കണ്ണൂർ സർവകലാശാല സിലബസ് വിവാദത്തിൽ SFIയിൽ ഭിന്നത: സംസ്ഥാന സെക്രട്ടറിയെ തള്ളി കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം
കണ്ണൂർ സർവകലാശാല സിലബസ് വിവാദത്തിൽ SFIയിൽ ഭിന്നത: സംസ്ഥാന സെക്രട്ടറിയെ തള്ളി കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം
വിവാദ സിലബസ് പിൻവലിക്കണമെന്ന നിലപാടാണ് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയും എംഎൽഎയുമായ സച്ചിൻ ദേവ് സ്വീകരിച്ചത്. എന്നാൽ ഇതിനെ തള്ളി കേന്ദ്ര സെക്രട്ടേറിയേറ്റ് അംഗം നിധീഷ് നാരായണൻ രംഗത്തെത്തി
കണ്ണൂർ: കണ്ണൂർ സർവകലാശാലയിലെ വിവാദ സിലബസിനെ ചൊല്ലി എസ് എഫ് ഐയിലും ഭിന്നത. ആർഎസ്എസ് നേതാക്കളുടെ പുസ്തകങ്ങൾ പഠിപ്പിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി നിലപാട് എടുത്തപ്പോൾ അതിനെ തള്ളി സംഘടനയുടെ കേന്ദ്ര സെക്രട്ടേറിയറ്റംഗം തന്നെ രംഗത്ത് വന്നതോടെയാണ് വിഷയത്തിൽ സംഘടനയുടെ അകത്ത് ഭിന്നാഭിപ്രായമുണ്ടെന്ന കാര്യം പരസ്യമായത്.
കണ്ണൂർ സർവകലാശാലയുടെ വിവാദമായ പി ജി സിലബസ് പിൻവലിക്കണമെന്ന് എസ് എഫ് ഐ സംസ്ഥാന സെക്രട്ടറിയും എം എൽ എയുമായ സച്ചിൻ ദേവ് നിലപാട് എടുത്തപ്പോൾ കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം നിധീഷ് നാരായണൻ അതിനെ തള്ളി രംഗത്തെത്തി. ആർ എസ് എസ് നേതാക്കളുടെ പുസ്തകവും സർവകലാശാലകൾ പഠിപ്പിക്കണമെന്ന് നിധീഷ് നാരായണൻ പറഞ്ഞു. ഇക്കാര്യത്തിൽ യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാൻ എം കെ.ഹസ്സന്റേതാണ് ശരിയായ നിലപാടെന്നും നിധീഷ് വ്യക്തമാക്കി. യൂണിവേഴ്സിറ്റിയിൽ താലിബാനിസം പാടില്ലെന്നും നിധീഷ് നാരായണൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
എന്നാൽ താൻ പറയുന്നതാണ് സംഘടനയുടെ ഔദ്യോഗിക നിലപാടെന്നും മാറ്റാരെങ്കിലും പറയുന്നതല്ല സംഘടനയുടെ നിലപാടെന്നും സച്ചിൻ ദേവ് വ്യക്തമാക്കി. ഇക്കാര്യത്തിൽ ഭിന്നാഭിപ്രായം പ്രകടിപ്പിച്ച യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാൻ എം കെ ഹസ്സന്റെ പ്രതികരണം പരിശോധിക്കുമെന്നും സച്ചിൻ ദേവ് അറിയിച്ചു.
സവർക്കറുടെ ഒരു പുസ്തകം ഞാൻ ആദ്യമായി വായിക്കുന്നത് ജെ എൻ യുവിലെ എംഎ കാലത്താണ്. അതും സംഘപരിവാരത്തിന്റെ വലിയ വിമർശകരിൽ ഒരാളായ പ്രൊഫസർ നിവേദിത മേനോൻ പഠിപ്പിച്ച പൊളിറ്റിക്കൽ തോട്ട് എന്ന കോഴ്സിന്റെ ഭാഗമായി. അംബേദ്ക്കറിന്റെയും ഗാന്ധിയുടെയും എ കെ രാമാനുജന്റെയുമൊക്കെ രചനകൾ ഒപ്പമുണ്ടായിരുന്നു. ആ ക്ലാസിൽ ഇരുന്നിട്ട് ആരെങ്കിലും ഹിന്ദുത്വത്തിന്റെ പിന്നാലെ പോയെന്ന് ഏതെങ്കിലും ഒരാൾ പറയുമെന്ന് തോന്നുന്നില്ല.
സവർക്കർ മുന്നോട്ടുവച്ചതുൾപ്പടെ എല്ലാ രാഷ്ട്രീയ ധാരകളെയും വിമർശനാത്മകമായി പഠിക്കാൻ അവസരമുണ്ടാകണമെന്ന് കണ്ണൂർ യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാൻ സഖാവ് ഹസൻ പറഞ്ഞതിനൊപ്പമാണ്. വിമർശനാത്മകവും സംവാദാത്മകവും ധൈഷണികവുമായ അക്കാദമിക് അന്തരീക്ഷമാണ് ഒരുക്കപ്പെടേണ്ടത്. താലിബാനിസമല്ല.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.