• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'ഗവർണർക്കെതിരായ പ്രമേയം നടപടിക്രമങ്ങൾ പാലിച്ച് അംഗീകരിക്കും'; സംസ്ഥാന ബജറ്റ് ഫെബ്രുവരി ഏഴിനെന്ന് സ്പീക്കർ

'ഗവർണർക്കെതിരായ പ്രമേയം നടപടിക്രമങ്ങൾ പാലിച്ച് അംഗീകരിക്കും'; സംസ്ഥാന ബജറ്റ് ഫെബ്രുവരി ഏഴിനെന്ന് സ്പീക്കർ

മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപനം വായിക്കേണ്ട ബാധ്യത ഗവർണർക്ക് ഉണ്ട്. അസാധാരണ നടപടിക്രമങ്ങൾ പ്രതീക്ഷിക്കുന്നില്ലെന്നും സ്പീക്കർ

sreeramakrishnan

sreeramakrishnan

  • Share this:
    തിരുവനന്തപുരം: ഗവർണർക്കെതിരെ പ്രതിപക്ഷം പ്രമേയം കൊണ്ടുവന്നാൽ നടപടിക്രമങ്ങൾ പാലിച്ച് അംഗീകരിക്കുമെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. റൂൾ 130 പ്രകാരം ഈ പ്രമേയം അനുവദിക്കാം എന്നാണ് ചട്ടം. ഇത്തരം പ്രമേയം കൊണ്ടുവരാനുള്ള നടപടിക്രമങ്ങൾ പാലിക്കണം. ഉപക്ഷേപത്തിന് ദിവസം നിശ്ചയിച്ച് അറിയിച്ച് മാത്രമേ അവതരിപ്പിക്കാൻ കഴിയൂ. സഭയിലെ സമയം കൂടി പരിഗണിച്ച് സഭാ നാഥനുമായി ആലോചിച്ച് ചെയ്യണം. കാര്യോപദേശക സമിതിയിൽ ചർച്ച ചെയ്തു തീരുമാനം എടുക്കുമെന്ന് സ്പീക്കർ തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സ്പീക്കർക്ക് സഭയിലെ സമയക്രമം പരിശോധിച്ച് ചർച്ചയ്ക്ക് സമയം നീക്കിവയ്ക്കാം. പ്രമേയത്തിന്റെ ഉള്ളടക്കത്തെക്കുറിച്ച് സ്പീക്കർ അഭിപ്രായം പറയേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

    ബജറ്റ് ഫെബ്രുവരി ഏഴിന്

    2020-21 വർഷത്തേക്കുള്ള സംസ്ഥാന ബജറ്റ് ഫെബ്രുവരി ഏഴിന് നിയമസഭയിൽ അവതരിപ്പിക്കുമെന്ന് സ്പീക്കർ വ്യക്തമാക്കി. ഇതിനായി ജനുവരി 29 മുതൽ ഫെബ്രുവരി 12 വരെ സഭ സമ്മേളിക്കും. മാർച്ചിൽ തന്നെ ബജറ്റ് നടപടിക്രമങ്ങൾ പൂർത്തിയാക്കും. മാർച്ചിൽ വീണ്ടും സഭ ചേരുമെന്നും പി. ശ്രീരാമകൃഷ്ണൻ അറിയിച്ചു.

    ബജറ്റും നയപ്രഖ്യാപനവും ഡിജിറ്റൽ രൂപത്തിൽ

    ഗവര്‍ണറുടെ പ്രസംഗവും ബജറ്റ് പ്രസംഗവും ഡിജിറ്റല്‍ രൂപത്തിലായിരിക്കുമെന്നതാണ് ഇത്തവണത്തെ സവിശേഷതയെന്ന് സ്പീക്കർ പറഞ്ഞു. പ്രസംഗം വായിക്കുന്നതിനൊപ്പം തന്നെ ഡിജിറ്റല്‍ രൂപത്തിലും അവതരിപ്പിക്കും. നയപ്രഖ്യാപനം പൂർണമായും ഡിജിറ്റൽ രൂപത്തിലും അവതരിപ്പിക്കും. ഡിജിറ്റൽ അവതരണം ഇന്ത്യയിൽ ആദ്യമെന്നും സ്പീക്കർ പറഞ്ഞു.

    മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപനം വായിക്കേണ്ട ബാധ്യത ഗവർണർക്ക് ഉണ്ടെന്ന് സ്പീക്കർ പറഞ്ഞു. അസാധാരണ നടപടിക്രമങ്ങൾ പ്രതീക്ഷിക്കുന്നില്ല. തെരഞ്ഞെടുക്കപ്പെട്ട മന്ത്രിസഭ അംഗീകരിക്കുന്ന പ്രമേയം ഗവർണർ വായിക്കണമെന്നും അദ്ദേഹം പറഞ്ഞു. വാർഡ് വിഭജന ബിൽ ഫെബ്രുവരി ആറിന് സഭയിൽ അവതരിപ്പിക്കുമെന്നും സ്പീക്കർ വ്യക്തമാക്കി.
    Published by:Anuraj GR
    First published: