തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ഹോസ്റ്റൽ(Medical College Hostel) കെട്ടിടത്തിന്റെ ശോചനീയാവസ്ഥ ഏറെ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെ സ്ഥലം സന്ദർശിച്ച പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് കെട്ടിടത്തിന്റെ ശോചനീയാവസ്ഥ പരിഹരിക്കുമെന്ന് ഉറപ്പുനൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആണ് അറ്റകുറ്റപ്പണികൾ ആരംഭിച്ചിരിക്കുന്നത്.
ഹോസ്റ്റലിന്റെ അറ്റകുറ്റപ്പണികള്‍ക്ക് തുടക്കമായി. മെഡിക്കല്‍ കോളേജ് മെന്‍സ് ഹോസ്റ്റല്‍, ലേഡീസ് ഹോസ്റ്റല്‍ എന്നിവയുടെ പുനരുദ്ധാരണവും അറ്റകുറ്റപ്പണികളുമാണ് അതിവേഗം പുരോഗമിക്കുന്നത്.
ടോയ്ലറ്റ്, വാതിലുകള്‍, ജനാലകള്‍ എന്നിവയുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി. മറ്റ് പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്. പിജി ലേഡീസ് ഹോസ്റ്റലിലെ ടോയ്ലറ്റുകളുടെ പുനര്‍നിര്‍മ്മാണം ഉടന്‍ ആരംഭിക്കും. അതോടൊപ്പം ചുറ്റുമതില്‍ പുനര്‍നിര്‍മ്മാണവും നടത്തും. പിജി വനിതാ ഹോസ്റ്റലിന്റെ പുറം ഭാഗത്ത് ചുറ്റുമതിലും സെക്യൂരിറ്റി ക്യാബിനും വേണമെന്നത് വിദ്യാര്‍ത്ഥികളുടെ പ്രധാന ആവശ്യമായിരുന്നു.
ഇതിനുവേണ്ടിയുള്ള എസ്റ്റിമേറ്റ് തയ്യാറാക്കി, ടെണ്ടര്‍ നടപടികളിലേക്ക് വൈകാതെ കടക്കും. വനിതാ പിജി ഹോസ്റ്റലിന്റെ മുന്‍വശത്ത് സ്ട്രീറ്റ് ലൈറ്റ്, ഹോസ്റ്റല്‍ പരിസരങ്ങളില്‍ സിസിടിവി ക്യാമറ എന്നിവ സ്ഥാപിക്കുവാനുള്ള നടപടികളും പൊതുമരാമത്ത് വകുപ്പ് പരിശോധിക്കുന്നുണ്ട്.
Also Read-നയതന്ത്ര സ്വർണക്കടത്ത്: എല്ലാം ശിവശങ്കറിന്റെ അറിവോടെയെന്ന് കസ്റ്റംസ് കുറ്റപത്രം
ഹോസ്റ്റല്‍ കെട്ടിടത്തിന്റെ ശോചനീയാവസ്ഥ സംബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ പരാതി ഉന്നയിച്ചതിനെ തുടര്‍ന്ന് ഈ മാസം 24 നാണ് മന്ത്രി പി എ മുഹമ്മദ് റിയാസ് നേരിട്ടെത്തി ഹോസ്റ്റല്‍ സന്ദര്‍ശിച്ചത്.
അടിയന്തിരമായി അറ്റകുറ്റപ്പണി നടത്താന്‍ അവിടെവെച്ച് തന്നെ മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. ഇതേതുടര്‍ന്നാണ് പൊതുമരാമത്ത് വകുപ്പ് ബില്‍ഡിംഗ്സ് വിഭാഗം പ്രവൃത്തി ആരംഭിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Thiruvananthapuram, Thiruvananthapuram medical college