വർക്കല SR മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികൾക്ക് ആശ്വാസം; മറ്റിടങ്ങളിൽ പുനർ വിന്യസിക്കാൻ കേന്ദ്ര അനുമതി
വർക്കല SR മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികൾക്ക് ആശ്വാസം; മറ്റിടങ്ങളിൽ പുനർ വിന്യസിക്കാൻ കേന്ദ്ര അനുമതി
വർക്കല എസ് ആർ മെഡിക്കൽ കോളേജിൽ അടിസ്ഥാന സൗകര്യങ്ങൾ ഇല്ലെന്ന് ചൂണ്ടികാട്ടി വിദ്യാർത്ഥികൾ തന്നെ സമരരംഗത്ത് വന്നിരുന്നു. വ്യാജ രോഗികളെ എത്തിച്ചു കേന്ദ്രസംഘത്തെ കബളിപ്പിക്കാൻ ശ്രമിച്ചതും വിവാദമായിരുന്നു.
തിരുവനന്തപുരം: വർക്കല എസ്ആർ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളുടെ ദീർഘനാളത്തെ നിയമ പോരാട്ടം ഒടുവിൽ ഫലം കണ്ടു. മെഡിക്കൽ കോളജിൽ പഠിക്കുന്ന നൂറു വിദ്യാർത്ഥികളെ മറ്റ് സ്വാശ്രയ കോളേജുകളിൽ പുനർവിന്യസിക്കാൻ കേന്ദ്ര സർക്കാരിൻറെ അനുമതി ലഭിച്ചു. ഇതിന് പ്രൊപ്പോസൽ സമർപ്പിക്കാൻ അഡീഷണൽ ചീഫ് സെക്രട്ടറിക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദേശം നൽകി.
കോളേജിൻറെ എസൻഷ്യാലിറ്റി സർട്ടിഫിക്കറ്റ് റദ്ദാക്കാൻ സംസ്ഥാന സർക്കാരിനോട് കേന്ദ്രം ആവശ്യപ്പെട്ടു. 2016 - 17 അദ്ധ്യയന വർഷം മാത്രമാണ് വർക്കല എസ് ആർ മെഡിക്കൽ കോളേജിൽ പ്രവേശനം നടന്നത്. വർക്കല എസ് ആർ മെഡിക്കൽ കോളേജിൽ അടിസ്ഥാന സൗകര്യങ്ങൾ ഇല്ലെന്ന് ചൂണ്ടികാട്ടി വിദ്യാർത്ഥികൾ തന്നെ സമരരംഗത്ത് വന്നിരുന്നു. വ്യാജ രോഗികളെ എത്തിച്ചു കേന്ദ്രസംഘത്തെ കബളിപ്പിക്കാൻ ശ്രമിച്ചതും വിവാദമായിരുന്നു.
മെഡിക്കൽ കൗൺസിൽ നടത്തിയ പരിശോധനയിലും കോളേജിൽ ആവശ്യത്തിന് അധ്യാപകരും അടിസ്ഥാന സൗകര്യവും ഇല്ലെന്ന് തെളിഞ്ഞു. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് വിദ്യാർഥികളെ പുനർ വിന്യസിക്കാനുള്ള തീരുമാനം. സംസ്ഥാന സർക്കാരിനോട് കേന്ദ്രം എസൻഷ്യാലിറ്റി സർട്ടിഫിക്കറ്റ് റദ്ദാക്കാൻ ആവശ്യപ്പെട്ടതും മാനേജ്മെന്റിന് തിരിച്ചടിയാണ്. മുൻപ് കേരള മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളെ കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ മറ്റു കോളേജുകളിൽ പുനർ വിന്യസിച്ചിരുന്നു.
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.