കോഴിക്കോട്: ആലപ്പുഴ കണ്ണൂര്‍ എക്സിക്യൂട്ടീവ് ട്രെയിനില്‍ ഇന്നലെ രാത്രി തീയിട്ട സംഭവത്തിൽ അക്രമിയെ കുറിച്ച് സൂചനകൾ ലഭിച്ചതായി ഡിജിപി അനിൽകാന്ത്. അന്വേഷണത്തിന് പ്രത്യേകസംഘം രൂപീകരിക്കും. ഉത്തര മേഖല ഐജിയുടെ മേൽനോട്ടത്തിലാണ് അന്വേഷണം നടക്കുക. ആക്രമണത്തിൽ ഗൂഢാലോചനയുണ്ടോയെന്ന് അന്വേഷണത്തിനു ശേഷമേ പറയാനാകൂവെന്നും ഡിജിപി വ്യക്തമാക്കി.
ഇതിനിടയിൽ, അക്രമിയുടേതെന്ന് സംശയിക്കുന്നയാളുടെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. കാട്ടിലപ്പീടികയിലെ ഒരു പള്ളിയിൽ സ്ഥാപിച്ചിരിക്കുന്ന സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങളാണിത്.
ചുവപ്പ് കള്ളി ഷർട്ടും കറുത്ത പാന്റ്സും ധരിച്ചു നിൽക്കുന്ന യുവാവ് ഫോണിൽ സംസാരിക്കുന്നതും ഒരു സ്കൂട്ടറിൽ കയറി പോകുന്നതുമാണ് സിസിടിവി ദൃശ്യങ്ങളിലുള്ളത്. പ്രതിയുടെ രേഖാചിത്രവും തയ്യാറാക്കുന്നുണ്ട്. നിർണായക സാക്ഷി റാസിക്കിന്‍റെ സഹായത്തോടെയാണ് എലത്തൂർ പൊലീസ് രേഖചിത്രം തയ്യാറാക്കുന്നത്
എലത്തൂർ റെയിൽവേ സ്റ്റേഷൻ സമീപം ട്രാക്കിൽ നിന്ന് സംശയാസ്പദമായ സാഹചര്യത്തിൽ ഒരു ബാഗും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ബാഗിൽ ഇംഗ്ലീഷിലും ഹിന്ദിയലുമുള്ള കുറിപ്പുകൾ അടങ്ങിയ ബുക്കും അരക്കുപ്പി പെട്രോൾ, മൊബൈൽ ഫോൺ, ചാർജർ വസ്ത്രങ്ങൾ, ഭക്ഷണ സാധനങ്ങൾ, ടിഫിൻ ബോക്സുമാണ് പുറത്തെടുത്തത്.
റെയിൽവേ മന്ത്രലയവും സംഭവത്തിൽ വിശദമായ അന്വേഷണം നടത്തും. എടിഎസ് മേധാവിയും കോഴിക്കോട് എത്തുന്നുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Anil Kant DGP, Indian railways, Train fire