നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • തിരൂരങ്ങാടി പ്രതിസന്ധി: പി.എം.എ. സലാമിന് സംസ്ഥാന ജനറൽ സെക്രട്ടറിയുടെ ചുമതല നൽകി ലീഗ്, നിയാസ് പുളിക്കലകത്ത് എൽ.ഡി.എഫ്. സ്ഥാനാർഥി

  തിരൂരങ്ങാടി പ്രതിസന്ധി: പി.എം.എ. സലാമിന് സംസ്ഥാന ജനറൽ സെക്രട്ടറിയുടെ ചുമതല നൽകി ലീഗ്, നിയാസ് പുളിക്കലകത്ത് എൽ.ഡി.എഫ്. സ്ഥാനാർഥി

  സ്ഥാനാർഥി പ്രഖ്യാപനത്തെ തുടർന്നുണ്ടായ പ്രതിസന്ധി തീർക്കാൻ പരിഹാരവുമായി മുസ്ലിം ലീഗ്. സി.പി.ഐ. അജിത് കൊളാടിക്ക് പകരം നിയാസ് പുളിക്കലകത്തിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചു

  പി.എം.എ. സലാം,
നിയാസ് പുളിക്കലകത്ത്

  പി.എം.എ. സലാം, നിയാസ് പുളിക്കലകത്ത്

  • Share this:
  സ്ഥാനാർഥി പ്രഖ്യാപനത്തെ തുടർന്നുണ്ടായ പ്രതിസന്ധി തീർക്കാൻ പി.എം.എ. സലാമിന് സംസ്ഥാന ജനറൽ സെക്രട്ടറി ചുമതലയും  അബ്ദുറഹ്മാൻ രണ്ടത്താണിക്ക് പുനലൂർ സീറ്റും നൽകി മുസ്ലിം ലീഗ്. തിരൂരങ്ങാടിയിലടക്കം ഉയർന്ന പ്രതിഷേധങ്ങൾക്ക് ഇതോടെ പരിഹാരമായെന്ന വിലയിരുത്തലിലാണ് ലീഗ്.

  നേരത്തെ തിരൂരങ്ങാടിയിൽ പി.എം.എ. സലാമിന് പകരം കെ.പി.എ. മജീദിന് സീറ്റ് നൽകിയതോടെയാണ് പ്രതിഷേധമുയർന്നത്. തിരൂരങ്ങാടിക്കാർ പാണക്കാട് എത്തി പ്രതിഷേധം അറിയിച്ചതോടെയാണ്  ലീഗ് നേതൃത്വം പ്രതിസന്ധിയുടെ ആഴം മനസിലാക്കി പരിഹാരം തേടിയത്.
  പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ ആണ് പി.എം.എ. സലാമിനും അബ്ദുറഹ്മാൻ രണ്ടത്താണിക്കും പുതിയ ചുമതലകൾ നൽകുന്ന കാര്യം പ്രഖ്യാപിച്ചത്.

  ഏറെക്കാലമായി ലീഗില്‍ നാലുപേരാണ് ജനറല്‍ സെക്രട്ടറിമാരായത്. പി.കെ. കുഞ്ഞാലിക്കുട്ടിയും അഹമ്മദ് കബീറും കെ.പി.എ. മജീദും ഇ.ടി. മുഹമ്മദ് ബഷീറും. ഇതിൽ കെ.പി.എ. മജീദും ഇ.ടി. മുഹമ്മദ് ബഷീറും ഒരേ സമയം ജനറല്‍ സെക്രട്ടറിമാരായിരുന്നു എന്ന അപൂര്‍വതയും ഉണ്ടായിരുന്നു. പിന്നീട് ഏറെക്കാലം ജനറല്‍ സെക്രട്ടറി എന്നാല്‍ മജീദ് തന്നെ ആയിരുന്നു. ഇപ്പോള്‍ മജീദ് തിരൂരങ്ങാടിയിലെ സ്ഥാനാര്‍ത്ഥി മാത്രമായി.

  തിരൂരങ്ങാടിയിൽ മജീദിന്റെ സ്ഥാനാർഥിത്വത്തിനെതിരെ ഉയർന്ന പ്രതിഷേധങ്ങൾക്ക് ശമനം വരുത്തുവാൻ ഈ നീക്കത്തിലൂടെ ലീഗിന് സാധിച്ചു. തിരൂരങ്ങാടിയിൽ മജീദ് മികച്ച ഭൂരിപക്ഷത്തിൽ ജയിക്കുമെന്ന് സലാം. അണികളുടെ പ്രതിഷേധത്തെ പറ്റി സലാമിൻ്റെ മറുപടി ഇങ്ങനെ:

  "അണികൾ അവരുടെ നിരാശയാണ് പ്രകടിപ്പിച്ചത്. പക്ഷേ പാർട്ടി ഒരു തീരുമാനം എടുത്താൽ, അതാണ് തീരുമാനം. എന്നോടൊപ്പം ആളുകൾ നിന്നത് ഞാൻ ലീഗുകാരനായത് കൊണ്ടാണ്, ഞാൻ ഇവിടെ നിന്നത് കൊണ്ടാണ്. പാർട്ടി ഏൽപ്പിച്ച ഉന്നതമായ ചുമതലയാണ് ഏറ്റെടുക്കുന്നത്. ഉന്നതർ ഇരുന്ന കസേരയാണ്. അതിൻ്റെ പ്രാധാന്യത്തോടെ ഉൾക്കൊള്ളുന്നു. തിരൂരങ്ങാടി 30,000ലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിൽ കെ.പി.എ. മജീദ് ജയിക്കും."

  1992 മുതല്‍ പത്തുവര്‍ഷം മുന്‍പു വരെ ഐ.എന്‍.എല്ലില്‍ പ്രവര്‍ത്തിച്ചയാളാണ് പി.എം.എ. സലാം. 2006ല്‍ എല്‍ഡിഎഫിനൊപ്പം നിന്ന് ജയിച്ച് നിയമസഭയില്‍ എത്തി. അന്ന് സലാമിനൊപ്പം ലീഗില്‍ എത്തിയ എന്‍.എ. നെല്ലിക്കുന്ന് രണ്ടുവട്ടം കാസര്‍ഗോഡ് നിന്ന് എംഎല്‍എയായി. ഇത്തവണയും സീറ്റ് നിഷേധിക്കപ്പെട്ടതോടെയാണ് സലാമിന് ലീഗിന്റെ ഉന്നത ചുമതല തന്നെ കിട്ടുന്നത്.

  ആദ്യഘട്ടത്തിൽ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കാത്തതിൽ നിരാശ തോന്നിയില്ല എന്നും പുനലൂരിൽ മികച്ച വിജയം നേടുമെന്നും അബ്ദുറഹ്മാൻ രണ്ടത്താണി പറഞ്ഞു.

  അതേ സമയം, ലീഗിലെ പ്രതിഷേധം മുന്നിൽക്കണ്ട് സി.പി.ഐ. അജിത് കൊളാടിക്ക് പകരം നിയാസ് പുളിക്കലകത്തിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചു. മാറിയ സാഹചര്യത്തിൽ ലീഗിൽ നിന്നും വോട്ടുകൾ സമാഹരിക്കാൻ നിയാസിന് സാധിക്കും എന്ന വിലയിരുത്തലിലാണ് നടപടി. തിരൂരങ്ങാടിയിൽ എൽ.ഡി.എഫ്. സ്ഥാനാർത്ഥിയായി നിയാസ് പുളിക്കലകത്ത് പ്രഖ്യാപിക്കപ്പെടുന്നതിന് മുൻപാണ് ലീഗിൻ്റെ നിർണായക നീക്കം. പരസ്യമായി പ്രതിഷേധമുയർത്തിയ സി.പി. ബാവ ഹാജിയും പാണക്കാട് എത്തിയിരുന്നു. പ്രതിഷേധങ്ങൾ ഇല്ലെന്നും പാർട്ടിക്കൊപ്പം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
  Published by:user_57
  First published:
  )}