• HOME
  • »
  • NEWS
  • »
  • kerala
  • »
  • കൊല്ലം ആശ്രാമം മൈതാനത്തെ കോൺക്രീറ്റ് നിർമിതി: മുകേഷ് എംഎൽഎക്കെതിരെ സിപിഐ

കൊല്ലം ആശ്രാമം മൈതാനത്തെ കോൺക്രീറ്റ് നിർമിതി: മുകേഷ് എംഎൽഎക്കെതിരെ സിപിഐ

എം മുകേഷ് എംഎൽഎയ്ക്ക് സ്ഥല - ജല വിഭ്രാന്തിയെന്ന് സി പി ഐ സംസ്ഥാന കൗൺസിൽ അംഗം

Mukesh

Mukesh

  • Last Updated :
  • Share this:
കൊല്ലം ആശ്രാമം മൈതാനത്തെ കോൺക്രീറ്റ് നിർമിതികളെച്ചൊല്ലി സിപിഎം- സിപിഐ തർക്കം രൂക്ഷം. കോൺക്രീറ്റ് നിർമിതികളെ എതിർക്കുന്നവരെ വികസന വിരോധികളാക്കുന്ന എം മുകേഷ് എംഎൽഎയ്ക്ക് സ്ഥല - ജല വിഭ്രാന്തിയെന്ന് സി പി ഐ സംസ്ഥാന കൗൺസിൽ അംഗം അഡ്വ. ആർ വിജയകുമാർ. കായൽ കൈയ്യേറ്റവും മാലിന്യ നിർമാർജനവും തടയാൻ എം എൽ എയ്ക്ക് കഴിയുന്നില്ലെന്നും വിമർശനമുണ്ട്.

ആശ്രാമം മൈതാനത്തിന്റെ സ്വാഭാവിക ഭംഗി നിലനിര്‍ത്തണമെന്നും വികസനത്തിന്റെ പേരില്‍ കോണ്‍ക്രീറ്റ് കെട്ടിട നിര്‍മ്മാണം നടത്തരുതെന്നും പറയുന്നവരെ വികസന വിരോധികളായി ചിത്രീകരിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന കൊല്ലം എം എല്‍ എ എം മുകേഷിന്റെ നടപടി അങ്ങേയറ്റം അപലപനീയമാണെന്നാണ് സി പി ഐ വിമർശനം. എം എല്‍ എക്ക് ബാധിച്ചിട്ടുള്ളത് സ്ഥല-ജല വിഭ്രാന്തിയാണ്. എവിടെ എന്ത് ചെയ്യണമെന്ന് തിട്ടമില്ല. പൈതൃക-പാരമ്പര്യ ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന ശാലകള്‍ക്ക് കെട്ടിടം നിര്‍മ്മിക്കാന്‍ അനുയോജ്യമായ സ്ഥലം ആശ്രാമം മൈതാനമാണെന്നുള്ള എംഎല്‍എയുടെ കണ്ടെത്തലിനെയാണ് പരിസ്ഥിതി വാദികളും പ്രകൃതി സ്‌നേഹികളും എതിര്‍ക്കുന്നത്. ഇവിടെത്തന്നെ കടകള്‍ നിര്‍മ്മിക്കുന്നതിന്റെ പ്രാധാന്യം എത്ര വിശദീകരിച്ചാലും ആര്‍ക്കും ബോധ്യമാകില്ലെന്നുമാണ് വിമർശനം. മുകേഷിനെതിരെ ഉള്ള പരാതി പാർട്ടി  സംസ്ഥാന ഘടകത്തിൽ ഉന്നയിക്കുമെന്ന്  സി പി ഐ സംസ്ഥാന കൗൺസിൽ അംഗവും എംഎൽഎ ക്ക് എതിരെ വാർത്താക്കുറിപ്പ് ഇറക്കുകയും ചെയ്ത അഡ്വ. ആർ  വിജയകുമാർ പറഞ്ഞു

നിർമാണത്തിനെതിരെ ഡസ്റ്റിനേഷന്‍ മാനേജ്‌മെന്റ് കമ്മിറ്റിയില്‍  ഉയര്‍ന്ന എതിർപ്പ്  ചെവിക്കൊള്ളാതെയാണ് പ്രവൃത്തികൾ ആരംഭിച്ചതെന്നും കുറ്റപ്പെടുത്തലുണ്ട്. പാരമ്പര്യ എന്ന പേരില്‍ കൊല്ലത്ത് സംഘടിപ്പിച്ച സംരംഭത്തില്‍ ലോക പ്രശസ്ത ചിത്രകാരന്‍മാരും ശില്‍പ്പികളും നിര്‍മിച്ച ചിത്ര-ശില്‍പ്പങ്ങള്‍ ഗസ്റ്റ് ഹൗസ് കോമ്പൗണ്ടിലെ ആര്‍ട്ട് ഗ്യാലറിയില്‍ സൂക്ഷിച്ചിരുന്നതാണ്. ഈ കെട്ടിടം നവീകരിക്കുന്നതിന് 25 ലക്ഷത്തിലധികം രൂപ ടൂറിസം വകുപ്പ് ചെലവഴിച്ചു, എന്നാലിവിടെ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് സ്വകാര്യ വ്യക്തി നടത്തുന്ന കാപ്പികടയാണെന്നും കോടിക്കണക്കിന് രൂപ മൂല്യമുള്ള ചിത്ര-ശില്‍പ്പങ്ങള്‍ ഇപ്പോഴെവിടെയാണെന്ന് എം എല്‍ എക്ക് അറിയുമോ എന്ന ചോദ്യവും മുന്നണിയിലെ പ്രധാന ഘടക കക്ഷി ചോദിക്കുന്നു.

അതിശയോക്തി കലര്‍ന്ന എം എല്‍ എയുടെ മൈതാനം വികസന വായ്ത്താരി അധികാരത്തിന്റെ അഹംഭാവത്തില്‍ നിന്നുണ്ടായതാണ്. അഭിപ്രായം പറയുന്നവരെ അദ്ദേഹം വെല്ലു വിളിക്കുന്നു. മൈതാനത്ത് ഇതു വരെ നടന്ന വികസനമെല്ലാം തന്റെ കഴിവു കൊണ്ട് ഉണ്ടായതാണെന്ന് വിമ്പിളക്കുന്നത് അല്‍പ്പത്തം കൊണ്ടാണെന്നും വാർത്താക്കുറിപ്പായി വന്ന വിമർശനത്തിലുണ്ട്.

വിമർശനത്തിന്റെ പൂർണ രൂപം

സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം അഡ്വ.ആര്‍ വിജയകുമാര്‍ പുറപപ്പെടുവിക്കുന്ന പ്രസ്താവന

ആശ്രാമം മൈതാനത്തിന്റെ സ്വാഭാവിക ഭംഗി നിലനിര്‍ത്തണമെന്നും വികസനത്തിന്റെ പേരില്‍ കോണ്‍ക്രീറ്റ് കെട്ടിട നിര്‍മ്മാണം നടത്തരുതെന്നും പറയുന്നവരെ വികസന വിരോധികളായി ചിത്രീകരിക്കുകയും മാധ്യമങ്ങളിലൂടെ പരിഹസിക്കുകയും ചെയ്യുന്ന കൊല്ലം. എം.എല്‍.എ എം.മുകേഷിന്റെ നടപടി അങ്ങേയറ്റം അപലപനീയമാണ്. എം.എല്‍.എക്ക് ബാധിച്ചിട്ടുള്ളത് സ്ഥല-ജല വിഭ്രാന്തിയാണ്. എവിടെ എന്ത് ചെയ്യണമെന്ന് തിട്ടമില്ല. പൈതൃക-പാരമ്പര്യ ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന ശാലകള്‍ക്ക് കെട്ടിടം നിര്‍മ്മിക്കാന്‍ അനുയോജ്യമായ സ്ഥലം ആശ്രാമം മൈതാനമാണെന്നുള്ള എം.എല്‍.എയുടെ കണ്ടെത്തലിനെയാണ് പരിസ്ഥിതി വാതികളും പ്രകൃതി സ്‌നേഹികളും എതിര്‍ക്കുന്നത്. ഇവിടെത്തന്നെ കടകള്‍ നിര്‍മ്മിക്കുന്നതിന്റെ പ്രാധാന്യം എത്ര വിശദീകരിച്ചാലും ആര്‍ക്കും ബോധ്യമാകില്ല. ഇങ്ങനെ നിര്‍ബന്ധം പിടിക്കുന്നത് എന്തിനുവേണ്ടിയാണ്? ഡസ്റ്റിനേഷന്‍ മാനേജ്‌മെന്റ് കമ്മിറ്റിയില്‍ തന്നെ ഇതിനെതിരെ എതിര്‍പ്പ് ഉയര്‍ന്ന് വന്നിരുന്നതാണ്. ഇതൊന്നും ചെവിക്കൊള്ളാതെയാണ് നിര്‍മ്മാണം ആരംഭിച്ചത്. പ്രകൃതി സൗന്ദര്യം നശിപ്പിക്കാതെ തന്നെ ഇതിനുള്ള സൗകര്യങ്ങള്‍ വേറെയുണ്ട്.

പാരമ്പര്യ എന്ന പേരില്‍ കൊല്ലത്ത് സംഘടിപ്പിച്ച സംരംഭത്തില്‍ ലോക പ്രശസ്ത ചിത്രകാരന്‍മാരും ശില്‍പ്പികളും നിര്‍മിച്ച ചിത്ര-ശില്‍പ്പങ്ങള്‍ ഗസ്റ്റ് ഹൗസ് കോമ്പൗണ്ടിലെ ആര്‍ട്ട് ഗ്യാലറിയില്‍ സൂക്ഷിച്ചിരുന്നതാണ്. ഈ കെട്ടിടം നവീകരിക്കുന്നതിന് 25 ലക്ഷത്തിലധികം രൂപ ടൂറിസം വകുപ്പ് ചെലവഴിച്ചിട്ടുള്ളതുമാണ്. എന്നാലിവിടെ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് ഒരു കാപ്പികടയാണ്. ഇത് നടത്തുന്നത് ഒരു സ്വകാര്യ വ്യക്തിയാണ്. കോടിക്കണക്കിന് രൂപ മൂല്യമുള്ള ചിത്ര-ശില്‍പ്പങ്ങള്‍ ഇപ്പോഴെവിടെയാണെന്ന് എം.എല്‍.എ ക്ക് അറിയുമോ?. ടൂറിസം വികസനത്തിന്റെ പേരില്‍ ബോട്ട് ജട്ടിക്ക് സമീപം നിര്‍മ്മിച്ച കെട്ടിടം ഹോട്ടല്‍ ബിസിനസ്സിനായി സ്വകാര്യ വ്യക്തിക്ക് നല്‍കിയ കാര്യവും മറക്കരുത്. ഇത് ഇപ്പോള്‍ അടച്ചിട്ടിരിക്കുകയാണ്. ടൂറിസം വികസനമെന്നത് 'ചില കച്ചവടങ്ങള്‍'ക്കുള്ള മറയാക്കരുത്. സ്വപ്‌ന പദ്ധതികള്‍ പലതും കടലാസില്‍ ഒതുങ്ങുമ്പോഴാണ്

'ലൊട്ടു ലൊടുക്ക്' പരിപാടുകളുമായി എം.എല്‍.എ ഇറങ്ങിയിരിക്കുന്നത്. നിയമ തടസങ്ങള്‍ നില നില്‍ക്കെയാണ് പണി ആരംഭിച്ചതെന്ന് ഇപ്പോള്‍ അദ്ദേഹം തന്നെ സമ്മതിച്ചിരിക്കുന്നു. കെട്ടിട നിര്‍മ്മാണത്തിനായി ഇവിടെ സ്ഥലം പാട്ടത്തിന് അനുവദിച്ച് നല്‍കിയ കളക്ടറുടെ നടപടി അങ്ങേയറ്റം തെറ്റാണ്.

അതിശയോക്തി കലര്‍ന്ന എം.എല്‍.എയുടെ മൈതാനം വികസന വായ്ത്താരി അധികാരത്തിന്റെ അഹംഭാവത്തില്‍ നിന്നുണ്ടായതാണ്. അഭിപ്രായം പറയുന്നവരെ അദ്ദേഹം വെല്ലു വിളിക്കുന്നു.മൈതാനത്ത് ഇതു വരെ നടന്ന വികസനമെല്ലാം തന്റെ കഴിവു കൊണ്ട് ഉണ്ടായതാണെന്ന് വിമ്പിളക്കുന്നത് അല്‍പ്പത്തം കൊണ്ടാണ്. കുരുക്ക്കട്ട കൊണ്ട് കെട്ടിടം നിര്‍മ്മിച്ച് പരിസ്ഥിതി സൗഹൃദം ഉറപ്പു വരുത്തുമെന്ന എം.എല്‍.എ യുടെ വാദം വിചിത്രമായിരിക്കുന്നു. മൈതാനത്തിന്റെ മനോഹാരിതയെ

കാഴ്ച്ചയില്‍ നിന്ന് തന്നെ മറക്കാനുള്ള ശ്രമത്തെ ജനങ്ങള്‍ പിന്‍തുണക്കില്ല. നിര്‍ബാധം തുടരുന്ന കായല്‍ കയ്യേറ്റങ്ങള്‍ തടയാനും മാലിന്യ മുക്തമാക്കാനും ദൃഢനിശ്ചയത്തോടെ പ്രവര്‍ത്തിക്കാന്‍ കഴിയുന്നുണ്ടോയെന്ന് എം.എല്‍.എ സ്വയം പരിശോധിക്കണം.
Published by:Rajesh V
First published: