സോഷ്യൽമീഡിയയിലെ ഒറ്റ ആഹ്വാനത്തിലൂടെ ഹർത്താൽ വരെ നടന്ന നാടാണ് കേരളം. ആർക്കും ആരെപ്പറ്റിയും സോഷ്യൽമീഡിയയിലൂടെ എന്തും പറയാമെന്ന അവസ്ഥയാണ്. പ്രചരിക്കുന്ന ഒന്നിനും നാഥൻ വേണമെന്ന് നിർബന്ധമില്ലെന്ന് ചുരുക്കം. സോഷ്യൽമീഡിയയിലൂടെയുള്ള നുണപ്രചരണത്തിന്റെ ഏറ്റവും ഒടുവിലത്തെ ഇരകളാണ് ഈ മാസം നാലിന് വിവാഹിതരായ കണ്ണൂർ ചെറുപുഴ സ്വദേശികളായ അനൂപ് പി സെബാസ്റ്റ്യനും ജൂബി ജോസഫും.
'വധുവിന് പ്രായം 48, വരന് 25, പെണ്ണിന് ആസ്തി 15 കോടി, 101 പവൻ സ്വർണവും 50 ലക്ഷം രൂപയും സ്ത്രീധനം'... അനൂപിന്റെയും ജൂബിയുടെയും പത്രത്തിലെ വിവാഹപരസ്യചിത്രം ഉപയോഗിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാചകങ്ങളാണിത്. പലരും കഥയറിയാതെ വീണ്ടും വീണ്ടും ഷെയർ ചെയ്തു. വധുവിന് പ്രായക്കൂടുതൽ ഉണ്ടെന്നും സ്വത്ത് കണ്ടാണ് വരൻ വിവാഹത്തിന് തയാറായതെന്നുമുള്ള കമന്റുകളോടെയാണ് അതിവേഗം ഇത് പ്രചരിക്കപ്പെട്ടത്.
ശരീരത്തിന്റെയോ നിറത്തിന്റെയോ വസ്ത്രത്തിന്റെയും ഒക്കെ പേരിൽ സമൂഹമാധ്യമങ്ങളിൽ ഇതിനോടകം തന്നെ പലരും ഇരകളായിട്ടുണ്ട്. പണം മോഹിച്ചാണ് സുന്ദരനായ വരൻ പ്രായം കൂടിയ വധുവിനെ വിവാഹം കഴിച്ചതെന്നും പണം കണ്ടപ്പോൾ ചെറുക്കന്റെ കണ്ണ് മഞ്ഞളിച്ചുവെന്നും സമൂഹമാധ്യമങ്ങളിലെ ഒരു വിഭാഗം വാർത്ത ചമച്ചു. നെറികെട്ട ഭാഷയിലുള്ള അധിക്ഷേപങ്ങളാണ് ഇവര്‍ക്കെതിരെ പടച്ചുവിട്ടത്. ഇത്തരം വ്യാജ വാർത്തകൾ ഏറ്റവുമധികം വേദനിപ്പിച്ചത് വധുവിന്റെയും വരന്റെയും ബന്ധുക്കളെയും സുഹൃത്തുക്കളെയുമാണ്. വീട്ടുകാരുടെ സമ്മതത്തോടെ നിയമാനുസൃതം പള്ളിയിൽ വച്ച് വിവാഹിതരായ ദമ്പതിമാർക്കാണ് ഈ നുണപ്രചരണം നേരിടേണ്ടിവന്നത്.
ചെറുപുഴയില്‍ കേറ്ററിംഗ് സ്ഥാപനം നടത്തുന്ന അനൂപ് സെബാസ്റ്റ്യാനും ജൂബി ജോസഫും തമ്മിലുള്ള വിവാഹത്തിനുശേഷമാണ് അനാരോഗ്യകരമായ സൈബര്‍ ആക്രമണം നടന്നത്. പഞ്ചാബ് യൂണിവേഴ്‌സിറ്റിയും പഠിക്കുമ്പോൾ പ്രണയബന്ധിതരായ അനൂപും ജൂബിയും ഫെബ്രുവരി നാലിനാണ് വിവാഹിതരായത്. സോഷ്യൽമീഡിയ പ്രചരണം അതിരുവിട്ടതോടെ ഈ പ്രചരണങ്ങളെല്ലാം കള്ളമാണെന്ന് വ്യക്തമാക്കി രംഗത്ത് വന്നിരിക്കുകയാണ് കോ പൈലറ്റായ അനൂപ്. ഇരുവരും ഒരുമിച്ച് പഠിച്ചവരും ജോലി ചെയ്യുന്നവരുമാണ്. ജൂബിയെക്കാൾ രണ്ട് വയസ്സ് കൂടുതലുണ്ട് അനൂപിന്. സോഷ്യൽ മീഡിയയിൽ തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ സൈബർ സെല്ലിൽ പരാതി നൽകിയതായി അനൂപിനോട് അടുത്ത വൃത്തങ്ങൾ അറിയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.