ പറ്റി:

  "ഇങ്ങനെ ഒരു സംരംഭം തുടങ്ങുന്നത് കഴിഞ്ഞ വർഷമാണ്. കോട്ടയം സ്വദേശിനിയായ വിദ്യാർഥിനി ഡയാനയാണ് കൂടെയുള്ളത്. ആദ്യം സംരംഭം തുടങ്ങാൻ വേണ്ട പണം കണ്ടെത്തുകയെന്നതായിരുന്നു വെല്ലുവിളി. അതിന് വേണ്ടി കംപ്യൂട്ടർ ലാംഗ്വേജ് ഡി കോഡിംഗ് ക്ലാസ്സുകൾ എടുത്തു. ചുരുങ്ങിയ ഫീസിലായിരുന്നു ഇത് എടുത്തത്. അങ്ങനെ സമ്പാദിച്ച 17,000 രൂപയാണ് സംരംഭത്തിന്റെ മുതൽമുടക്ക്."

  വിവിധ ലോക രാജ്യങ്ങളിൽ നിന്നുള്ളവരാണ് അധ്യാപകർ. ഓൺലൈൻ ആയി, തികച്ചും വ്യത്യസ്ത ശൈലിയിലാണ് അധ്യാപനം.

  "ഞങ്ങളുടെ കോഴ്സുകൾ വേറിട്ട തരത്തിലാണ്. അമേരിക്കയിലുള്ള ഒരാൾ അവിടെ ദൈനംദിന കാര്യങ്ങളിൽ ഭാഷ ഉപയോഗിക്കുന്ന ശൈലിയിൽ ഇംഗ്ലീഷ് പഠിപ്പിക്കുമ്പോൾ അത് എല്ലാ തരത്തിലും വേറിട്ട ഒന്ന് തന്നെ ആകുമല്ലോ. ഇങ്ങനെ വിവിധ ലോക രാജ്യങ്ങളിൽ നിന്നുള്ളവർ ഞങ്ങളുടെ സംരംഭത്തിൽ അധ്യാപകരാണ്. അതിൽ ഭിന്നശേഷിയുള്ളവർ ഉണ്ട്, ആസിഡ് ആക്രമണത്തെ അതിജീവിച്ചവരുണ്ട്. സമൂഹത്തിൻ്റെ പല പല തലങ്ങളിലുളളവർ ഉണ്ട്. അതുപോലെ വിദ്യാർത്ഥികളും. ആറു മുതൽ അറുപത് വയസ്സ് വരെ പ്രായമുളളവർ ഞങ്ങളുടെ കോഴ്സിൽ ഉണ്ട്."

  കോഴ്സുകൾ എല്ലാം ഉന്നത നിലവാരമുള്ളതാണ്. എന്നാൽ ഫീസ് നിരക്ക് കേട്ടാൽ ഞെട്ടും. ഇവർ വാങ്ങുന്ന ഏറ്റവും ഉയർന്ന ഫീസ് 2,500 രൂപ മാത്രമാണ്. പഠന കാലയളവ് കഴിഞ്ഞ് കോഴ്സ് ഉപകാരപ്രദമായില്ല എന്ന് ആർക്കെങ്കിലും തോന്നിയാൽ ഫീസ് മടക്കി കൊടുക്കയും ചെയ്യും.

  "ഏറ്റവും കുറഞ്ഞ നിരക്കിൽ ഉന്നത വിദ്യാഭ്യാസം എന്നതാണ് എൻ്റെ സ്വപ്നം. അതുകൊണ്ട് തന്നെ ഞങ്ങളുടെ ഫീസും വളരെ കുറവാണ്. കണക്കിൻ്റെയും സയൻസിൻ്റെയും അടിസ്ഥാനപരമായ കാര്യങ്ങളാണ് ഞങ്ങൾ ആ കോഴ്സുകളിലൂടെ നൽകുന്നത്. ഏതൊരാളെയും ഇംഗ്ലീഷ് സംസാരിക്കാൻ പര്യാപ്തനാക്കും വിധത്തിലാണ് സ്പോക്കൺ ഇംഗ്ലീഷ് കോഴ്സ്. അറിവ് ഏതൊരു പാവപ്പെട്ടവനും പ്രാപ്യമാകുന്നതാകണം. ഈ ഫീസ് തന്നെ വാങ്ങുന്നത് അധ്യാപകർക്ക് ശമ്പളം നൽകാൻ വേണ്ടി മാത്രമാണ്," ഹാറൂൺ പറയുന്നു.

  നിലവിൽ 650ലധികം പേർ ഇ.ഡി.ഡി. അക്കാദമി കോഴ്സുകൾ പൂർത്തിയാക്കി കഴിഞ്ഞു. കൂടുതൽ പേർ ചേർന്നുകൊണ്ടിരിക്കുന്നു. എന്താണ് സ്വപ്നം, ലക്ഷ്യം എന്നൊക്കെ ചോദിച്ചാൽ ഹാറൂൺ പറയുന്നതിങ്ങനെ: "നാലഞ്ച് വർഷങ്ങൾക്കുള്ളിൽ ഇ.ഡി.ഡി. അക്കാദമി ഗൂഗിൾ ഒക്കെ പോലെ സർവ കാര്യങ്ങളും സെർച്ച് ചെയ്തു എടുക്കാൻ പര്യാപ്തമായ ഒരു സംവിധാനമാക്കണം. കൂടുതൽ കൂടുതൽ കോഴ്സുകൾ തുടങ്ങണം. കൂടുതൽ നാടുകളിൽ നിന്ന് വിദ്യാർത്ഥികളേയും അധ്യാപകരെയും കണ്ടെത്തണം."

  ഈ അധ്യാപനത്തിനും കോഴ്സ് മാനേജ്മെൻ്റിനും ഒപ്പം ഹാറൂണിൻെറ പഠനവും നടക്കുന്നുണ്ട്. കോഴിക്കോട് ഇൻ്റർനാഷണൽ ബാക്ക്ലോഡിംഗ് ഡിപ്ലോമ എന്ന ഗ്ലോബൽ സിലബസിൽ പ്ലസ് ടുവിന് പഠിക്കുകയാണ് ഹാറൂൺ. വിദേശ സർവകലാശാലകളിൽ ഉന്നത പഠനത്തിന് അവസരം നൽകുന്നതാണ് ഈ കോഴ്സ്. ഹാറൂൺ ഉയരങ്ങളിലേക്ക് നടന്നു കയറുകയാണ്, ഉൾക്കാഴ്ചയുടെ പ്രകാശത്തിൽ തനിയെ വഴി വെട്ടി, മറ്റുള്ളവർക്ക് വഴി തെളിച്ചും.
  Published by:Karthika M
  First published: