• HOME
  • »
  • NEWS
  • »
  • kerala
  • »
  • മദ്രസ അധ്യാപകരുടെ വേതനം; മുഖ്യമന്ത്രിയുടെ ഉത്തരം ചോര്‍ന്ന സംഭവത്തില്‍ സര്‍ക്കാരിന് സ്പീക്കറുടെ റൂളിങ്

മദ്രസ അധ്യാപകരുടെ വേതനം; മുഖ്യമന്ത്രിയുടെ ഉത്തരം ചോര്‍ന്ന സംഭവത്തില്‍ സര്‍ക്കാരിന് സ്പീക്കറുടെ റൂളിങ്

മുഖ്യമന്ത്രി ഉത്തരം നല്‍കുന്നതിന് മുന്‍പ് സമൂഹമാധ്യമങ്ങളില്‍ ഇക്കാര്യം പ്രചരിച്ചതുമായി ബന്ധപ്പെട്ട് മഞ്ഞളാംകുഴി എംഎല്‍എയാണ് അവകാശലംഘനത്തിന് നോട്ടീസ് നല്‍കിയത്

മുഖ്യമന്ത്രി പിണറായി വിജയന്‍

മുഖ്യമന്ത്രി പിണറായി വിജയന്‍

  • Share this:
തിരുവനന്തപുരം: ചോദ്യോത്തര വേളയില്‍ മറുപടിക്ക് മുന്‍പ് മുഖ്യമന്ത്രിയുടെ ഉത്തരം ചോര്‍ന്ന സംഭവത്തില്‍ സര്‍ക്കാരിന് സ്പീക്കറുടെ റൂളിങ്. സംഭവത്തില്‍ വകുപ്പ് തല അന്വേഷണം ഉണ്ടാകുമെന്നും ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് അനുചിത ഇടപെടല്‍ ഉണ്ടായെന്നും സ്പീക്കര്‍ പറഞ്ഞു.

മദ്രസ അധ്യാപകരുടെ വേതനം സംബന്ധിച്ച ചോദ്യത്തിന് മുഖ്യമന്ത്രി ഉത്തരം നല്‍കുന്നതിന് മുന്‍പ് സമൂഹമാധ്യമങ്ങളില്‍ ഇക്കാര്യം പ്രചരിച്ചതുമായി ബന്ധപ്പെട്ട് മഞ്ഞളാംകുഴി എംഎല്‍എയാണ് അവകാശലംഘനത്തിന് നോട്ടീസ് നല്‍കിയത്. വകുപ്പ് തലത്തില്‍ നിന്ന് മന്ത്രിക്ക് എഴുതി നല്‍കേണ്ട വിവരമാണ് ചോര്‍ന്നത്.

എന്നാല്‍ ഇത് നിയമസഭാംഗങ്ങളുടെ അവകാശ ലംഘനമല്ലെങ്കിലും ചട്ടവിരുദ്ധമായ നടപടിയാണ്. ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര വീഴ്ചയാണെന്നും കുറ്റം ചെയ്ത ഉദ്യോഗസ്ഥര്‍ക്കെതരെ കര്‍ശന നടപടി എടുക്കണമെന്നും സ്പീക്കര്‍ റൂളിങ് നല്‍കിയത്.

Also Read-'മരംമുറി കേസ് പ്രതികളുമായി മുഖ്യമന്ത്രി ഹസ്തദാനം നടത്തി'; ചിത്രം പുറത്തുവിട്ട് പി.ടി തോമസ്

മദ്രസ അധ്യാപകര്‍ക്ക് ശമ്പളവും അലവന്‍സുകളും നല്‍കുന്നത് സര്‍ക്കാരല്ലെന്നും മദ്രസ മാനേജുമെന്റുകളാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. ബജറ്റില്‍ നിന്നും വലിയൊരു വിഹിതം ചെലവഴിച്ചാണ് സര്‍ക്കാര്‍ മദ്രസ അധ്യാപകര്‍ക്ക് ശമ്പളം നല്‍കുന്നതെന്ന് സമൂഹ മാധ്യമങ്ങളില്‍ വ്യാജപ്രചരണം നടക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

സമൂഹ മാധ്യമങ്ങള്‍ വഴി യഥാര്‍ത്ഥ വസ്തുത പൊതുജനങ്ങളെ ബോധ്യപ്പെടുത്തും. ഇതിനായി കേരള മദ്രസ അധ്യാപക ക്ഷേമനിധി ബോര്‍ഡ് ശ്രമം തുടങ്ങിയിട്ടുണ്ട്. വിവര പൊതുജന സമ്പര്‍ക്ക വകുപ്പിന്റെ ഫാക്ട് ചെക്ക് ടീം വിഷയം രജിസ്റ്റര്‍ ചെയ്ത് പരിശോധിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു. പി കെ ബഷീര്‍, എന്‍ ഷംസുദ്ദീന്‍, മഞ്ഞളാംകുഴി അലി, കെ പി എ മജീദ് എന്നിവരുടെ ചോദ്യങ്ങള്‍ക്ക് നിയമസഭയില്‍ മറുപടി പറയുകയായിരുന്നു ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ ചുമതല കൂടിയുള്ള മുഖ്യമന്ത്രി.

Also Read-മുഴുവന്‍ പ്രദേശങ്ങളിലും ഇന്റര്‍നെറ്റ് ലഭ്യമാക്കാന്‍ സമയബന്ധിത പദ്ധതി തയ്യാറാക്കും; മുഖ്യമന്ത്രി പിണറായി വിജയന്‍

സംസ്ഥാനത്തെ മദ്രസ അധ്യാപകര്‍ക്ക് സര്‍ക്കാര്‍ പെന്‍ഷനും ആനുകൂല്യങ്ങളും നല്‍കുന്നതിനെതിരായ ഹര്‍ജിയില്‍ ഈ മാസം ആദ്യം ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടിയിരുന്നു. മതപരമായ പ്രവര്‍ത്തനത്തിന് സര്‍ക്കാര്‍ എന്തിനാണ് പണം മുടക്കുന്നതെന്നും കോടതി ചോദിച്ചു. 2019ലെ കേരള മദ്രസ അധ്യാപക ക്ഷേമനിധി ഫണ്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയായിരുന്നു കോടതിയുടെ പരാമര്‍ശങ്ങള്‍. ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ഡോ. കൗസര്‍ എടപ്പഗത്ത് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റേതാണ് നടപടി.

സിറ്റിസണ്‍സ് ഓര്‍ഗനൈസേഷന്‍ ഫോര്‍ ഡെമോക്രസി ഇക്വാളിറ്റി ആന്‍ഡ് സെക്യുലറിസം എന്ന സംഘടനയുടെ പേരില്‍ വാഴക്കുളം സ്വദേശി മനോജ് എന്നയാളാണ് ഹൈക്കോടതിയെ സമീപിച്ചത്. മദ്രസ അധ്യാപകര്‍ക്ക് പെന്‍ഷനും ആനുകൂല്യങ്ങളും നല്‍കുന്നതിനായി കൊണ്ടുവന്ന കേരള മദ്രസ അധ്യാപക ക്ഷേമനിധി നിയമത്തിനെതിയാരാണ് സംഘടന കോടതിയിലെത്തിയത്. 2018 ആഗസ്റ്റ് 31നാണ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പാസാക്കിയത്. ഇത് കൃത്യസമയത്ത് നിയമസഭയിലെത്തിയിട്ടില്ലെന്നാണ് ഹര്‍ജിക്കാരുടെ വാദം. അതിനാല്‍ നിയമം എത്രയും വേഗം റദ്ദാക്കണമെന്നാണ് സംഘടന കോടതിയില്‍ ആവശ്യപ്പെട്ടത്.
Published by:Jayesh Krishnan
First published: