സിഎജി റിപ്പോർട്ടിലെ അവകാശലംഘനപരാതിയിൽ ധനമന്ത്രിയോട് സ്പീക്കർ വിശദീകരണം തേടി
സിഎജി റിപ്പോർട്ടിലെ അവകാശലംഘനപരാതിയിൽ ധനമന്ത്രിയോട് സ്പീക്കർ വിശദീകരണം തേടി
സഭയില്‍ വെക്കുംമുമ്പേ സിഎജി റിപ്പോര്‍ട്ട് പുറത്തുവന്നത് സഭാംഗങ്ങളുടെ അവകാശങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി വി ഡി സതീശന് എംഎല്‍എ ആണ് ധനമന്ത്രിക്കെതിരെ പരാതി നല്‍കിയത്.
തിരുവനന്തപുരം: സിഎജി റിപ്പോര്‍ട്ട് ചോര്‍ത്തിയെന്ന പ്രതിപക്ഷത്തിന്റെ അവകാശ ലംഘന പരാതിയില്‍ ധനമന്ത്രിയോട് വിശദീകരണം തേടി നിയമസഭാ സ്പീക്കര്‍. എത്രയും വേഗം വിശദീകരണം നല്‍കണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്. സഭയില്‍ വെക്കുംമുമ്പേ സിഎജി റിപ്പോര്‍ട്ട് പുറത്തുവന്നത് സഭാംഗങ്ങളുടെ അവകാശങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി വി ഡി സതീശന് എംഎല്‍എ ആണ് ധനമന്ത്രിക്കെതിരെ പരാതി നല്‍കിയത്. നേരത്തെ നിയമസഭ എത്തിക്സ് ആൻഡ് പ്രിവിലേജ് കമ്മറ്റി യോഗത്തിൽ ഈ നോട്ടീസ് പരിഗണിക്കാത്തതിനെതിരെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
ഗവര്‍ണര്‍ക്ക് അയക്കേണ്ട സിഎജി റിപ്പോര്‍ട്ട് ചോര്‍ത്തിയെന്നും മാധ്യമങ്ങളിലടക്കം അതിന്റെ വിശദാംശങ്ങള്‍ പങ്കുവച്ചുവെന്നും അവകാശ ലംഘന പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഗുരുതരമായ ചട്ടലംഘനമാണ് മന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും സഭയുടെ പ്രത്യേക അവകാശങ്ങള്‍ ഹനിച്ച മന്ത്രിക്കെതിരെ നടപടി സ്വീകരിക്കണമെന്നാണുമാണ് വി ഡി സതീശന് എംഎല്‍എ ആവശ്യപ്പെട്ടിരുന്നത്.
മന്ത്രിമാര്‍ക്കെതിരായ അവകാശ ലംഘന പരാതികളില്‍ സ്വാഭാവികമായും സ്വീകരിക്കുന്ന നടപടിയാണ് സ്പീക്കറുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളത്. ധനമന്ത്രിയുടെ വിശദീകരണം പരിശോധിച്ചശേഷം അത് തൃപ്തികരമാണെങ്കില്‍ സ്പീക്കറുടെ വിവേചനാധികാരം ഉപയോഗിച്ച് നടപടികള്‍ അവസാനിപ്പിക്കാം. അല്ലെങ്കില്‍ പ്രിവിലേജസ് ആന്‍ഡ് എത്തിക്സ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിടാം. ആവശ്യമെങ്കില്‍ പ്രിവിലേജസ് കമ്മിറ്റി മന്ത്രിയുടെയും മറുഭാഗത്തിന്റെയും വിശദീകരണം തേടിയശേഷം നിര്‍ദ്ദേശം സ്പീക്കറെ അറിയിക്കും.
ഇതിനിടെ, ലൈഫ് മിഷനിൽ നിയമസഭാ സെക്രട്ടറിക്ക് നൽകിയ വിശദീകരണം മാധ്യമങ്ങൾക്ക് ചോർന്നതിനെക്കുറിച്ച് ഇഡിയോട് വിശദീകരണം തേടാൻ എത്തിക്സ് കമ്മിറ്റി തീരുമാനിച്ചു. ലൈഫ് മിഷൻ പദ്ധതിയുടെ ഫയലുകൾ വിളിച്ച് വരുത്തിയ നടപടിക്കെതിരെ ജെയിംസ് മാത്യു എംഎൽഎ നൽകിയ അവകാശ ലംഘന നോട്ടീസിൽ ഇഡിയോട് എത്തിക്സ് കമ്മിറ്റി വിശദീകരണം തേടിയിരുന്നു. പ്രതിപക്ഷത്തിന്റെ എതിർപ്പ് അവഗണിച്ചുകൊണ്ടാണ് ഇഡിയോട് വിശദീകരണം തേടാൻ എത്തിക്സ് കമ്മിറ്റി തീരുമാനിച്ചത്. എന്നാൽ സമിതിക്ക് മുന്നിലെത്തുന്നതിന് മുൻപ് ഇഡിയുടെ മറുപടി മാധ്യമങ്ങളിൽ വന്നുവെന്നും ഇത് ചട്ടലംഘനമെന്നും എത്തിക്സ് കമ്മിറ്റി വിലയിരുത്തി. ഏത് പദ്ധതിയുടെയും ഫയലുകള്‍ ആവശ്യപ്പെടാൻ അധികാരമുണ്ടെന്നായിരുന്നു ഇഡി നൽകിയ മറുപടി. നിയമസഭയുടെ ഒരു അധികാരവും എൻഫോഴ്സ്മെന്റ് ലംഘിച്ചിട്ടില്ലെന്നും ഇഡി വിശദീകരിച്ചിട്ടുണ്ട്.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.