HOME /NEWS /Kerala / സോഷ്യൽ മീഡിയ: ആദ്യം 'തള്ളി' ക്കൊല്ലും പിന്നെ 'തല്ലി'ക്കൊല്ലും!

സോഷ്യൽ മീഡിയ: ആദ്യം 'തള്ളി' ക്കൊല്ലും പിന്നെ 'തല്ലി'ക്കൊല്ലും!

  • News18 India
  • 3-MIN READ
  • Last Updated :
  • Share this:

    #ആശ സുൾഫിക്കർ

    സംഭവബഹുലമായ ഒരു വര്‍ഷം കൂടി കടന്നു പോവുകയാണ്. കഴിഞ്ഞ വര്‍ഷങ്ങളിലേത് പോലെ ഈ വര്‍ഷവും സോഷ്യല്‍ മീഡിയ സമൂഹത്തില്‍ വലിയൊരു സ്വാധീനം ചെലുത്തിയ വര്‍ഷമാണിത്. ചില ബിംബങ്ങള്‍ ഉയര്‍ന്നു വരാനും ആരാധനാപാത്രമായ ഉയര്‍ന്നു വന്ന ചിലരുടെ തനിനിറം പുറത്തു വരാനും സോഷ്യല്‍ മീഡിയ ഇടയാക്കി. ഇതിന് പുറമെ അപകീര്‍ത്തികരമായും അപമാനിക്കുന്ന തരത്തിലും പോസ്റ്റുകളും കമന്റുകളും ഇട്ടതിന്റെ പേരില്‍ ജോലി നഷ്ടപ്പെട്ടും ചിലര്‍ വാര്‍ത്തകളില്‍ നിറഞ്ഞു.

    'അങ്ങനെയിരിക്കെ'ദീപാ നിശാന്ത്

    നമ്മുടെ നഗരത്തിൽ (കോഴിക്കോട്)

    സോഷ്യല്‍ മീഡിയ തന്നെ താരമാക്കി ഉയര്‍ത്തി നിര്‍ത്തിയ ദീപ ടീച്ചറെ അതേ സോഷ്യല്‍ മീഡിയ തന്നെ വലിച്ച് താഴെയിറക്കി. കേരളവര്‍മ്മ കോളേജിലെ ബീഫ് ഫെസ്റ്റിനെ അനുകൂലിച്ച് താരമായി ഉയര്‍ന്ന ദീപ, പല അവസരങ്ങളിലും സോഷ്യല്‍ മീഡിയയില്‍ വാഴ്ത്തപ്പെട്ടു. എന്നാല്‍ എസ്.കലേഷ് എന്ന കവി ടീച്ചര്‍ തന്റെ കവിത മോഷ്ടിച്ചു എന്ന ആരോപണവുമായി രംഗത്തെത്തിയതോടെ സംഗതികള്‍ കീഴ്‌മേല്‍ മറിയുകയായിരുന്നു. 2011 ല്‍ കലേഷ് പ്രസിദ്ധീകരിച്ച അങ്ങനെയിരിക്കെ മരിച്ചു ഞാന്‍/ നീ എന്ന കവിത ചെറിയ ചില മാറ്റങ്ങള്‍ വരുത്തി 'അങ്ങനെയിരിക്കെ'മാത്രമാക്കി എകെപിസിടിഎ മാഗസീനില്‍ ദീപ നിശാന്ത് സ്വന്തം പേരില്‍ പ്രസിദ്ധീകരിക്കുകയായിരുന്നു.

    വിവാദം ഉയര്‍ന്നതോടെ പ്രശസ്തി ആഗ്രഹിക്കാത്ത ഒരു സുഹൃത്തിന്റെ മനോഹരമായ ഒരു കവിത ലോകം അറിയാനുള്ള നല്ല ഉദ്ദേശത്തോടെ സ്വന്തം പേരിലാക്കി പ്രസിദ്ധീകരിച്ചു എന്ന വിശദീകരണവുമായി ടീച്ചറെത്തി.

    സുഹൃത്ത് നല്‍കിയ കവിത തന്റെ പേരില്‍ പ്രസിദ്ധീകരിച്ച ദീപ ടീച്ചര്‍, ആത്മാര്‍ത്ഥ സുഹൃത്ത് ആ കവിത മോഷ്ടിച്ചതാണെന്നറിയാന്‍ കുറച്ച് വൈകിപ്പോയി. ഈ സമയത്തിനുള്ളില്‍ തന്നെ ഉണ്ടാകാവുന്ന പരമാവധി നാണക്കേട് ദീപയ്ക്കുണ്ടായി. ഒടുവില്‍ തെറ്റ് ഏറ്റു പറഞ്ഞ് അവര്‍ കുറ്റസമ്മതം നടത്തുകയായിരുന്നു

    എം.ജെ ശ്രീചിത്രന്‍

    ദീപ നിഷാന്ത് ഉള്‍പ്പെട്ട കവിതാ മോഷണത്തിലെ മുഖ്യപ്രതിയാണ് എം.ജെ ശ്രീചിത്രന്‍. സാംസ്‌കാരിക പ്രവര്‍ത്തകനായ ശ്രീചിത്രന്‍ സമകാലിക സംഭവങ്ങളില്‍ ഇടപെട്ട് സോഷ്യല്‍ മീഡിയയില്‍ താരമായി നിന്ന സമയത്താണ് കവിതാ മോഷണ വിവാദം ഉയരുന്നത്.

    കവിതാ മോഷണക്കുറ്റത്തില്‍ കടുത്ത വിമര്‍ശന ശരങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നപ്പോഴും ശ്രീചിത്രനാണ് കവിത തന്നെ സുഹൃത്ത് എന്ന ദീപ വെളിപ്പെടുത്തിയിരുന്നില്ല.. വിവാദങ്ങള്‍ക്ക് നടുവിലും ഇയാളെ പിന്തുണക്കുന്ന നിലപാടാണ് സ്വീകരിച്ചത്. എന്നാല്‍ ശ്രീചിത്രന്‍ സമര്‍ത്ഥമായി മാപ്പ് പറഞ്ഞ് സംഭവത്തില്‍ നിന്നും ഒഴിഞ്ഞു.

    ഇതോടെ ശ്രീചിത്രന്‍ തെറ്റിദ്ധരിപ്പിച്ച് വഞ്ചിച്ചുവെന്നും താന്‍ ചെയ്ത തെറ്റിന് കലേഷിനോടും പൊതുസമൂഹത്തോടും മാപ്പു പറയുന്നുവെന്നും ദീപ ടീച്ചറും അറിയിച്ചു.

    രാഹുല്‍ 'കോണ്ടം' സി.പി

    പ്രളയ ദുരന്തത്തില്‍പെട്ടവര്‍ക്ക് സഹായം എത്തിക്കുന്നതിനായി കേരളം ഒറ്റക്കെട്ടായി പരിശ്രമിക്കുന്നതിനിടെയാണ് രാഹുല്‍ സി.പി വിവാദ നായകനായത്. പ്രളയദുരിതത്തില്‍ പെട്ടവര്‍ക്കായി സാനിറ്ററി നാപ്കിനുകള്‍ ഉള്‍പ്പെടെയുള്ള അവശ്യ സാധനങ്ങള്‍ ആവശ്യപ്പെട്ട് ഫേസ്ബുക്ക് പോസ്റ്റുകള്‍ പ്രചരിച്ചിരുന്നു. ഇത്തരത്തിലൊരു പോസ്റ്റിന് താഴെ ഇയാള്‍ ഇട്ട പോസ്റ്റാണ് രാഹുല്‍ സി.പി പുത്തലത്ത് എന്ന യുവാവിനെ കോണ്ടം രാഹുലാക്കിയത്.

    ആര്‍ത്തവ അവസ്ഥയിലുള്ള സ്ത്രീകള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ വിവരിക്കുന്ന ഒരു കമന്റിന് താഴെ കുറച്ചു കോണ്ടം കൂടിയായാലോ എന്നായിരുന്നു രാഹുലിന്റെ മറുപടി. വലിയൊരു ദുരന്തത്തെ അതിജീവിക്കാന്‍ ഒരു സംസ്ഥാനം ഒറ്റക്കെട്ടായി ശ്രമിക്കുന്നതിനിടെ ഇത്തരമൊരു പരാമര്‍ശവുമായെത്തിയ രാഹുലിനെതിരെ സോഷ്യല്‍ മീഡിയ ഒന്നടങ്കം തിരിഞ്ഞു. ഒമാനിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിലെ കാഷ്യറായിരുന്നു ഇയാള്‍. സോഷ്യല്‍ മീഡിയയുടെ അരിശം കമ്പനിക്കെതിരെയും തിരിഞ്ഞപ്പോള്‍ രാഹുലിന് ജോലിയില്‍ നിന്ന് പുറത്തേക്കുള്ള വഴിയാണ് തെളിഞ്ഞത്.

    വിഷ്ണു 'സംഘപുത്രന്‍' നന്ദകുമാര്‍

    ജമ്മു കശ്മീരിലെ കത്വയില്‍ ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ട എട്ടുവയസുകാരിക്കെതിരെ നടത്തിയ ചില പരാമര്‍ശങ്ങളാണ് വിഷ്ണുവിന് വിനയായത്. ഇവളെ എല്ലാം ഇപ്പോഴെ കൊന്നത് നന്നായി അല്ലെങ്കില്‍ നാളെ ഇന്ത്യക്കെതിരെ ബോംബായി വന്നേനെ എന്നായിരുന്നു ഇയാള്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

    അമ്പലത്തിനുള്ളില്‍ ദിവസങ്ങളോളം ക്രൂര പീഡനത്തിനിരയായ ശേഷം അതിനിഷ്ഠൂരമായി കൊലചെയ്യപ്പെട്ട ഒരു പിഞ്ചു കുഞ്ഞിനായി രാജ്യം മുഴുവന്‍ തേങ്ങുമ്പോഴായിരുന്നു മനസാക്ഷിത്വം തൊട്ടു തീണ്ടാത്ത തരത്തിലുള്ള വിഷ്ണുവിന്റെ കമന്റ്. സോഷ്യല്‍ മീഡിയ ഇയാള്‍ക്കെതിരെ തിരിഞ്ഞു. ബിജെപി ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന്റെ സഹോദരപുത്രനായിരുന്നു വിഷ്ണു. ആര്‍എസ്എസ് നേതാവ് ഇ.എന്‍.നന്ദകുമാറിന്റെ മകന്‍. ഇതും ഇയാള്‍ക്കെതിരായുള്ള പ്രതിഷേധങ്ങളുടെ മൂര്‍ച്ച കൂട്ടി.

    കൊടാക് മഹീന്ദ്ര ബാങ്കിന്റെ പാലാരിവട്ടം ശാഖയില്‍ അസിസ്റ്റന്റ് മാനേജരായ വിഷ്ണുവിനെ ജോലിയില്‍ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് ബാങ്കിന്റെ പേജിലടക്കം ക്യാംപെയ്വന്‍ നടന്നു. ബാങ്കിന്റെ ഫേസ്ബുക്ക് പേജിന്റെ റേറ്റിംഗ് കുത്തനെ ഇടിഞ്ഞു. തുടര്‍ന്ന് ഇയാളെ ജോലിയില്‍ നിന്ന് പുറത്താക്കിയതായി ബാങ്ക് അറിയിക്കുകയായിരുന്നു. സ്ഥാപനത്തിന്റെ വിശ്വാസ്യത നഷ്ടപ്പെടുന്ന തരത്തില്‍ പെരുമാറിയതിനാണെന്നായിരുന്നു വിശദീകരണം.

    കൃഷ്ണകുമാര്‍ 'കില്ലര്‍' നായര്‍

    മുഖ്യമന്ത്രിക്കെതിരെ ഫേസ്ബുക്ക് ലൈവില്‍ കൊലവിളി നടത്തിയാണ് പ്രവാസിയായ കൃഷ്ണന്‍ നായര്‍ സോഷ്യല്‍ മീഡിയയില്‍ കില്ലര്‍ നായരാകുന്നത്. താന്‍ പഴയ ആര്‍എസ്എസ് പ്രവര്‍ത്തകനാണെന്നും വേണ്ടി വന്നാല്‍ ആയുധങ്ങള്‍ ഇനിയും എടുക്കുമെന്നും പറഞ്ഞ ഇയാള്‍, മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ അശ്ലീലവും അസഭ്യവുമായ പരാമര്‍ശങ്ങളും നടത്തി.

    സൈബര്‍ സഖാക്കള്‍ ഇയാള്‍ക്കെതിരെ തിരിഞ്ഞതോടെ നില്‍ക്കക്കൊള്ളിയില്ലാതെ കില്ലര്‍ നായര്‍ മാപ്പു പറഞ്ഞു. മദ്യലഹരിയില്‍ അറിയാതെ ചെയ്തു പോയതെന്നായിരുന്നു ക്ഷമാപണം, എന്നാല്‍ ഇതുകൊണ്ടെന്നും അവസാനിച്ചില്ല. രണ്ട് ലക്ഷം രൂപ ശമ്പളം വാങ്ങുന്നുവെന്ന് വീഡിയോയില്‍ വീമ്പ് മുഴക്കിയ ആള്‍ ജോലിയില്‍ നിന്ന് പിരിച്ചു വിടപ്പെട്ടു. ഇതു പോരാത്തതിന് തിരികെ നാട്ടിലേക്ക് എത്തിയ വഴി എയര്‍പോര്‍ട്ടില്‍ നിന്നു തന്നെ പൊലീസും കൊണ്ടും പോയി.

    മണിയമ്മ

    മുഖ്യമന്ത്രിയെ ജാതി പറഞ്ഞ് അധിക്ഷേപിച്ച് വെട്ടിലായി. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് പ്രതികരിക്കുമ്പോഴായിരുന്നു മുഖ്യമന്ത്രിയെ ഇവര്‍ ജാതി പറഞ്ഞ് അധിക്ഷേപിച്ചത്. പൊലീസ് കേസും സോഷ്യല്‍ മീഡിയ ആക്രമണവും ഉണ്ടായതോടെ ക്ഷമാപണം നടത്തി. അയ്യപ്പനെ ഓര്‍ത്ത് പറഞ്ഞു പോയതാണെന്നും വേറേയൊന്നും ചിന്തിച്ചിട്ടില്ലെന്നുമായിരുന്നു വിശദീകരണം. എന്നാല്‍ മാപ്പു പറച്ചില്‍ ഏറ്റില്ല. ജാതി അധിക്ഷേപം നടത്തിയ മണിയമ്മ അറസ്റ്റിലായി. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.

    ഒരു കിളിനക്കോട് 'സെല്‍ഫി'

    മലപ്പുറം ജില്ലയിലെ കിളിനക്കോട് എന്ന ഗ്രാമം ഒറ്റദിവസം കൊണ്ടാണ് ചര്‍ച്ചകളില്‍ നിറയുന്നത്. അവിടെ ഒരു കല്യാണത്തിനെത്തിയ പെണ്‍കുട്ടികളെടുത്ത സെല്‍ഫിയാണ് ആ ഗ്രാമത്തെ മുഴുവന്‍ ജനശ്രദ്ധയില്‍ കൊണ്ടുവരുന്നത്. സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച തങ്ങളോട് അവിടെയുള്ള ചിലര്‍ മോശമായി പെരുമാറിയെന്ന് പറഞ്ഞ് അന്നാട്ടില്‍ നിന്നുണ്ടായ മാനസിക വിഷമവും സംസ്‌കാര ശൂന്യമായ ഇടപെടലുകളും ഒരു വീഡിയോയിലൂടെ പങ്കുവച്ചു. കോളേജ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ പങ്കു വച്ച വീഡിയ എങ്ങനെയോ ലീക്കായതോടെ വൈറലായി.

    നാടിനെ അപമാനിച്ചുവെന്ന പേരില്‍ ഈ പെണ്‍കുട്ടികള്‍ക്കെതിരെ ഒരുവിഭാഗം രംഗത്തെത്തി. കള്‍ച്ചര്‍ലെസ് ഫെല്ലോസ് എന്നൊക്കെ നാട്ടുകാരെ വിശേഷിപ്പിക്കുകയും ഈ നാട്ടിലേക്ക് കല്യാണം കഴിപ്പിക്കരുതെന്നു വരെ പറയുകയും ചെയ്യുന്ന വീഡിയോ കണ്ട് ഇവിടത്തെ മൊഞ്ചന്മാര്‍ക്ക് സഹിച്ചില്ല. അവരും മറുപടി വീഡിയോ ഇറക്കി. കിളിനക്കോടിലെ മൊഞ്ചന്‍മാരുടെ മറുപടി എന്ന പേരില്‍ ഇതും വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടു. സംഭവം ഫേസ്ബുക്കിലും സോഷ്യല്‍ മീഡിയയിലും വാട്‌സാപ്പിലും പ്രവഹിച്ചതോടെ കാര്യങ്ങള്‍ കൈവിട്ടു. സംഭവത്തിന്റെ നിജസ്ഥിതി അറിയാതെ പെണ്‍കുട്ടികളുടെ സ്വഭാവ ശുദ്ധിയെ വരെ ചോദ്യം ചെയ്യുന്നതരത്തിലേക്കുള്ള കമന്റുകളും പ്രവഹിച്ചു.

    പിന്നാലെ പെണ്‍കുട്ടികള്‍ക്കുള്ള മറുപടി വീഡിയോ സോഷ്യല്‍ മീഡിയയില്‍ അപ് ലോഡ് ചെയ്ത കിളിനക്കോട് സ്വദേശികളായ നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു

    'സതീശന്റെ മോന്‍'

    സോഷ്യല്‍ മീഡിയയിലെ ഏറ്റവും പുതിയ താരമാണ് സതീശന്റെ മോന്‍.. ഒരു സംഘം സ്‌കൂള്‍ പെണ്‍കുട്ടികള്‍ ടിക് ടോകിലിട്ട ഒരു ചെറിയ വീഡിയോയാണ് സതീശന്റെ മോനെ പ്രശസ്തനാക്കുന്നത്. ഒരു നാടന്‍ പാട്ടിന്റെ പാരഡിയായാണ് പറ്റിച്ചു പോയ പയ്യനെ പറ്റി പെണ്‍കുട്ടികള്‍ പാടുന്നത്.

    സതീശന്റെ മോനല്ലേടാ... എന്നെ നീ തേച്ചിട്ട് പോയതല്ലേ എന്ന പാട്ടിനൊടുവില്‍ ഒരു പെണ്‍കുട്ടി പയ്യനെ തെറി പറയുന്നതാണ് വിവാദത്തിനിടയാക്കിയത്. പെണ്‍കുട്ടികള്‍ പറയുന്ന സതീശന്റെ മോനാണെന്ന് അവകാശപ്പെട്ട് നിരവധി യുവാക്കള്‍ മറുപടി വീഡിയോയുമായെത്തി. ഇതിനെക്കാളുപരി പെണ്‍കുട്ടി പരസ്യമായി തെറി പറഞ്ഞത് ചോദ്യം ചെയ്തു കൊണ്ടുള്ള ആക്രമണവും സോഷ്യല്‍ മീഡിയയിലുണ്ടായി.

    ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ ആളുകള്‍ ഈ പെണ്‍കുട്ടികള്‍ക്കെതിരെ രംഗത്തെത്തിയപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തന്നെ മറ്റൊരു വിഭാഗം ഇവരുടെ രക്ഷക്കെത്തി. പെണ്‍കുട്ടികളുടെ പ്രായം നോക്കിയെങ്കിലും അവര്‍ക്കെതിരായ ആക്രമണം നിര്‍ത്തണമെന്നായിരുന്നു ഇവരുടെ അഭ്യര്‍ത്ഥന.

    മുഖ്യമന്ത്രിയെ ജാതി പറഞ്ഞ് അധിക്ഷേപിച്ച മണിയമ്മ, സതീശന്റെ മോനെ തെറി പറഞ്ഞെത്തിയ പെണ്‍കുട്ടികള്‍ ഇനിയുമുണ്ട് സോഷ്യല്‍ മീഡിയ ആക്രമണത്തിന്റെ ചൂടറിഞ്ഞവര്‍. സംഭവബഹുലമായ ഈ വര്‍ഷം കടന്നു പോകുമ്പോഴും വരും വര്‍ഷത്തിലും സോഷ്യല്‍ മീഡിയയെ ചൂട് പിടിപ്പിക്കുന്ന വിഷയങ്ങള്‍ നിരവധി ബാക്കി നില്‍ക്കുന്നുണ്ട്.

    First published:

    Tags: 2018 year-ender, Deepa nishanth, Kerala, Kerala news, Kilinakkodu, Social media, Social media posts, Social media trolls, Sreechitran, Year Ender 2018