കൊച്ചി: കളമശേരി മെഡിക്കൽ കോളേജിൽ ചികിത്സാ പിഴവ് മൂലം കോവിഡ് രോഗികൾ മരിച്ചെന്ന പരാതി ഉയർന്നതോടെയാണ് സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ആരോഗ്യവകുപ്പ് സെക്രട്ടറി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്. മെഡിക്കൽ വിദ്യാഭ്യാസ സ്പെഷൽ ഓഫീസർ ഹരികുമാറിന്റെ നേതൃത്വത്തിലുള്ള സംഘം രാവിലെയോടെ കളമശ്ശേരി മെഡിക്കൽ കോളേജിൽ എത്തി ഡോക്ടർ നജ്മ ഉൾപ്പെടെയുള്ളവരുടെ മൊഴി രേഖപ്പെടുത്തി.
മെഡിക്കൽ കോളേജ് സൂപ്രണ്ടിന്റെയും മൊഴി എടുത്തിട്ടുണ്ട്. ചികിത്സാ പിഴവുമായി ബന്ധപ്പെട്ട് നഴ്സിങ് ഓഫീസറുടെ ശബ്ദസന്ദേശവും ഡോക്ടർ നജ്മ സലീമിന്റെ വെളിപ്പെടുത്തലുമാണ് പ്രധാനമായും അന്വേഷണ ഉദ്യോഗസ്ഥൻ പരിശോധിക്കുന്നത്. ഇതിനു പുറമേ കളമശ്ശേരി മെഡിക്കൽ കോളേജിലെ കോവിഡ് വാർഡിലെ സൗകര്യങ്ങളെക്കുറിച്ചും ആശുപത്രിയിലെ മറ്റു വാർഡുകളിലെ ചികിത്സാ സംവിധാനങ്ങളെക്കുറിച്ചും പരിശോധിക്കും.
മെഡിക്കൽ കോളേജിനെതിരെ ഉയർന്ന ആരോപണങ്ങൾക്ക് പുറമേ ആശുപത്രിയിലെ മുഴുവൻ സംവിധാനങ്ങളെക്കുറിച്ച് പരിശോധന നടത്താനാണ് അന്വേഷണസംഘത്തിൻറെ തീരുമാനം. നഴ്സിങ് ഓഫീസർ ജലജാദേവിയുടെ മൊഴി നാളെ രേഖപ്പെടുത്താനാണ് സാധ്യത. മരിച്ച ഹാരിസ്, ബൈഹക്കി, ജമീല എന്നിവരുടെ ബന്ധുക്കളുടെ പരാതിയില്‍ പൊലീസിന്റെ അന്വേഷണവും പുരോഗമിക്കുകയാണ്.
സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് ഏഴ് ദിവസത്തിനകം സമര്‍പ്പിക്കണമെന്നാണ് ആരോഗ്യവകുപ്പ് സെക്രട്ടറിയുടെ നിർദേശം. ശബ്ദസന്ദേശത്തിൽ പറയുന്ന കാര്യങ്ങൾ അടിസ്ഥാന രഹിതമാണ് എന്നാണ് ആശുപത്രി അധികൃതർ നൽകിയിരുന്ന വിശദീകരണം. ശബ്ദസന്ദേശത്തിന് പിന്നിലുള്ളത് ആരെന്ന് കണ്ടെത്തണമെന്നും സമൂഹമാധ്യമങ്ങളിലൂടെ അത് പ്രചരിപ്പിച്ചവർക്കെതിരെയും മാതൃകാപരമായ നടപടിയെടുക്കണമെന്നും ആശുപത്രി അധികൃതരും ആവശ്യപ്പെട്ടിട്ടുണ്ട്.
Published by:Joys Joy
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.