മഹാനവമി- വിജയദശമി അവധി ദിനങ്ങളോടുനുബന്ധിച്ച് തിരക്ക് അനുഭവപ്പെടാൻ സാധ്യതയുള്ളതിനാൽ കെഎസ്ആർടിസി പ്രത്യേക അന്തർ സംസ്ഥാന സർവീസുകൾ നടത്തുമെന്ന് ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചു. സംസ്ഥാന സർവീസിലെ ബസ്സുകൾ ഇതിനായി ഉപയോഗപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി.
ബാംഗ്ലൂര്‍, മൈസൂര്‍ എന്നിവിടങ്ങളില്‍ നിന്ന് കേരളത്തിലെ വിവിധ ഇടങ്ങളിലേക്കും കേരളത്തിൽ നിന്ന് കൊല്ലൂർ – മൂകാംബികയിലേക്കും തിരിച്ചും യാത്രക്കാരുടെ തിരക്ക് അനുഭവപ്പെടാനിടയുള്ള സാഹചര്യത്തിലാണ് സർവ്വീസുകൾ ആരംഭിക്കുന്നത്. ഇതിനായി ഓൺലൈൻ റിസർവേഷൻ സൗകര്യം ഏർപ്പെടുത്തും. ഒക്ടോബര്‍ 21 മുതല്‍ നവംബര്‍ മൂന്ന് വരെയാണ് സര്‍വ്വീസുകൾ.
Also Read
'അന്വേഷണ ഏജന്‍സി പോലും കണ്ടെത്താത്ത കാര്യങ്ങള്‍ പത്രസമ്മേളനത്തിൽ'; കേന്ദ്രമന്തി വി.മുരളീധരൻ നടത്തിയത് സത്യാപ്രതിജ്ഞാ ലംഘനമെന്ന് CPM
സര്‍വ്വീസുകള്‍ 10% അധിക ഫ്ളെക്സി നിരക്കുള്‍പ്പെടെ എൻഡ് ടു എൻഡ് യാത്രാ നിരക്കിലാണ് ഓണ്‍ലൈനില്‍ ലഭ്യമാവുക. കേരള, കര്‍ണ്ണാടക, തമിഴ്നാട് സർക്കാരുകൾ തീരുമാനിച്ചിരിക്കുന്ന കോവിഡ് പ്രോട്ടോകോൾ കർശനമായി പാലിക്കാൻ യാത്രക്കാർ ബാധ്യസ്ഥരാണെന്ന് മന്ത്രി പറഞ്ഞു. കോവിഡ് ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് കേരളത്തിലേക്കുള്ള യാത്ര പാസ്സ് യാത്രാവേളയിൽ ഹാജരാക്കിയാൽ മാത്രമേ യാത്രാ അനുമതി ലഭ്യമാകൂ.
കര്‍ണ്ണാടകയിലേയ്ക്കുള്ള യാത്രക്കാര്‍ കര്‍ണ്ണാടക സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള സേവ സിന്ധു പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് യാത്രാ പാസ് ഉറപ്പാക്കണം. യാത്രക്കാര്‍ തീരെ കുറവുള്ള പക്ഷം ഏതെങ്കിലും സര്‍വ്വീസ് ഒഴിവാക്കേണ്ടി വന്നാൽ യാത്രക്കാര്‍ക്ക് മുഴുവന്‍ തുകയും തിരിച്ച് നൽകും. സര്‍വ്വീസുകള്‍ക്ക് കേരള, തമിഴ്നാട്, കര്‍ണാടക സർക്കാരുകൾ യാത്രാനുമതി നിഷേധിക്കുന്ന സാഹചര്യമുണ്ടായാല്‍ യാത്രക്കാര്‍ക്ക് ബുക്ക് ചെയ്ത മുഴുവന്‍ തുകയും റീഫണ്ട് ചെയ്ത് നൽകും.
Also Read
'ഹൈദരലി തങ്ങൾ മുന്നണിയുടെ ശക്തി ദുർഗം'; പാണക്കാട് സന്ദർശനം നടത്തി UDF കൺവീനർ എം.എം.ഹസ്സൻ
യാത്രാ ദിവസം കേരള, കര്‍ണ്ണാടക, തമിഴ്നാട് സർക്കാരുകൾ നൽകുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കാനും യാത്രക്കാര്‍ ബാധ്യസ്ഥരാണ്. ഇത് ലംഘിക്കുന്നവർക്ക് ടിക്കറ്റ് ചാര്‍ജ്ജ് റീഫണ്ട് ചെയ്ത് നൽകില്ല. യാത്രക്കാർ നിർബന്ധമായും മാസ്ക് ധരിക്കേണ്ടതാണ്. യാത്ര തുടങ്ങുന്നതിന് മുൻപ് തന്നെ ആരോഗ്യ സേതു ആപ്പ് മൊബൈലില്‍ ഇന്‍സ്റ്റാള്‍ ചെയ്യണം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.