• HOME
 • »
 • NEWS
 • »
 • kerala
 • »
 • SC-ST വിഭാഗത്തിന് പ്രത്യേക സ്പോർട്സ് ടീമുകൾ; തിരുവനന്തപുരം നഗരസഭയ്ക്ക് എതിരെ വിമർശനം ശക്തം

SC-ST വിഭാഗത്തിന് പ്രത്യേക സ്പോർട്സ് ടീമുകൾ; തിരുവനന്തപുരം നഗരസഭയ്ക്ക് എതിരെ വിമർശനം ശക്തം

തിരുവനന്തപുരം നഗരസഭ ഔദ്യോഗിക ടീമുകളുണ്ടാക്കിയപ്പോള്‍ പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്ക് വേണ്ടി പ്രത്യേക ടീമുണ്ടാക്കിയ നടപടിക്കെതിരെ വ്യാപക വിമര്‍ശനം

 • Share this:
  തിരുവനന്തപുരം: വിവിധ കായിക ഇനങ്ങളില്‍ തിരുവനന്തപുരം നഗരസഭ (Thiruvananthapuram Corporation) ഔദ്യോഗിക ടീമുകളുണ്ടാക്കിയപ്പോള്‍ പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്ക് വേണ്ടി പ്രത്യേക ടീമുണ്ടാക്കിയ നടപടിക്കെതിരെ വ്യാപക വിമര്‍ശനം. ഫുട്‌ബോള്‍, ഹാന്‍ഡ് ബോള്‍, വോളിബോള്‍, ബാസ്‌ക്കറ്റ് ബോള്‍, അത്‌ലറ്റിക്‌സ് എന്നീ കായിക ഇനങ്ങളിലാണ് നഗരസഭ ഔദ്യോഗിക ടീമുകളുണ്ടാക്കിയത്.

  ജനറല്‍ വിഭാഗം ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ഓരോ ടീമും എസ്‌സി-എസ്ടി വിഭാഗത്തിലെ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ഓരോ ടീമും ആണ് ഓരോ കായിക ഇനത്തിലും ഉണ്ടാവുക എന്നാണ് മേയര്‍ ആര്യ രാജേന്ദ്രന്‍ (Mayor Arya Rajendran) അറിയിച്ചത്. മറ്റൊരു ഭരണഘടന സ്ഥാപനങ്ങളിലും ഈ തരത്തില്‍ ജാതി അടിസ്ഥാനത്തില്‍ വെവ്വേറെ ടീമുകളുണ്ടാകാതിരിക്കേ തിരുവനന്തപുരം നഗരസഭയുടെ ഈ നടപടി വിവേചനമാണെന്നാണ് വിമര്‍ശനമുയര്‍ന്നിരിക്കുന്നത്.

  മേയറുടെ പ്രഖ്യാപനം പുറത്തുവന്നതോടെ പദ്ധതിക്കെതിരേ വിമർശനം ഉയർന്നിട്ടുണ്ട്. തീരുമാനത്തെ രൂക്ഷ ഭാഷയിൽ വിമർശിച്ച് ദളിത് ചിന്തകനും എഴുത്തുകാരനുമായ സണ്ണി എം കപിക്കാട് രംഗ​ത്തെത്തി. ജനറൽ വിഭാഗം ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ഓരോ ടീമും, എസ്.സി/എസ്.ടി വിഭാഗത്തിലെ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ഓരോ ടീമും ആണ് രൂപീകരിച്ചിരിക്കുന്നത്. ഈ തരംതിരിവിലൂടെ സ്പോർട്സിനെയും എസ്.സി, എസ്.ടി ജനവിഭാ​ഗങ്ങളെയും മേയർ അപമാനിച്ചിരിക്കുകയാണെന്ന് സണ്ണി എം. കപിക്കാട് വിമർശിച്ചു. വളരെ അലസമായ ജാതിബോധമാണ് മേയറെ ഭരിക്കുന്നതെന്നാണ് മനസിലാക്കുന്നത്. അത് തിരുത്താൻ മേയർ ആര്യ രാജേന്ദ്രൻ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

  നഗരത്തിലെ കായികതാരങ്ങളുടെയും കായിക പ്രേമികളുടെയും ചിരകാലാഭിലാഷം യാഥാർഥ്യമാവുകയാണ് എന്ന തലക്കെട്ടോടെയാണ് കഴിഞ്ഞ ദിവസം മേയർ ആര്യ രാജേന്ദ്രൻ ഫെയ്സ്ബുക്ക് പോസ്റ്റ് പങ്കുവെച്ചത്. അതിലാണ് എസ്.സി/എസ്.ടി വിഭാഗക്കാർക്ക് പ്രത്യേക ടീം രൂപീകരിക്കുമെന്ന് വ്യക്തമാക്കുന്നത്.

  നഗരസഭയ്ക്ക് സ്വന്തമായി സ്പോർട്സ് ടീം

  നഗരത്തിലെ കായികതാരങ്ങളുടെയും കായിക പ്രേമികളുടെയും ചിരകാലാഭിലാഷം യാഥാർഥ്യമാവുകയാണ്. ഫുട്ബോൾ, ഹാൻഡ് ബോൾ, വോളിബോൾ, ബാസ്കറ്റ് ബോൾ, അത്ലറ്റിക്സ് എന്നീ കായിക ഇനങ്ങളിൽ നഗരസഭാ ഔദ്യോഗികമായി ടീം ഉണ്ടാക്കും. ഇന്നലെ സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന സെലക്ഷൻ ക്യാമ്പ് സന്ദർശിച്ചു. 25 കുട്ടികളാണ് ഓരോ ടീമിലും ഉണ്ടാവുക. ജനറൽ വിഭാഗം ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ഓരോ ടീമും, എസ് /എസ്ടി വിഭാഗത്തിലെ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ഓരോ ടീമും ആണ് ഓരോ കായിക ഇനത്തിലും ഉണ്ടാവുക. ഇവർക്കാവശ്യമായ പരിശീലനം നഗരസഭ നൽകുകയും തലസ്ഥാനത്തടക്കം നടക്കുന്ന വിവിധ കായികമത്സരങ്ങളിൽ ഈ ടീം നഗരസഭയെ പ്രതിനിധീകരിച്ച് പങ്കെടുക്കും. ഇതൊരു സ്ഥിരം സംവിധാനമാക്കാനാണ് ആലോചിക്കുന്നത്. അതിന് വിപുലമായ പദ്ധതി നഗരസഭ ആസൂത്രണം ചെയ്യും. അതിന് വേണ്ടി കായിക താരങ്ങളുമായും , കായികപ്രേമികളുമായും കായികരംഗത്തെ വിദഗ്ധരുമായും സ്പോർട്സ് കൗൺസിൽ ഉൾപ്പെടെയുള്ള സർക്കാർ സംവിധാനങ്ങളുമായും ഉടൻ ചർച്ച നടത്തും. തുടർന്ന് ബൃഹത്തായ ഒരു പദ്ധതി ആസൂത്രണം ചെയ്ത് നടപ്പാക്കും.

  നമ്മുടെ കുട്ടികളുടെ കായികമായ കഴിവുകളെ കണ്ടെത്തി അവർക്ക് എല്ലാവിധ പിന്തുണയും നൽകി നാടിന്റെ അഭിമാനങ്ങളായി അവരെ മാറ്റി തീർക്കുക എന്നത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ്. അതിനാവശ്യമായതെല്ലാം നഗരസഭ ചെയ്യാൻ പരിശ്രമിക്കുകയാണ്. എല്ലാവരുടെയും പിന്തുണയും സഹകരണവും ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു.  ഫേസ്ബുക്കിൽ വിമർശനം ശക്തമായതോടെ വിശദീകരണവുമായി മേയർ രംഗത്തെത്തി  വിശദീകരണം ഇങ്ങനെ

  കഴിഞ്ഞ ദിവസം നഗരസഭയുടെ സ്പോർട്സ് ടീം രൂപീകരണവുമായി ബന്ധപ്പെട്ട് ഇട്ട പോസ്റ്റിനെ സംബന്ധിച്ച് ചില തെറ്റിദ്ധാരണകൾ ഉണ്ടായതായി ശ്രദ്ധയിൽപ്പെട്ടു. സദുദ്ദേശപരമായി നഗരസഭ എടുത്ത തീരുമാനത്തെ തെറ്റിദ്ധാരണജനകമായി വ്യാഖ്യാനിക്കപ്പെട്ടത് ഖേദകരമാണ്. കേരളത്തിൽ തന്നെ ആദ്യമായാണ് ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനം പതിവ് രീതികളിൽ നിന്ന് മാറി ഒരു പടികൂടി മുന്നിലോട്ട് നമ്മുടെ കായിക രംഗത്തെ നയിക്കാൻ ഒരു പദ്ധതി ആസൂത്രണം ചെയ്യുന്നത്. നഗരസഭയോ ഞാനോ ഉദ്ദേശിക്കാത്ത തരത്തിലാണ് വ്യാഖ്യാനങ്ങൾ എന്നതിനാൽ അതേ സംബന്ധിച്ച് ഒരു വിശദീകരണം ആവശ്യമാണെന്ന് തോന്നുന്നു.

  തിരുവനന്തപുരം നഗരസഭ ജനകീയസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി വർഷങ്ങളായി കളരി (ജനറൽ) കളരി (എസ് സി) എന്ന പ്രോജക്ട് ഹെഡിൽ ഫുട്ബോൾ, വോളിബോൾ, ബാസ്ക്കറ്റ് ബോൾ, അത്‌ലറ്റിക്സ് എന്നീയിനങ്ങളിൽ കായിക പരിശീലനം നടപ്പിലാക്കി വരുന്നു. നഗരത്തിലെ സർക്കാർ എയ്ഡഡ് സ്കൂളുകളിൽ പഠിക്കുന്നതും കായിക അഭിരുചി ഉള്ളതുമായ വിദ്യാർത്ഥി വിദ്യാർത്ഥിനികളെ ട്രയൽസ് നടത്തിയാണ് പരിശീലനത്തിനായി തിരഞ്ഞെടുക്കുന്നത്. ഇതിലേക്കായി വാർഷിക പദ്ധതിയുടെ ഭാഗമായി ജനറൽ ഫണ്ട് ഉപയോഗിച്ചും എസ് സി ഫണ്ട് ഉപയോഗിച്ചും പദ്ധതികൾ നടപ്പിലാക്കി വരുന്നു. ഇത്തരത്തിൽ സർക്കാർ മാനദണ്ഡം അനുസരിച്ച് ജനറൽ /എസ്സി ഫണ്ടുകൾ ഉപയോഗിക്കുമ്പോൾ കൂടുതൽ കുട്ടികൾക്ക് അവസരം നൽകാൻ സാധിക്കുന്നു എന്നതാണ് പ്രത്യേകത. ഓരോ കായിക ഇനത്തിലും ആൺകുട്ടികളിൽ നിന്നും 25 പേരെയും പെൺകുട്ടികളിൽ നിന്നും 25 പേരെയാണ് തിരഞ്ഞെടുക്കുന്നത് . തിരഞ്ഞെടുക്കപ്പെടുന്ന മുഴുവൻ കുട്ടികൾക്കും ഒരുമിച്ച് പരിശീലനം നൽകി ഓരോ ഇനത്തിലും നഗരസഭയുടെ ഓരോ ടീം രൂപീകരിക്കുക എന്നതാണ് ആശയം.

  ഇതിന്മേൽ ഇനിയും ചർച്ചകളും വിപുലീകരണവും ആവശ്യമാണ് എന്നും, അതിനായി നഗരത്തിലെ കായിക പ്രേമികളുമായും വിദഗ്ദരുമായും ചർച്ച നടത്തുമെന്നും നേരത്തെ സൂചിപ്പിച്ചിരുന്നു. അങ്ങനെ അതിവിപുലമായ ഒരു പദ്ധതിയായി ഇത് മാറുമെന്ന ആത്മവിശ്വാസമാണ് ഞങ്ങൾക്കുള്ളത്. അത്തരം ഒരു പദ്ധതിയെ വിവാദത്തിൽപ്പെടുത്തി തകർക്കാൻ ശ്രമിക്കുന്നത് ശരിയായ നിലപാടല്ല. അതുകൊണ്ട് ഈ വിശദീകരണത്തോടെ ഈ വിവാദം അവസാനിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
  Published by:Rajesh V
  First published: