• HOME
  • »
  • NEWS
  • »
  • kerala
  • »
  • Artist Banned | മകന്‍ മുസ്ലീം യുവതിയെ വിവാഹം കഴിച്ചതിന് പൂരക്കളി കലാകാരനെ ക്ഷേത്ര കമ്മിറ്റി വിലക്കി

Artist Banned | മകന്‍ മുസ്ലീം യുവതിയെ വിവാഹം കഴിച്ചതിന് പൂരക്കളി കലാകാരനെ ക്ഷേത്ര കമ്മിറ്റി വിലക്കി

പുരോഗമന പ്രസ്ഥാനത്തിന്റെ ഈറ്റില്ലമായ കരിവെള്ളൂരിൽ പ്രശസ്തനായ കലകാരനെ മരുമകളുടെ മതത്തിൻറെ പേരിൽ ഒഴിവാക്കിയത് നവ മാധ്യമങ്ങളിൽ ശക്തമായ പ്രതിഷേധത്തിനാണ് വഴിവെച്ചത്.

വിനോദ് പണിക്കര്‍

വിനോദ് പണിക്കര്‍

  • Share this:
കണ്ണൂരിൽ മകന്‍ മുസ്ലീം മതത്തില്‍പ്പെട്ട യുവതിയെ വിവാഹം കഴിച്ചതിന്റെ പേരില്‍ പൂരക്കളി കലാകാരനെ ക്ഷേത്ര കമ്മിറ്റി വിലക്കിയതായി പരാതി. കരിവെള്ളൂര്‍ സ്വദേശി വിനോദ് പണിക്കരെയാണ് ക്ഷേത്രത്തില്‍ ഉത്സവത്തിന്റെ ഭാഗമായി നടക്കുന്ന പൂരക്കളിയില്‍ നിന്ന് മാറ്റിനിര്‍ത്തിയത്.

വീട്ടുമുറ്റത്തെ സ്വന്തം കാവായ വാണിയില്ലം സോമേശ്വരി ക്ഷേത്രവും പരിസരപ്രദേശത്തെ കാവായ കുണിയൻ പറമ്പത്ത്‌ ഭഗവതീ ക്ഷേത്രവുമാണ് കലാകാരനെ ഒഴിവാക്കിയത്.
മരുമകളെ വീട്ടിൽ നിന്നും മാറ്റി നിർത്തുകയോ അല്ലെങ്കിൽ സ്വയം അമ്മയുടെ വീട്ടിലേക്ക് മാറുകയോ വേണമെന്നാണ് ക്ഷേത്രം ഭാരവാഹികളുടെ ആവശ്യം. എന്നാല്‍ ഇത് അംഗീകരിക്കാനാവില്ല എന്ന ഉറച്ച  നിലപാടിലാണ് വിനോദ് പണിക്കർ .

"കഴിഞ്ഞമാസം ക്ഷേത്രം ഭാരവാഹികൾ ഫോണിൽ ബന്ധപ്പെട്ട് തീരുമാനത്തിൽ മാറ്റം ഉണ്ടോ എന്ന് ചോദിച്ചപ്പോൾ ഇല്ലന്ന് അറിയിച്ചു. മറുപടി ഒന്നും പറയാതെ അവർ മറ്റൊരാളെ ചടങ്ങുകൾക്ക് ഏർപ്പാടാക്കുകയാണ് ചെയ്ത ", വിനോദ് പണിക്കർ ന്യൂസ് 18 നോട് പറഞ്ഞു.

2018 ലാണ് വിനോദ് പണിക്കരുടെ മകൻ ഇതര മതത്തിൽപ്പെട്ട പെൺകുട്ടിയെ വിവാദം ചെയ്തത്. എന്നാൽ കഴിഞ്ഞ വർഷത്തോടെ ആണ് സംഭവം ക്ഷേത്രഭാരവാഹികൾ വിവാദമാക്കിയത്.

അതേ സമയം ആചാര വടിയും മുദ്രയും പണിക്കർ സ്ഥാനം വഹിക്കുന്നാളുടെ വീട്ടിൽ സൂക്ഷിക്കേണ്ടത് കൊണ്ടാണ് നടപടിയെന്നാണ് ക്ഷേത്രം ഭാരവാഹികളുടെ വിശദീകരണം. " രണ്ട് തവണ ജനറൽ ബോഡികൾ ചേർന്നു. യോഗ തീരുമാനം അനുസരിച്ചാണ് നടപടി. ക്ഷേത്രത്തിന് ഇതര മതങ്ങളോട് എതിർപ്പില്ല. എല്ലാവർക്കും പ്രവേശനമുണ്ട്. എന്നാൽ ആചാരങ്ങൾ പാലിക്കേണ്ടതുണ്ട്. " കുണിയൻ പറമ്പത്ത് ഭഗവതി ക്ഷേത്രം സമുദായി കെ.വി ഭരതൻ ന്യൂസ് 18 നോട് പറഞ്ഞു.

ക്ഷേത്രത്തിൽ നിന്നുള്ളവർ വീട്ടിൽ പോയി  പണിക്കരെ കൂട്ടിക്കൊണ്ടുവരിക എന്നൊരു ചടങ്ങ് ആചാരമാണ്. ഈ സമയം   പവിത്രമായി കരുതിപ്പോരുന്ന ആചാരമുദ്ര അവിടെ പൂജാമുറിയിൽ വെക്കുക എന്നൊരു കർമം കൂടി നടത്തുന്നുണ്ട്. അന്യമതസ്ഥർ പെരുമാറുന്ന ഒരു പൂജാമുറിയിൽ ആ കർമം നടത്താൻ പറ്റില്ലെന്നും, തൊട്ടടുത്ത്‌ സ്ഥിതിചെയ്യുന്ന പണിക്കരുടെ 'അമ്മ താമസിക്കുന്ന വീട്ടിൽ വെച്ച് ആ കർമ്മം നടത്താമെന്നുമായിരുന്നു ക്ഷേത്രം ഭാരവാഹികളുടെ നിലപാട്. എന്നാൽ വിനോദ് പണിക്കാർ അംഗീകരിച്ചില്ല.

കഴിഞ്ഞ മുപ്പത്തേഴു വർഷമായി പൂരക്കളി, മറുത്തുകളി രംഗത്ത്‌ സജീവമാണ് പൂരക്കളി അക്കാദമി അവാർഡ് ജേതാവുമായ വിനോദ് പണിക്കർ . പുരോഗമന പ്രസ്ഥാനത്തിന്റെ ഈറ്റില്ലമായ കരിവെള്ളൂരിൽ പ്രശസ്തനായ കലകാരനെ മരുമകളുടെ മതത്തിൻറെ പേരിൽ ഒഴിവാക്കിയത് നവ മാധ്യമങ്ങളിൽ ശക്തമായ പ്രതിഷേധത്തിനാണ് വഴിവെച്ചത്.

കലാകാരനെ വിലക്കിയത് നാട്ടുകാരോ വിശ്വാസികളോ അംഗീകരിക്കുന്നനില്ലന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജൻ പറഞ്ഞു. ക്ഷേത്രം ഭാരവാഹികളുടെ നടപടി ഗുരുതരമായ തെറ്റാണ്. ഭരണഘടനാവിരുദ്ധവും , പൗരാവകാശ ലംഘനവുമാണ് എന്നും അദ്ദേഹം വ്യക്തമാക്കി.

കുടുംബത്തിലൊരാള്‍ തികച്ചും മതേതരമായ ജീവിതരീതി സ്വീകരിച്ചു എന്നതിന്റെ പേരില്‍, നേരത്തെ നിശ്ചയിച്ച പണിക്കര്‍ സ്ഥാനത്ത് നിന്ന് നീക്കി കലാകാരനെ ബഹിഷ്‌കരിക്കുന്ന ഏത് ക്ഷേത്രാധികാരിയും കാലത്തിന്റെ മാറ്റം ഉള്‍ക്കൊള്ളാനാവാത്ത അപരിഷ്‌കൃത മനോഭാവമാണ് വെച്ചുപുലര്‍ത്തുന്നത് എന്ന് ,പുരോഗമന കലാസാഹിത്യ സംഘം പയ്യന്നൂര്‍ മേഖലാ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.

കലയും സാഹിത്യവുമെല്ലാം ആത്യന്തികമായി മനുഷ്യ പുരോഗതിക്ക് വേണ്ടിയുള്ളതാണ്. സമൂഹത്തെ പിന്‍നടത്തുന്ന ഇത്തരം തീരുമാനങ്ങള്‍ വിശ്വാസികള്‍ ഒന്നടങ്കം എതിര്‍ത്തുതോല്‍പിക്കണം എന്നും സംഘം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

"കുടുംബത്തിലൊരാൾ മതേതരമായ നിലപാട് സ്വീകരിച്ചതിനാൽ  പണിക്കർ സ്ഥാനത്ത് നിന്ന് നീക്കി കലാകാരനെ ബഹിഷ്കരിക്കുന്നതിന്  ഏത് ക്ഷേത്രാധികാരികൾ മുന്നോട്ട് വരുന്നതും അപകടമാണ്. നാടിനെ ഇരുണ്ട കാലത്തേക്ക് തിരികെ വലിക്കാനുള്ള ഏത് അപരിഷ്കൃത കാഴ്ചപ്പാടുകളെയും പൊതു സമൂഹം ചെറുത്ത് തോൽപ്പിക്കണം. " ഡിവൈഎഫ്ഐ പ്രസ്താവനയിൽ വ്യക്തമാക്കി.

അനാചാരങ്ങളുടെയും ദുരാചാരങ്ങളുടെയും തടവറയിൽനിന്ന് നാടിനെ മോചിപ്പിച്ച‌, നവോത്ഥാന മുന്നേറ്റങ്ങൾക്കൊപ്പം നടന്ന മണ്ണിൽ, കാലത്തെ പുറകോട്ടടിപ്പിക്കാനുള്ള  ഹീനശ്രമങ്ങൾ ഉണ്ടാകുമ്പോൾ അതിനെ പ്രതിരോധിക്കുമെന്നും
ബന്ധപ്പെട്ട ക്ഷേത്ര കമ്മറ്റി  വിഷയം പുന:പരിശോധിച്ച് അടിയന്തരമായി ആവശ്യമായ മാറ്റം വരുത്തണമെന്നും ഡിവൈഎഫ്ഐ പയ്യന്നൂർ  ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു.
Published by:Arun krishna
First published: