നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'ഇസ്ലാമോഫോബിയയും വര്‍ഗീയതയും പ്രചരിപ്പിക്കാന്‍ ചില കേന്ദ്രങ്ങള്‍ ബോധപൂര്‍വ്വം ശ്രമം നടത്തുന്നു'; വെല്‍ഫെയര്‍ പാര്‍ട്ടി

  'ഇസ്ലാമോഫോബിയയും വര്‍ഗീയതയും പ്രചരിപ്പിക്കാന്‍ ചില കേന്ദ്രങ്ങള്‍ ബോധപൂര്‍വ്വം ശ്രമം നടത്തുന്നു'; വെല്‍ഫെയര്‍ പാര്‍ട്ടി

  മുസ്ലീങ്ങള്‍ക്കെതിരെ സംഘപരിവാര്‍ പ്രചരിപ്പിക്കുന്ന നുണകള്‍ മതേതര ആശങ്കകളായി സി.പി.എമ്മും ഏറ്റെടുത്തു പ്രചരിപ്പിക്കുകയാണ്.

  News18

  News18

  • Share this:
   കൊച്ചി: കേരളത്തിലെ സാമൂഹ്യാന്തരീക്ഷത്തെ ഗുരുതരമായി ബാധിക്കും വിധം നടന്നുകൊണ്ടിരിക്കുന്ന വിദ്വേഷ പ്രചരണങ്ങള്‍ക്കെതിരയും മത-സമുദായങ്ങളെ പരസ്പരം ഭിന്നിപ്പിച്ച് നേട്ടം കൊയ്യാനിരിക്കുന്ന വിഭജന രാഷ്ട്രീയത്തെ ചെറുക്കാനും വെല്‍ഫെയര്‍ പാര്‍ട്ടി ഒക്ടോബര്‍ 5 മുതല്‍ 25 വരെ കേരളത്തില്‍ വിപുലമായ പ്രചരണങ്ങള്‍ സംഘടിപ്പിക്കുമെന്ന് പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് സുരേന്ദ്രന്‍ കരിപ്പുഴ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രാജ്യത്ത് സംഘ്പരിവാറിന്റെ വംശീയ വിഭാഗീയ നീക്കങ്ങള്‍ ശക്തിപ്പെട്ടതിനെ തുടര്‍ന്ന് രൂപപ്പെട്ട സാമൂഹ്യ പശ്ചാത്തലം ഉപയോഗപ്പെടുത്തി കടുത്ത ഇസ്ലാമോഫോബിയയും വര്‍ഗീയതയും പ്രചരിപ്പിക്കാന്‍ ചില കേന്ദ്രങ്ങള്‍ ബോധപൂര്‍വ്വം ശ്രമം നടത്തി വരികയാണ്. പാല ബിഷപ്പ് നടത്തിയ നാര്‍ക്കോട്ടിക് ജിഹാദ് എന്ന വിദ്വേഷ ആരോപണം അത്തരത്തിലുള്ള ഒന്നായിരുന്നു.

   ലൗജിഹാദ്, മുസ്‌ലിം ജനസംഖ്യ വര്‍ധനവ്, മുസ്ലിം മൂലധന ഭീതി, കാമ്പസ് കേന്ദ്രീകരിച്ച് നടക്കുന്ന തീവ്രവാദ റിക്രൂട്ട്‌മെന്റ്, മയക്കുമരുന്നുപയോഗിച്ചുള്ള മതപരിവര്‍ത്തനം തുടങ്ങിയ ആരോപണങ്ങള്‍ എവിടെയും തെളിയിക്കപ്പെടാത്തതും അന്വേഷണ ഏജന്‍സികളും കോടതിയും തള്ളിക്കളഞ്ഞ കാര്യവുമാണ്.

   സംഘ്പരിവാര്‍ ഗൂഢാലോചന സിദ്ധാന്തത്തിന്റെ ഭാഗമായ ഇത്തരം അടിസ്ഥാനരഹിത കഥകള്‍ ഒത്തൊരുമയോടെ കഴിയുന്ന വിവിധ മതസമൂഹങ്ങള്‍ക്കിടയില്‍ പരസ്പരം അവിശ്വാസവും സംശയവും ജനിപ്പിക്കാന്‍ കാരണമായിട്ടുണ്ട്. കേരളത്തില്‍ നാളിതുവരെ വിജയിപ്പിച്ചെടുക്കാന്‍ കഴിയാത്ത വര്‍ഗീയ രാഷ്ട്രീയത്തെ പൊതുസമ്മതമുള്ള മറ്റു സംവിധാനങ്ങളിലൂടെ സ്ഥാപിച്ചെടുക്കാനുള്ള സംഘ്പരിവാര്‍ ഗൂഢാലോചനയാണ് ഇപ്പോള്‍ വിജയിച്ച് കൊണ്ടിരിക്കുന്നത്.

   പാല ബിഷപ്പ് നടത്തിയ വിദ്വേഷ പരാമര്‍ശം ഗുരുതരമായ ആഘാതമാണ് സമൂഹത്തിലുണ്ടാക്കിയത്. ഇത് മതവിദ്വേഷം പരത്തുന്ന ക്രിമിനല്‍ കുറ്റമായിട്ടും കേരള സര്‍ക്കാര്‍ ഇതിനെതിരെ നിയമപരമായ നടപടിയെടുക്കാന്‍ തയ്യാറായില്ല എന്നു മാത്രമല്ല കേരളത്തിന്റെ മതേതര പ്രതിബദ്ധതയെ വെല്ലു വിളിച്ചുകൊണ്ട് സര്‍ക്കാരിന്റെ പ്രതിനിധിയായ ഒരു മന്ത്രി തന്നെ ബിഷപ്പിനെ സന്ദര്‍ശിച്ച് പുകഴ്ത്താനാണ് ശ്രമിച്ചത്. സി.പി.എം സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ. വിജയരാഘവനും ബിഷപ്പിന് പിന്തുണയുമായി രംഗത്തു വന്നിരുന്നു.

   മുഖ്യമന്ത്രി പിന്നീട് ബിഷപ്പിനെ തള്ളിപ്പറഞ്ഞെങ്കിലും ബിഷപ്പിനെതിരെ നിയമ നടപടി സ്വീകരിക്കാനോ ബിഷപ്പിന് പിന്തുണ അറിയിച്ച സ്വന്തം മന്ത്രിസഭയിലെ മന്ത്രിക്കെതിരെ എന്തെങ്കിലും നടപടിയെടുക്കാനോ തയ്യാറായില്ല. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് കേരളത്തിലേറ്റ കനത്ത തോല്‍വിയെ തുടര്‍ന്ന് കേരളത്തിലെ സാമൂഹ്യാന്തരീക്ഷം സ്ഥിരമായി തങ്ങള്‍ക്കനുകൂലമാക്കാന്‍ ഇടതുപക്ഷം നടത്തിയ പ്രതിലോമകരവും മതേതര വിരുദ്ധവുമായ ചില നീക്കങ്ങളുണ്ട്. സംഘ്പരിവാര്‍ തങ്ങളുടെ വംശീയ രാഷ്ട്രീയം സ്ഥാപിച്ചെടുക്കാന്‍ ഉപയോഗിക്കാറുള്ള ഇസ്‌ലാമോഫോബിയയെ തന്ത്രപരമായി ഉപയോഗിച്ച് ക്രൈസ്തവ-മുസ്ലീം സൗഹൃദത്തെ ഇല്ലാതാക്കുക എന്ന ഗൂഢതന്ത്രമാണത്.

   യു.ഡി.എഫിനൊപ്പം നിന്നിരുന്ന ക്രൈസ്തവ വോട്ട് ബാങ്കിനെ അടര്‍ത്തിയെടുക്കുന്നതിന് വേണ്ടിയുള്ള വര്‍ഗീയമായ സോഷ്യല്‍ എഞ്ചിനീയറങ്ങിനാണ് കേരള സി.പി.എം ശ്രമിച്ചത്. മുസ്ലീങ്ങള്‍ക്കെതിരെ സംഘപരിവാര്‍ പ്രചരിപ്പിക്കുന്ന നുണകള്‍ മതേതര ആശങ്കകളായി സി.പി.എമ്മും ഏറ്റെടുത്തു പ്രചരിപ്പിക്കുകയാണ്. തങ്ങള്‍ക്കനുകൂലമായ സാമൂഹ്യ വിഭജനത്തിന് ഹസന്‍ - കുഞ്ഞാലിക്കുട്ടി - അമീര്‍ എന്ന സ്‌ക്രിപ്റ്റ് തയ്യാറാക്കി മുസ്‌ലിംകള്‍ ഭരണം പിടിക്കാന്‍ പോകുന്നു എന്ന അന്തരീക്ഷം നിര്‍മിച്ചെടുത്തു. നേരത്തെ മതേതര കേരളത്തിന്റെ മണ്ണില്‍ ഹിന്ദു വോട്ട് ലക്ഷ്യംവെച്ച് സി.പി.എം തയ്യാറാക്കിയ കുഞ്ഞൂഞ്ഞ് - കുഞ്ഞുമാണി - കുഞ്ഞാപ്പ എന്ന സ്‌ക്രിപ്റ്റിന്റെ തന്നെ തുടര്‍ച്ചയായിരുന്നു ഇതും.

   സി.പി.എമ്മിന്റെ ഉത്തരവാദപ്പെട്ട നേതാക്കള്‍ മുസ്ലീങ്ങള്‍ക്ക് നേരെയും മലപ്പുറം ജില്ലക്കെതിരെയും നിരന്തരം തീവ്രവാദം ആരോപിക്കുകയും സംഘ്പരിവാര്‍ വാദം കടമെടുത്ത് മുസ്‌ലിം വിദ്യാര്‍ഥികളെ ഇന്ത്യയിലെ പ്രമുഖ യൂണിവേഴ്‌സിറ്റികളിലേക്ക് 'റിക്രൂട്ട് ചെയ്യുന്നു' എന്നും പ്രചരിപ്പിച്ചു കൊണ്ടിരുന്നു. വര്‍ഗീയ പരാമര്‍ശങ്ങള്‍ ഒറ്റപ്പെട്ടതോ നാക്കുപിഴയോ അല്ല എന്നതും ഇവ പാര്‍ട്ടി തീരുമാനമാണെന്ന് ബോധ്യപ്പെടുത്തുന്നതുമാണ് പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി ഇപ്പോള്‍ ബ്രാഞ്ച് സമ്മേളനങ്ങളിലേക്ക് നല്‍കിയ പ്രഭാഷണക്കുറിപ്പിലെ പ്രൊഫഷണല്‍ കോളേജുമായി ബന്ധപ്പെട്ട മുസ്‌ലിംവിരുദ്ധ തീവ്രവാദ പരാമര്‍ശം. പോലീസ് വകുപ്പ് കൈവശമുള്ള, അധികാരമുള്ള പാര്‍ട്ടിയാണ് തെളിവില്ലാത്ത നുണകള്‍ ജനങ്ങളില്‍ മുസ്‌ലിം വിരോധം പടര്‍ത്താന്‍ അണികളെ പഠിപ്പിക്കുന്നത്.

   സച്ചാര്‍ - പാലൊളി കമ്മിറ്റികളുടെ നിര്‍ദ്ദേശമായി 2006 ലെ ഇടതു സര്‍ക്കാര്‍ ന്യൂനപക്ഷ വകുപ്പിന് കീഴില്‍ നടപ്പാക്കിയ മുസ്‌ലിം സ്‌കോളര്‍ഷിപ്പിനെ മുന്‍നിര്‍ത്തി ക്രൈസ്തവര്‍ക്ക് ലഭ്യമാകേണ്ട ആനുകൂല്യങ്ങള്‍ കൂടി മുസ്‌ലിംകള്‍ അനര്‍ഹമായി കൈപ്പറ്റുന്നു, മദ്രസ അധ്യാപകര്‍ക്ക് സര്‍ക്കാര്‍ ശമ്പളം നല്‍കുന്നു എന്നിങ്ങനെയുള്ള നുണകള്‍ സംഘ്പരിവാര്‍ പ്രചരിപ്പിച്ചപ്പോള്‍ അതിനെ ശരിവെക്കും വിധം സര്‍ക്കാറും മുഖ്യമന്ത്രിയും മൗനം പാലിക്കുകയാണ് ചെയ്തത്.

   തെരഞ്ഞെടുപ്പ് വിജയത്തിനായി സമ്മതിദാനാവകാശത്തെ മതേതരമായി സമീപിക്കുന്നതിന് പകരം വര്‍ഗീയമായി സമീപിക്കുന്ന രീതി യു.ഡി.എഫും എല്‍.ഡി.എഫും സ്വീകരിച്ചുപോരുന്നുണ്ട്. ബി.ജെ.പിയിലേക്കുള്ള വോട്ടുചോര്‍ച്ച തടയുന്നതിന് വേണ്ടി മൃദുഹിന്ദുത്വ നിലപാട് സ്വീകരിക്കുകയും അതേസമയം ഫാഷിസത്തിനെതിരായ നിലപാട് സ്വീകരിക്കുന്നു എന്ന് വരുത്തിത്തീര്‍ത്ത് മതന്യൂനപക്ഷങ്ങളുടെ ഫാഷിസ്റ്റ് കാല നിസഹായാവസ്ഥയെ വോട്ടാക്കി മാറ്റാനും ശ്രമിക്കുന്നു. ഫലത്തില്‍ സംഘപരിവാര്‍ ലക്ഷ്യം വെക്കുന്ന സാമൂഹികാവസ്ഥ എളുപ്പമാക്കിക്കൊടുക്കലാണിത്.

   നവോത്ഥാന നായകര്‍ സൃഷ്ടിച്ച അടിത്തറയിലൂടെ രൂപപ്പെട്ട സാമൂഹ്യാന്തരീക്ഷമാണ് ഇന്നും സംഘ്പരിവാര്‍ ഫാഷിസത്തിന് കേരളം വഴങ്ങാത്തത്. ആ നവോത്ഥാന പാരമ്പര്യത്തെയാണ് ഇപ്പോള്‍ ചിലര്‍ ആസൂത്രിതമായി തകര്‍ക്കാനൊരുങ്ങുന്നത്. അതിനാല്‍ വിദ്വേഷ പ്രചാരണങ്ങള്‍ തീര്‍ത്ത് കേരളത്തില്‍ അസ്വസ്ഥത പടര്‍ത്താനുള്ള ബോധപൂര്‍വമായ നീക്കത്തെ കേരള ജനതയെടൊപ്പം നിന്ന് ചെറുക്കുക എന്നതാണ് വെല്‍ഫെയര്‍ പാര്‍ട്ടി ഈ പ്രചരണത്തിലൂടെ ലക്ഷ്യമിടുന്നത്.

   പ്രചരണത്തിന്റെ ഭാഗമായി കേരളത്തിലുടനീളം വിശദീകരണ യോഗങ്ങളും കോഴിക്കോട്, കോട്ടയം, തിരുവനന്തപുരം എന്നിവിടങ്ങളില്‍ സെമിനാറുകളും സംഘടിപ്പിക്കും. വിവിധ മത സാമൂഹ്യ നേതാക്കളുമായി ആശയവിനിമയം നടത്തുകയും ഗൃഹസന്ദര്‍ശന പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്യും. പ്രചരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം ഒക്ടോബര്‍ 5 ചൊവ്വാഴ്ച സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം നിര്‍വ്വഹിക്കും.
   Published by:Jayesh Krishnan
   First published: