നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കാര്യവട്ടം ക്രിക്കറ്റ് സ്റ്റേഡിയം നാശത്തിന്റെ വക്കിൽ; അടിയന്തിര അറ്റകുറ്റപ്പണി ആരംഭിക്കാൻ കെസിഎയ്ക്ക് സർക്കാർ നിർദേശം

  കാര്യവട്ടം ക്രിക്കറ്റ് സ്റ്റേഡിയം നാശത്തിന്റെ വക്കിൽ; അടിയന്തിര അറ്റകുറ്റപ്പണി ആരംഭിക്കാൻ കെസിഎയ്ക്ക് സർക്കാർ നിർദേശം

  സ്പോർട്സ് ഹബ്ബിനെ സംരക്ഷിക്കാൻ ഏതറ്റംവരേയും പോകുമെന്നു സ്റ്റേഡ‍ിയം സന്ദർശിച്ച കായികമന്ത്രി വി.അബ്ദുറഹിമാൻ പറഞ്ഞു.

  • Share this:
  തിരുവനന്തപുരം: നാശത്തിന്റെ വക്കിലെത്തിയ രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയമായ കാര്യവട്ടം സ്പോർട്സ് ഹബിന് ശാപമോക്ഷമാകുന്നു. അറ്റകുറ്റപ്പണികൾ ഉടൻ ആരംഭിക്കാൻ കേരളാ ക്രിക്കറ്റ് അസോസിയേഷന് സംസ്ഥാന സർക്കാർ നിർദേശം നൽകി. സ്പോർട്സ് ഹബ്ബിനെ സംരക്ഷിക്കാൻ ഏതറ്റംവരേയും പോകുമെന്നു സ്റ്റേഡ‍ിയം സന്ദർശിച്ച കായികമന്ത്രി വി.അബ്ദുറഹിമാൻ പറഞ്ഞു.

  കായിക കേരളത്തിന്റെ അഭിമാനമായ സ്പോർട്സ് ഹബ്ബിന്റെ ദയനീയാവസ്ഥ കേട്ടറിഞ്ഞെത്തിയ കായികമന്ത്രി കണ്ടത് ഞെട്ടിക്കുന്ന ദൃശ്യങ്ങൾ. കരിഞ്ഞുണങ്ങിയ ടർഫ്; ഇന്ത്യയുടേയും ന്യൂസീലാൻഡിന്റേയും വെസ്റ്റ് ഇൻഡീസിന്റേയുമൊക്കെ കേൾവികേട്ട താരങ്ങൾ പറന്നു പന്തു പിടിച്ച മൈതാനത്ത് അവിടവിടെ കൂറ്റൻ കുഴികൾ. ബിജെപിയുടെ തെരഞ്ഞെടുപ്പ് റാലിയും കരസേനയുടെ റിക്രൂട്ട്മെന്റ് റാലിയുമാണ് ടീം ഇന്ത്യയുടെ പ്രിയ മൈാനത്തെ അക്ഷരാർഥത്തിൽ ഇല്ലാതാക്കിയത്.

  പതിനായിരങ്ങൾ ആർത്തുവിളിച്ച ഗ്യാലറികൾ കണ്ടാൽ ഏതു ക്രിക്കറ്റ് പ്രേമിയുടേയും കണ്ണുകൾ നിറയും. ആൽമരത്തിന്റെ തൈകൾ വളർന്നു നിൽക്കുന്ന ഗ്യാലറിയും പൊട്ടിപ്പൊളിഞ്ഞ കസേരകളും. വിരാട് കോഹ്ലിയും എംസ് ധോണിയും  കെയ്ൻ വില്യംസണുമൊക്കെ ഇരുന്ന ഡ്രസിംഗ് റൂമുകളുടേയും ഡഗ് ഔട്ടുകളുടേയും അവസ്ഥ അതിദയനീയം. പൊട്ടിപ്പൊളിഞ്ഞ് ചിതൽപ്പുറ്റ് നിറഞ്ഞ് ഡ്രസിംഗ് റൂം. കെസിഎ പരിപാലിക്കുന്ന അഞ്ചു പിച്ചുകൾ മാത്രമാണ് തെല്ലൊരാശ്വാസം നൽകുന്നത്. ക്യൂറേറ്റർ ബിജുവിന്റെ നേതൃത്വത്തിൽ കൃത്യമായി പിച്ചുകൾ സംരക്ഷിക്കുന്നുണ്ട്.

  സ്പോർട്സ് ഹബ്ബിന്റെ നഷ്ടപ്രതാപം തിരിച്ചുപിടിക്കാൻ എല്ലാ പിന്തുണയും മന്ത്രി അബ്ദുറഹിമാൻ വാഗ്ദാനം ചെയ്തു. സ്പോർട്സ് ഹബിന്റെ അവസ്ഥ പരമ ദയനീയമെന്ന് മന്ത്രി പറഞ്ഞു. ഇത്രയും സുന്ദരമായ സ്റ്റേ‍ഡിയം ഇങ്ങനെ കാണുന്നതിൽ കായികപ്രേമി എന്ന നിലയിൽ വലിയ ദു:ഖമുണ്ട്. അന്താരാഷ്ട്ര മത്സരങ്ങൾ നടക്കുന്ന സ്റ്റേഡിയത്തെ അതിന്റെ ശരിയായ രൂപത്തിൽ കൊണ്ടുനടക്കുന്നതിൽ ഉത്തരവാദിത്വപ്പെട്ടവർ പരാജയപ്പെട്ടു. മറ്റ് ആവശ്യങ്ങൾക്ക് സ്റ്റേഡിയം വിട്ടുകൊടുത്തതാണ് അതിനു കാരണം. അതിനാൽ ഇനിമേലിൽ കളിക്കളങ്ങൾ മറ്റ് ആവശ്യങ്ങൾക്ക് നൽകുന്നത് നിരോധിച്ച് സർക്കാർ ഉത്തരവിറക്കും.

  അടിയന്തിരമായി കേരളാ ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേ‍‍ഡിയത്തിന്റെ അറ്റകുറ്റപ്പണി ആരംഭിക്കും. വീണ്ടും രാജ്യാന്തര മത്സരങ്ങൾ വരണമെങ്കിൽ ഇത്തരം സ്റ്റേഡിയങ്ങളുടെ നാശം അനുവദിക്കാൻ പാടില്ല. അതു കായിക മുന്നേറ്റത്തിന് തടസ്സമുണ്ടാകും. ഈ സ്റ്റേ‍ഡിയം മാത്രമല്ല, ഇനി നിർമിക്കാൻ ഉദ്ദേശിക്കുന്ന 90 സ്റ്റേഡിയങ്ങൾക്കും ഇത്തരം അവസ്ഥയുണ്ടാകാൻ പാടില്ല. സ്പോർട്സ് കേരളാ ലിമിറ്റഡ് ആരംഭിക്കുന്നതോടെ സ്റ്റേ‍ഡിയങ്ങളുടെ ദുരവസ്ഥയ്ക്ക് പരിഹാരമാകുമെന്നും മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. സ്റ്റേഡിയം സംരക്ഷിക്കാൻ എന്തു ചെയ്യണമെന്ന കാര്യത്തിൽ ഒരാഴ്ചയ്ക്കം റിപ്പോർട്ട് നൽകാൻ സ്പോർട്സ് ഡയറക്ടർക്ക് മന്ത്രി നിർദേശം നൽകി. സ്പോർട്സ് ഹബ്ബ് സ്റ്റേഡിയത്തെ അതിന്റെ പഴയ പ്രതാപത്തിലെത്തിക്കാൻ ഏതറ്റംവരെയും പോകാൻ സർക്കാർ തയാറാണെന്നും മന്ത്രി പറഞ്ഞു.

  അറ്റകുറ്റപ്പണികൾ ഉടൻ ആരംഭിക്കുമെന്ന് കേരളാ ക്രിക്കറ്റ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ശ്രീജിത് വി.നായർ പറഞ്ഞു. സർക്കാരിന്റേയും കായികമന്ത്രിയുടേയും പെട്ടെന്നുള്ള ഇടപെടലിന് കെസിഎ നന്ദി പറഞ്ഞു. ഇന്ത്യയുടെ ക്രിക്കറ്റ് കലണ്ടറിൽ കാര്യവട്ടം സ്റ്റേ‍ഡിയം ഇടംപിടിച്ചതായിരുന്നു. കേരളം ആസ്ഥാനമായി പുതിയ ഐപിഎൽ ഫ്രാഞ്ചൈസിക്കും സാധ്യതയുണ്ടായിരുന്നു. സ്റ്റേ‍ഡിയം നശിച്ചതോടെ അതിനുള്ള അവസരവും ഇല്ലാതായി. അടുത്ത വർഷം രണ്ട് അന്താരാഷ്ട്ര മത്സരങ്ങൾ ലഭിക്കാൻ സാധ്യതയുണ്ട്. അതിനു മുന്നോടിയായി രഞ്ജി ട്രോഫി മത്സരങ്ങൾ നടത്തി പട്ടികയിൽ ഇടംപിടിക്കേണ്ടതുണ്ട്. 60 മുതൽ 65 ലക്ഷം രൂപയ്ക്കു മുകളിലാണ് സ്റ്റേ‍ഡിയത്തിന്റെ അറ്റകുറ്റപ്പണിക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. മൈതാനം പൂർവസ്ഥിതിയിലാക്കാൻ മാത്രം മൂന്നു മാസമെങ്കിലും വേണ്ടി വരുമെന്നാണ് വിലയിരുത്തൽ. കേരളത്തിൽ രാജ്യാന്തര ക്രിക്കറ്റ് മത്സര നടത്തിപ്പിന് സ്പോർട്സ് ഹബ്ബ് മാത്രമാണ് ഇപ്പോൾ പരിഗണനയിൽ ഉള്ളതെന്നും കെസിഎ ഭാരവാഹികൾ പറഞ്ഞു.
  Published by:Naveen
  First published: