കോട്ടയം: കഴിഞ്ഞ ദിവസം ചങ്ങനാശേരിയില്‍ ബൈപാസിലുണ്ടായ ബൈക്ക് അപകടത്തിൽ മൂന്ന് ജീവനുകളാണ് പൊലിഞ്ഞത്. റേസിങ് നടത്തിയ ബൈക്ക് മറ്റൊരു ബൈക്കിലേക്ക് ഇടിച്ചുകയറിയാണ് അപകടം സംഭവിച്ചത്. അപകട സമയത്ത് പി എസ് ശരത്തിന്റെ ബൈക്കിന്റെ വേഗം 145 കിലോമീറ്ററായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്.
ശരത്തിന്റെ ഹെൽമറ്റിൽ ഘടിപ്പിച്ച ക്യാമറയിൽ പതിഞ്ഞ വീഡിയോ ദൃശ്യങ്ങളിൽ നിന്നാണ് പൊലീസിന് വേഗം സംബന്ധിച്ച വിവരം ലഭിച്ചത്. ഹെൽമറ്റ് ക്യാമറയിൽ രണ്ട് ഫയലുകളാണുള്ളതെന്ന് ഡിവൈ എസ് പി ആർ. ശ്രീകുമാർ പറഞ്ഞു. 'ഇടയ്ക്കിടെ ക്യാമറ സ്പീഡോ മീറ്ററിലേക്ക് ഫോക്കസ് ചെയ്യുന്നുണ്ട്. ഇതിൽ 144-145 കിലോമീറ്ററാണ് വേഗം കണിക്കുന്നത്. രണ്ടാമത്തെ ഫയലിൽ അപകടത്തിന്റെ തുടക്കത്തിലെ ദൃശ്യമാണന്നും ആർ ശ്രീകുമാർ പറഞ്ഞു.
സൗത്ത് സോൺ ട്രാഫിക് എസ് പി ബി കൃഷ്ണകുമാർ അപകടം നടന്ന സ്ഥലം സന്ദർശിച്ചു. പൊലീസ്, മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തുണ്ടായിരുന്നു. പ്രദേശത്ത് അപകടങ്ങൾ ഒഴിവാക്കുന്നതിനായി പ്രത്യേക പദ്ധതികൾ ആസൂത്രണം ചെയ്യാനും പരിശോധനകൾ കർശനമാക്കാനും എസ് പി നിർദേശം നൽകി.
അപകടത്തിൽ മരിച്ച പി എസ് ശരത്തിന് ഒപ്പമുണ്ടായിരുന്ന മൂന്ന് യുവാക്കളുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. മൂന്ന് ബൈക്കുകളിലാണ് യുവാക്കൾ ബൈപാസിൽ എത്തിയെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. മറ്റ് രണ്ട് ബൈക്കുകളും കസ്റ്റഡിയിൽ എടുത്തു. അപകട സമയത്ത് ശരത്ത് ധരിച്ചിരുന്ന ഹെൽമറ്റിൽ ഘടിപ്പിച്ച ക്യാമറയിലെ ദൃശ്യങ്ങൾ സൈബർ സെല്ലിന്റെ സഹായത്തോടെ പൊലീസ് വീണ്ടെടുക്കുകയായിരുന്നു.
Also Read- ഒളിമ്പിക്‌സില്‍ ഹോക്കിയില്‍ ഹാട്രിക് ഗോളുമായി വന്ദന; ടീമിനെ നയിച്ചത് ചരിത്രനേട്ടത്തിലേക്ക്
ജൂലൈ 28ന് നടന്ന അപകടത്തിൽ പോത്തോട് അമൃതശ്രീ വീട്ടില്‍ മുരുകന്‍ ആചാരി(67), ചങ്ങനാശ്ശേരി ടി ബി റോഡില്‍ കാര്‍ത്തിക ജൂവലറി ഉടമ പുഴവാത് കാര്‍ത്തികഭവനില്‍ സേതുനാഥ് നടേശന്‍ (41), പുതുപ്പള്ളി തച്ചുകുന്ന് പാലച്ചുവട്ടില്‍ പി എസ് ശരത് (18) എന്നിവരാണ് മരിച്ചത്. ബൈപ്പാസ് റോഡില്‍ രാത്രി ആറരയോടെയായിരുന്നു അപകടം.
മുരുകന്‍ ആചാരി പുഴവാതിലെ വീട്ടിലെത്തി സേതുനാഥിനെയുംകൂട്ടി കോട്ടയത്തേക്കുപോകുന്ന വഴിയാണ് അപകടമുണ്ടായത്. ഇവര്‍ കച്ചവടാവശ്യത്തിനായാണ് പോയത്. സേതുനാഥ് ഓടിച്ചിരുന്ന ബൈക്കിലേക്ക്, റേസിങ് നടത്തുകയായിരുന്ന ശരത്തിന്റെ ബൈക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ മൂന്നുപേരും റോഡിലേക്ക് തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റു.
Also Read- ജപ്തി ചെയ്ത വീട്ടിലെ നിലവിളക്ക് മോഷ്ടിച്ചയാളെ പോലീസ് പിടികൂടി
രണ്ടുപേര്‍ സംഭവസ്ഥലത്തും മുരുകനാചാരി ചെത്തിപ്പുഴ ആശുപത്രിയിലും മരിച്ചു. റേസിങ്ങിനെത്തിയ മറ്റൊരു ബൈക്ക് അപകടം നടന്നയുടനെ നിര്‍ത്താതെ പോയതായി ദൃക്സാക്ഷികൾ പറഞ്ഞു. അമിതവേഗത്തിൽ പലതവണ റോഡിലൂടെ അങ്ങോട്ടും ഇങ്ങോട്ടും പാഞ്ഞ ബൈക്കാണ് അപകടത്തിൽപ്പെട്ടതെന്ന് നാട്ടുകാർ പറയുന്നു. ചങ്ങനാശേരി ബൈപ്പാസില്‍ ഇത്തരം അഭ്യാസങ്ങൾ പതിവാണെന്നും നാട്ടുകാർ വ്യക്തമാക്കുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Accident Death, Bike accident, Bike racing, Changanassery