നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'ചില അപഭ്രംശങ്ങളുടെ പേരിൽ മലബാർ ലഹളയെ വർഗീയ കലാപമായി മുദ്ര കുത്തുന്നത് ചരിത്രത്തോടുള്ള അനീതി': സ്പീക്കർ എം.ബി രാജേഷ്

  'ചില അപഭ്രംശങ്ങളുടെ പേരിൽ മലബാർ ലഹളയെ വർഗീയ കലാപമായി മുദ്ര കുത്തുന്നത് ചരിത്രത്തോടുള്ള അനീതി': സ്പീക്കർ എം.ബി രാജേഷ്

  മുസ്ലിം ലീഗ് സംഘടിപ്പിച്ച 1921 അനുസ്മരണ സമ്മേളനം സ്പീക്കർ ഉദ്ഘാടനം ചെയ്തുകലാപത്തിൻ്റെ അടിസ്ഥാനം ബ്രിട്ടീഷ് വിരുദ്ധത

  MB Rajesh

  MB Rajesh

  • Share this:
  മലപ്പുറം: ചില അപഭ്രംശങ്ങളുടെ പേരിൽ മലബാർ ലഹളയെ വർഗീയ കലാപമായി മുദ്ര കുത്തുന്നത് ചരിത്രത്തോടുള്ള അനീതിയാണെന്ന് സ്പീക്കർ എം.ബി രാജേഷ്. മലബാർ കലാപം ഇന്ത്യൻ സ്വതന്ത്ര സമരത്തിലെ ഉജ്ജ്വലമായ അധ്യായം ആയിരുന്നു എന്നും ഇത് അടിമുടി ബ്രിട്ടീഷ് വിരുദ്ധം ആയിരുന്നു എന്നും  എം ബി രാജേഷ് പറഞ്ഞു. പൂക്കോട്ടൂരിൽ മുസ്ലിം ലീഗ് സംഘടിപ്പിച്ച 1921 മലബാർ ലഹളയുടെ നൂറാം വാർഷിക അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുക ആയിരുന്നു സ്പീക്കർ.

  മുസ്ലിം ലീഗ് മലപ്പുറം ജില്ലാ കമ്മറ്റി ആണ് ഓർമകളുടെ വീണ്ടെടുപ്പ് എന്ന പേരിൽ 1921 പോരാട്ടത്തിൻ്റെ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചത്. യോഗം ഉദ്ഘാടനം ചെയ്ത സ്പീക്കർ എം ബി രാജേഷ് 1857 ന് ശേഷം ബ്രിട്ടീഷുകാർക്ക് എതിരെ ഉണ്ടായ ഏറ്റവും ശക്തമായ പോരാട്ടം ആണ് പൂക്കോട്ടൂർ യുദ്ധമെന്ന് ചരിത്രകാരൻമാരെ ഉദ്ധരിച്ച് കൊണ്ട് അഭിപ്രായപ്പെട്ടു.

  "മലബാർ കലാപം ഇന്ത്യൻ സ്വാതന്ത്ര സമരത്തിലെ ഉജ്ജ്വലമായ അധ്യായം തന്നെ ആണ്. പോരാട്ടം അടിമുടി ബ്രിട്ടീഷ് വിരുദ്ധം തന്നെ ആയിരുന്നു.എന്നാൽ ചില സമയങ്ങളിൽ പ്രക്ഷോഭം വർഗീയമായി വഴി പിഴച്ചിട്ടുണ്ട്. അത് പറയാതെ വയ്യ, പക്ഷേ അത്തരം അപ ഭ്രംശങ്ങളെ ഉയർത്തി കാട്ടി 1921ലെ പ്രക്ഷോഭത്തെ വർഗീയ ലഹള എന്ന് മുദ്ര കുത്തുന്നത് അംഗീകരിക്കാൻ കഴിയില്ല. പോരാട്ടത്തിൻ്റെ ആത്യന്തിക ലക്ഷ്യം ബ്രിട്ടീഷ് വിരുദ്ധമായിരുന്നു"- സ്പീക്കർ പറഞ്ഞു.

  "മലബാർ കലാപം സ്വതന്ത്ര സമരം അല്ലെന്ന് ഈ ഘട്ടത്തിൽ പറയുന്നതിന്റെ ലക്ഷ്യം ജനങ്ങളെ ഭിന്നിപ്പിക്കുക എന്നത് ആണ്. മുൻപ് ബ്രിട്ടീഷുകാർ ജനങ്ങളെ ഭിന്നിപ്പിച്ച് ആണ് പ്രക്ഷോഭങ്ങളെ നേരിട്ടത്. 1921 ലേ കലാപം അടിച്ചമർത്തിയതും അങ്ങനെ ആണ്. ബ്രിട്ടീഷുകാർ ജന്മികളെ ആയിരുന്നു കൂട്ട് പിടിച്ചത്. അത് കൊണ്ട് തന്നെ ജൻമികൾക്ക് എതിരെ ശക്തമായ വിരോധം ഉണ്ടായിരുന്നു. അങ്ങനെ ലഹലക്കാർ എതിർത്തവരിൽ ഹിന്ദുക്കൾ മാത്രം അല്ല, മുഹമ്മദീയരും ഉണ്ടായിരുന്നു." സ്പീക്കർ പറഞ്ഞു.

  Also Read- മലബാര്‍ ലഹളയിലെ പൂക്കോട്ടൂര്‍ യുദ്ധത്തിന് ഇന്നേക്ക് ഒരു നൂറ്റാണ്ട് ; മാപ്പിള പോരാളികളും ബ്രിട്ടീഷുകാരും നേര്‍ക്കുനേര്‍ പോരാടിയ ചരിത്രം

  "നിസഹകരണ പ്രസ്ഥാനം നടത്തിയ സമരങ്ങളിൽ ചിലത് രക്ത രൂക്ഷിതം ആയത് ഗാന്ധിജി തള്ളി പറഞ്ഞിരുന്നു. അത് പോലെ തന്നെ ആണ് ഇവിടെയും നേതൃത്വം അത്തരത്തിൽ ഉള്ള നീക്കങ്ങളെ അംഗീകരിച്ചിരുന്നില്ല എന്ന് ആണ് ചരിത്രം. മലബാർ കലാപത്തെ മുൻ നിർത്തി ഒരു പ്രത്യേക അഖ്യാനം നിർമിക്കുന്നുണ്ട് ചിലർ. കലാപത്തിൻ്റെ അപഭ്രംശങ്ങളെ മുൻ നിർത്തി ആണ് ഈ പ്രചരണം. അന്ന് ജന്മിമാർ ആണെങ്കിൽ ഇന്ന് കോർപറേറ്റുകൾ ആണ് കർഷകരെ ചൂഷണം ചെയ്യുന്നതെന്നും സ്പീക്കർ പറഞ്ഞു.

  കലാപത്തിൻ്റെ അപഭ്രംശങ്ങളെ മുൻ നിർത്തി നടക്കുന്ന പ്രചരണങ്ങളെ തള്ളിക്കളയണം. അപഭ്രംശങ്ങളുടെ പേരിൽ വർഗീയ ലഹള എന്ന് മുദ്ര വെക്കുന്നത് ചരിത്രത്തോട് ഉള്ള അനീതി ആണ്. അപഭ്രംശങ്ങളെ തള്ളിക്കളയുക, തള്ളിപ്പറയുക. ത്യാഗങ്ങളെ ഉയർത്തിപ്പിടിക്കുക അതാണ് ഇപ്പൊൾ വേണ്ടത്" അദ്ദേഹം പറഞ്ഞു.

  മലബാർ ലഹള സ്വതന്ത്ര സമരത്തിൻ്റെ ഭാഗം തന്നെ ആണെന്നും ചരിത്രം വളച്ചൊടിച്ച് പറയാൻ ഉള്ളതല്ലെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. " അന്ന് ഉണ്ടായ ഒറ്റപ്പെട്ട സംഭവങ്ങൾ ചർച്ച ചെയ്യാം...പക്ഷേ അന്ന് പ്രക്ഷോഭകരെ നയിച്ചത് ബ്രിട്ടീഷ് വിരുദ്ധ വികാരം തന്നെ ആണ്". അധികാരം എന്ത് കൊപ്രായവും കാണിക്കാൻ ഉള്ള ലൈസൻസ് അല്ലെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ അധ്യക്ഷ പ്രസംഗത്തിൽ വിമർശിച്ചു. ചരിത്ര രേഖകളിൽ നിന്ന് സ്വാതന്ത്ര്യ സമര സേനാനികളുടെ പേര് വെട്ടി നീക്കിയാലും ചരിത്രകാരന്മാരെ വെട്ടി മാറ്റാൻ കഴിയില്ല. "മലബാർ സ്വതന്ത്ര സമരത്തെ വർഗീയമായി ആരും കാണേണ്ടതില്ല. അത് സ്വതന്ത്ര സമരത്തിൻ്റെ ഭാഗം തന്നെ ആണ് "- അദ്ദേഹം പറഞ്ഞു

  എംപി അബ്ദു സമദ് സമദാനി, എംഎൽഎമാരായ ടിവി ഇബ്രാഹിം , അഡ്വ. യു എ ലത്തീഫ്, പി ഉബൈദുല്ല തുടങ്ങിയ നിരവധി പ്രമുഖർ സമ്മേളനത്തിൽ പങ്കെടുത്തു
  Published by:Anuraj GR
  First published: