Sprinklr Row| സ്പ്രിങ്ക്ളറിനെ മാത്രം എങ്ങനെ തെരഞ്ഞെടുത്തു? ഹൈക്കോടതിയിൽ നടന്നത് മണിക്കൂറുകൾ നീണ്ട വാദം

Sprinklr Row | രാവിലെയും ഉച്ചയ്ക്ക് ശേഷവുമായി നടന്നത് മണിക്കൂറുകൾ നീണ്ട വാദം കേൾക്കൽ

News18 Malayalam | news18-malayalam
Updated: April 24, 2020, 4:40 PM IST
Sprinklr Row| സ്പ്രിങ്ക്ളറിനെ മാത്രം എങ്ങനെ തെരഞ്ഞെടുത്തു? ഹൈക്കോടതിയിൽ നടന്നത് മണിക്കൂറുകൾ നീണ്ട വാദം
News18
  • Share this:
കൊച്ചി: സ്പ്രിങ്ക്ളറുമായി സംസ്ഥാന സർക്കാർ ഉണ്ടാക്കിയ കരാർ റദ്ദാക്കണമെന്ന ഹർജികൾ ഫയലിൽ സ്വീകരിച്ച ഹൈക്കോടതി, സംസ്ഥാനത്തെ കോവിഡ് പ്രതിരോധത്തെ ബാധിക്കുന്ന തരത്തില്‍ ഇപ്പോള്‍ ഇടപെടുന്നില്ലെന്ന് ഇടക്കാല ഉത്തരവിൽ ചൂണ്ടിക്കാട്ടി. ഹർജിക്കാരുടെ ആരോപണങ്ങളെ കുറിച്ച് ഈ ഘട്ടത്തിൽ എന്തെങ്കിലും പറയാൻ തയാറല്ലെന്ന് അറിയിച്ച കോടതി, ഡാറ്റയുടെ രഹസ്യ സ്വഭാവത്തിൽ ലംഘനം ഉണ്ടാകാൻ പാടില്ലെന്നും നിർദേശിച്ചു. രാവിലെയും ഉച്ചയ്ക്ക് ശേഷവുമായി നടന്നത് മണിക്കൂറുകൾ നീണ്ട വാദം കേൾക്കലാണ്.

പ്രത്യക്ഷമായോ പരോക്ഷമായോ ഡാറ്റകളിലെ വിവരങ്ങള്‍ വാണിജ്യ ആവശ്യത്തിനായി ഒരു കാരണവശാലും ഉപയോഗിക്കാന്‍ പാടില്ലെന്ന് കോടതി വ്യക്തമാക്കി. കേരള സർക്കാരിന്റെ പേരോ സംസ്ഥാനത്തിന്റെ ഔദ്യോഗിക ചിഹ്നമോ സ്പ്രിങ്ക്ളർ ഒരു കാരണവശാലും പരസ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ പാടില്ലെന്നും കരാർ കാലാവധിക്ക് ശേഷം എല്ലാ ഡാറ്റയും സർക്കാരിന് തിരികെ നൽകണമെന്നും കോടതി നിർദേശിച്ചു.

BEST PERFORMING STORIES:COVID 19| തബ് ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവരുമായി സമ്പർക്കം: 13 മദ്രസ വിദ്യാർഥികൾക്ക് രോഗം സ്ഥിരീകരിച്ചു [NEWS]COVID 19| 'ത്രിപുര കൊറോണ മുക്ത സംസ്ഥാനം'; പ്രഖ്യാപനവുമായി മുഖ്യമന്ത്രി ബിപ്ലബ് ദേബ് [NEWS]ലഹരിയ്ക്കായി കോഫി-കോളാ മിശ്രിതം; ആരോഗ്യത്തിന് അതീവ ഹാനീകരമെന്ന് വിദഗ്ധർ [NEWS]

സർക്കാരിനോട് ഹൈക്കോടതി ചോദിച്ചത് ?

സ്പ്രിങ്ക്ളറിനെ മാത്രം എങ്ങനെയാണ് തെരഞ്ഞെടുത്തത്, നിയമവകുപ്പ് കാണാതെ ഐ.ടി സെക്രട്ടറി എന്തിന് സ്വന്തം നിലയില്‍ തീരുമാനമെടുത്തു, ന്യൂയോര്‍ക്ക് കോടതിയെ എന്തിന് വ്യവഹാരത്തിന് വെച്ചു, ഡാറ്റ ചോര്‍ച്ച ഉണ്ടായാല്‍ ആര്‍ക്കെതിരെ കേസ് കൊടുക്കണം, ലോകാരോഗ്യ സംഘടനക്ക് കൊടുത്ത സോഫ്റ്റ് വെയറും കേരളത്തിന്റെ സോഫ്റ്റ് വെയറും രണ്ടല്ലേ, സ്വകാര്യതയും വിവര സുരക്ഷയും പ്രധാനമല്ലേ, സ്പ്രിങ്ക്ളറിന്റെ വിശ്വാസ്യതയെക്കുറിച്ച് സര്‍ക്കാര്‍ എന്തുകൊണ്ട് പറയുന്നില്ല, കോവിഡിന് മുമ്പ് സ്പ്രിങ്ക്ളറുമായി ചര്‍ച്ച നടത്തിയത് എന്തിന്, സ്പ്രിങ്ക്ളറിന് എല്ലാ ഡാറ്റയിലും നിയന്ത്രണമുണ്ടോ, ഡാറ്റ ചോര്‍ച്ചയില്‍ അമേരിക്കയില്‍ കേസ് നടത്തേണ്ട സാഹചര്യമുണ്ടാകുമോ?

ഹർജിക്കാർ ആരെല്ലാം?

വിവരങ്ങള്‍ സ്പ്രിങ്ക്ളറിന് കൈമാറിയതില്‍ അന്വേഷണമാവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശി ബാലു ഗോപാലകൃഷ്ണന്‍, ആലുവ സ്വദേശി മൈക്കിള്‍ വര്‍ഗീസ് എന്നിവരാണ് ഹര്‍ജി നല്‍കിയത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, പരിസ്ഥിതി പ്രവര്‍ത്തകന്‍ സി.ആര്‍. നീലകണ്ഠന്‍ എന്നിവര്‍ പിന്നീട് കക്ഷി ചേര്‍ന്നു.
സർക്കാരിന് വേണ്ടി മുംബൈയിൽ നിന്ന് സൈബര്‍ വിദഗ്ധയായ അഭിഭാഷക എന്‍ എസ് നപ്പിനൈ ആണ് ഹാജരായത്.

ഹർജിക്കാരുടെ ആവശ്യം ?

വിവര സംരക്ഷണം മൗലികാവകാശമാണെന്നും അത് ലംഘിക്കുന്ന കരാര്‍ റദ്ദാക്കണമെന്നുമാണ് ആവശ്യം. ഡാറ്റാ സുരക്ഷയുടെ കാര്യത്തില്‍ സര്‍ക്കാര്‍ വ്യക്തത വരുത്തിയിട്ടില്ല അതിനാല്‍ അരക്ഷിതാവസ്ഥ തുടരുകയാണെന്നും ഹര്‍ജിക്കാര്‍ ആരോപിച്ചു. ഇതുവരെ സ്പ്രിങ്ക്ളറില്‍ അപ് ലോഡ് ചെയ്ത ഡാറ്റയുടെ കാര്യത്തില്‍ എന്ത് സുരക്ഷയാണ് നല്‍കാനാകുക എന്നതിന് വ്യക്തമായൊരു വിശദീകരണം സര്‍ക്കാര്‍ നല്‍കിയിട്ടില്ലെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. ശേഖരിക്കുന്ന വിവരങ്ങള്‍ സുരക്ഷിതമാണോയെന്ന് യാതൊരു കാരണവശാലും പറയാനാകുന്നില്ലെന്നും ഹർജിക്കാർ പറഞ്ഞു.

സ്വകാര്യത ചോരുമോയെന്ന ഭയമാണോ ഹര്‍ജിക്കാരനെന്ന് കോടതി ചോദിച്ചു. തന്റെ മൗലികാവകാശങ്ങള്‍ ലംഘിക്കപ്പെടുമെന്നാണ് ആശങ്കയെന്ന് ഹര്‍ജിക്കാരന്‍ മറുപടി നല്‍കി.

സ്പ്രിങ്ക്ളര്‍ കമ്പനിയുമായി കരാർ ഉണ്ടാക്കുന്നതിന് മുമ്പ് തന്നെ കമ്പനിക്ക് ഡാറ്റ കൈമാറാൻ തദ്ദേശ സ്വയം ഭരണ സെക്രട്ടറി ഉത്തരവ് ഇറക്കിയെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ അഭിഭാഷകന്റെ വാദം. നിലവിലെ വ്യവസ്ഥകള്‍ വെച്ച് ഈ കരാര്‍ റദ്ദാക്കപ്പെടേണ്ടതാണെന്നും ചെന്നിത്തലയുടെ അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കി. വ്യക്തികളുടെ വിവരങ്ങള്‍ പുറത്തുപോകുന്നത് രാജ്യ താത്പര്യത്തിന് തന്നെ എതിരാണെന്നും ചെന്നിത്തലയുടെ അഭിഭാഷകന്‍ കോടതിയുടെ ചോദ്യത്തിന് ഉത്തരമായി പറഞ്ഞു.

സർക്കാരിന്റെ മറുപടി ?

യാതൊരു കാരണവശാലും ഡാറ്റ ചോരില്ലെന്നും മൂന്നമതൊരാള്‍ക്ക് ഇതില്‍ തൊടാന്‍ പോലുമാകില്ലെന്നും സര്‍ക്കാര്‍ നേരത്തെ കോടതിയെ ബോധിപ്പിച്ചിരുന്നു. നിയമപരമായ എല്ലാ ബാധ്യതയും ലഭിക്കുമെന്നും ഡാറ്റ സൂക്ഷിച്ചിരുക്കുന്നത് മുംബൈയിലെ സര്‍വറിലാണെന്നും ആമസോണ്‍ ക്ലൗഡിലാണെന്നും പരീക്ഷണഘട്ടത്തില്‍ മാത്രമാണ് സ്വകാര്യ കമ്പനിയുടെ സര്‍വറിലേക്ക് ഡാറ്റ പോയതെന്നും പിന്നീട് പാസ് വേഡ് മാറ്റി സര്‍ക്കാരിന്റെ നിയന്ത്രണത്തിലാക്കിയെന്നും സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

സ്പ്രിങ്ക്ളറിന് എതിരെ ഇന്ത്യന്‍ കോടതിയില്‍ കേസ് നടത്താന്‍ കഴിയുമെന്നും ഡാറ്റ ദുരുപയോഗം ചെയ്യാതിരിക്കാന്‍ നടപടി എടുത്തിട്ടുണ്ടെന്നും കോടതിയെ അറിയിച്ച സര്‍ക്കാര്‍ സ്പ്രിങ്ക്ളറിനെ തെരഞ്ഞെടുത്തത് സംബന്ധിച്ച് പ്രത്യേക സത്യവാങ്മൂലം നല്‍കാമെന്നും ഡാറ്റ എന്തിന് ഉപയോഗിക്കണമെന്ന് വ്യവസ്ഥയുണ്ടെന്നും ബാധിപ്പിച്ചു. സ്പ്രിങ്ക്ളര്‍ മാത്രമാണ് വിദേശത്ത് നടന്ന കോണ്‍ക്ലേവില്‍ പങ്കെടുത്തത്. ഏപ്രില്‍ രണ്ടിന് ഒപ്പുവച്ചത് സ്പ്രിങ്ക്ളറിന്റെ സോഫ്റ്റ് വെയര്‍ ഉപയോഗിക്കുന്നതിനുള്ള കരാറാണെന്നും സര്‍ക്കാര്‍ വിശദീകരിച്ചു.
‍‌
നിര്‍ബന്ധപൂര്‍വം വിവരങ്ങള്‍ ശേഖരിക്കുന്നതിന് തെളിവുണ്ടോയെന്ന് കോടതി

സര്‍ക്കാര്‍ നിര്‍ബന്ധപൂര്‍വം വിവരങ്ങള്‍ ശേഖരിക്കുന്നതിന് തെളിവുണ്ടോയെന്ന് ഹര്‍ജിക്കാരനോട് കോടതി ചോദിച്ചു. നിര്‍ബന്ധിച്ച് വിവരങ്ങള്‍ ശേഖരിച്ചതായി പരാതി കിട്ടിയിട്ടില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. സ്പ്രിങ്ക്ളറിന് മാത്രമേ ഇക്കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുകയുള്ളോ, ഡാറ്റ ശേഖരണത്തിന് സ്പ്രിങ്ക്ളറിനെ എന്തുകൊണ്ട് തെരഞ്ഞെടുത്തു, സ്പ്രിങ്ക്ളറിന്റെ വിശ്വാസ്യതയെക്കുറിച്ച് സര്‍ക്കാര്‍ എന്തുകൊണ്ട് പറയുന്നില്ല, കോവിഡിന് മുമ്പ് സ്പ്രിങ്ക്ളറുമായി ചര്‍ച്ച നടത്തിയത് എന്തിനായിരുന്നു, ഇന്ത്യന്‍ ടെക്‌നോളജി എന്തുകൊണ്ട് ഉപയോഗിച്ചില്ല എന്നീ ചോദ്യങ്ങള്‍ ഉന്നയിച്ച കോടതി സ്പ്രിങ്ക്ളറിന്റെ വിശ്വാസ്യതയെ കുറിച്ച് സര്‍ക്കാര്‍ പറയുന്നില്ലെന്നും ചൂണ്ടിക്കാട്ടി.

കോവിഡിന് മുന്‍പെ സ്പ്രിങ്ക്ളറുമായി ചര്‍ച്ചനടത്തിയത് ഏത് സാഹചര്യത്തിലാണെന്ന് വ്യക്തമാക്കണം. സ്പ്രിങ്ക്ളറുമായി ചര്‍ച്ചനടത്തി 18 ദിവസത്തിന് ശേഷമാണ് കരാര്‍ ഒപ്പിട്ടത്. എന്നിട്ട് എന്തുകൊണ്ട് മറ്റു കമ്പനികളെ അന്വേഷിച്ചില്ല. ഡാറ്റ ചോര്‍ച്ചയുടെ പേരില്‍ അമേരിക്കയില്‍ കേസ് നടത്താന്‍ പോകേണ്ട സാഹചര്യം ഉണ്ടാകരുതെന്നും കോടതി പറഞ്ഞു.

കോവിഡ് പ്രതിരോധത്തില്‍ സര്‍ക്കാരിനൊപ്പം കോടതിയുമുണ്ട്. വ്യക്തികളുടെ സുരക്ഷ മാത്രമാണ് മുന്‍ഗണന. സ്വകാര്യത നഷ്ടമായാല്‍ കാര്യങ്ങള്‍ പ്രതീക്ഷിക്കുന്നതിനപ്പുറമാണ്. സര്‍ക്കാരിനെ കുറ്റപ്പെടുത്തുക ലക്ഷ്യമല്ലെന്നും കോടതി പറഞ്ഞു. വ്യക്തികള്‍ വിവരം നല്‍കുന്നത് സര്‍ക്കാര്‍ സൂക്ഷിക്കുമെന്ന വിശ്വാസത്തിലാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി ഡാറ്റ സുരക്ഷയില്‍ വീഴ്ച വന്നിട്ടുണ്ടോ എന്ന് പറയാന്‍ കഴിയില്ലെന്നും ആശങ്കപ്പെടുത്തുന്ന ചില കാര്യങ്ങള്‍ സര്‍ക്കാരിന്റെ സത്യവാങ്മൂലത്തിലുണ്ടെന്നും പറഞ്ഞു.

ലോകാരോഗ്യ സംഘടനക്കും കേരളത്തിനും രണ്ട് സോഫ്റ്റ് വെയർ

സ്പ്രിങ്ക്ളര്‍ ലോകാരോഗ്യ സംഘടനയ്ക്ക് നല്‍കിയതും കേരളത്തിന് നല്‍കിയതും രണ്ട് സോഫ്റ്റ് വെയറാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇതു രണ്ടും തമ്മില്‍ കൂട്ടിക്കുഴയ്ക്കരുത്. നിയമവകുപ്പ് കാണാതെ ഐടി സെക്രട്ടറി സ്വന്തം നിലയില്‍ എന്തുകൊണ്ട് തീരുമാനം എടുത്തുവെന്ന് ചോദിച്ച കോടതി ഇപ്പോള്‍ നിരീക്ഷണത്തിലിരിക്കുന്നവരുടെ എണ്ണം പരിഗണിച്ച് വിദേശ കമ്പനിയുടെ ആവശ്യമുണ്ടോയെന്നും ചോദിച്ചു. കാര്യങ്ങള്‍ മൂടിവെച്ച് പറയരുതെന്നും സര്‍ക്കാരിനോട് ഹൈക്കോടതി ഈ ഘട്ടത്തില്‍ പറഞ്ഞു. ഡാറ്റ ശേഖരണത്തിന് എന്തുകൊണ്ട് കേന്ദ്ര സംസ്ഥാന സംവിധാനങ്ങള്‍ ഉപയോഗിച്ചില്ല. ഡാറ്റ വിഷയം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുമായി ചര്‍ച്ചചെയ്തിട്ടുണ്ടോ. കരാറില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ സര്‍ക്കാരാണ് ഉത്തരവാദി എന്നീ കാര്യങ്ങളും കോടതി ചോദിച്ചു. കരാറില്‍ തിരുത്തല്‍ വരുത്താമെന്ന് ഐടി സെക്രട്ടറി പറഞ്ഞത് എങ്ങനെ സാധ്യമാകുമെന്നും കോടതി ചോദിച്ചു.

ഏപ്രിൽ നാലുവരെ ഡാറ്റ ചോർന്നില്ലെന്ന് പറയാനാകുമോ?

സ്വകാര്യത നഷ്ടമായാല്‍ കാര്യങ്ങള്‍ പ്രതീക്ഷിക്കുന്നതിന് അപ്പുറമാണെന്ന് കോടതി ഓര്‍മ്മിപ്പിച്ചു. ഏപ്രില്‍ നാല് വരെ ഡാറ്റ ചോര്‍ന്നില്ല എന്ന് പറയാനാകുമോ. കരാറില്‍ ന്യൂയോര്‍ക്ക് കോടതി എന്ന് പറഞ്ഞിട്ട് ഇവിടെ എങ്ങനെ കേസ് നടത്തും. സ്പ്രിങ്ക്ളറിന് വേണ്ടിയാണോ അതോ സര്‍ക്കാരിനും സ്പ്രിങ്ക്ളറിനും വേണ്ടിയാണോ കേസ് വാദിക്കുന്നതെന്ന് സര്‍ക്കാര്‍ അഭിഭാഷകയോട് കോടതി ചോദിച്ചു. സ്പ്രിങ്ക്ളറിന് മാത്രമേ ഇക്കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുകയുള്ളോ. അഞ്ച് ലക്ഷം പേരുടെ വിവരങ്ങള്‍ എങ്ങനെ വലിയ ഡാറ്റയാകുമെന്നും കോടതി ചോദിച്ചു.

അടിയന്തര സാഹചര്യം ചൂണ്ടിക്കാട്ടി സർക്കാർ

സ്പ്രിങ്ക്ളർ കമ്പനി സൗജന്യ സേവനം നല്‍കാന്‍ തയ്യാറായിരുന്നുവെന്നും അടിയന്തര സാഹചര്യം കാരണമായിരുന്നു അത് വേണ്ടിവന്നതെന്നും സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ എൻ എസ് നാപ്പിനൈ വാദിച്ചു. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഡാറ്റ ശേഖരം അനിവാര്യമായിരുന്നുവെന്നും അവർ വ്യക്തമാക്കി.
വിവരശേഖരണത്തിന് കേന്ദ്രം തയ്യാറാണെും എന്നാല്‍ കേരള സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിനെ സമീപിച്ചിട്ടില്ലെന്നും ഇതിനിടയില്‍ കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.‌‌‌

കോവിഡിനെതിരെ യുദ്ധം നടക്കുമ്പോള്‍ ഇടപെടാന്‍ ആഗ്രഹിക്കുന്നില്ല

സര്‍ക്കാരിന്റെ കരാറില്‍ കോടതിക്ക് തൃപ്തിയില്ല. മറ്റൊരു സാഹചര്യമായിരുന്നുവെങ്കില്‍ ഇടപെട്ടേനെ. ഇപ്പോള്‍ സന്തുലിതമായ ഒരു ഇടപെടല്‍ മാത്രമെ നടത്താനാകു എന്നും കോടതി പറഞ്ഞു. കോവിഡിനെതിരെ യുദ്ധം നടക്കുമ്പോള്‍ ഇടപെടാന്‍ ആഗ്രഹിക്കുന്നില്ല. സ്പ്രിങ്ക്ളറിനെ കൂടാതെ സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധം സാധ്യമല്ലെന്നാണ് പറയുന്നത്. അതുകൊണ്ട് ഈ ഘട്ടത്തില്‍ ഇടപെടുന്നില്ല. എന്നാല്‍ വ്യക്തികളുടെ പേര്, ഫോണ്‍ നമ്പര്‍, വിലാസം എന്നിവ രഹസ്യമായി സൂക്ഷിക്കണം. ആധാര്‍ ഉള്‍പ്പെടെയുള്ള വ്യക്തി വിവരങ്ങള്‍ വിശകലനത്തിന് ഉപയോഗിക്കരുതെന്നും കോടതി ആവശ്യപ്പെട്ടു. കോവിഡ്19 ന് ശേഷം ഡാറ്റാ പകര്‍ച്ചവ്യാധി ഉണ്ടാകില്ലെന്ന് ഞങ്ങള്‍ക്ക് ഉറപ്പ് വേണമെന്നും കോടതി ആവശ്യപ്പെട്ടു. എല്ലാ വിവരങ്ങളും രഹസ്യമാക്കിവെക്കാമെന്ന് സർക്കാര്‍ കോടതിയില്‍ ഉറപ്പ് നല്‍കി.

എന്താണ് സ്പ്രിങ്ക്ളർ വിവാദം ?

ഐസൊലോഷനിലും ക്വാറന്റൈനിലുമുള്ളവര്‍, കോവിഡ് രോഗബാധയുള്ളവര്‍ തുടങ്ങി കോവിഡ്19 മായി ബന്ധപ്പെട്ട വിവരങ്ങള്‍ അപ്ലോഡ് ചെയ്യാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നല്‍കിയ മൊബൈല്‍ ആപ്ലിക്കേഷനാണ് സ്പ്രിങ്ക്ളർ. മാവേലിക്കരക്കാരനായ രാജി തോമസിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ കമ്പനി. ഇടപാടിന് പിന്നില്‍ കോടികളുടെ അഴിമതി നടന്നിട്ടുണ്ടെന്നും സ്വകാര്യതാ ലംഘനം നടന്നിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി പ്രതിപക്ഷം രംഗത്തെത്തയതിന് പിന്നാലെയാണ് വിഷയം കോടതിയിലെത്തിയത്.First published: April 24, 2020, 4:40 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading