റിമാൻഡ് പ്രതിക്ക് ഫോൺ ഉപയോഗിക്കാമോ? വാട്സാപ്പ് അനുവദനീയമോ? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം 'അതെ' എന്നാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ആശുപത്രിയിൽ കഴിയുന്ന റിമാൻഡ് പ്രതിയായ സർവ്വേ ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമന്റെ നമ്പർ വാട്സാപ്പിൽ ഓൺലൈൻ ആയി കാണുന്നത് ചർച്ചാ വിഷയം ആയിരിക്കുകയാണ്. അറസ്റ്റ് രേഖപ്പെടുത്തിയ വ്യക്തിക്ക് ഫോൺ അനുവദിക്കുന്നത് നിയമവിരുദ്ധമാണ്. ആശുപത്രിക്കുള്ളിൽ എങ്ങനെ ഫോൺ വന്നു എന്നതും, എന്ത് കൊണ്ട് ശ്രീറാമിന്റെ ഫോൺ പോലീസ് വാങ്ങി വച്ചില്ല എന്നതൊക്കെയും ചോദ്യ ചിഹ്നങ്ങളായി മാറുകയാണ്.
ആശുപതിയിൽ ശ്രീറാമിന് ഫൈവ് സ്റ്റാർ സൗകര്യങ്ങൾ നൽകിയത് വിവാദമായിരിക്കുകയാണ്. ഒമ്പതാം നിലയില്‍ എ സി ഡീലക്സ് റൂമിലാണ് ശ്രീറാം. വാര്‍ത്തയ്ക്കും വിനോദത്തിനും ടിവി അടക്കം അത്യാധുനിക സൗകര്യങ്ങള്‍. മെഡിക്കല്‍ കോളേജില്‍ ശ്രീറാമിന്റെ ഒപ്പം പഠിച്ചവരും, ശ്രീറാം വെങ്കിട്ടരാമന്റെ പരിചയക്കാരായ ഡോക്ടര്‍മാരും ആണ് സ്വകാര്യ ആശുപത്രിയില്‍ സൗകര്യങ്ങള്‍ ഒരുക്കുന്നത്.
സാഹചര്യതെളിവുകള്‍ എല്ലാം എതിരായിട്ടും ശ്രീറാമിനെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കാന്‍ പഴുതൊരുക്കിയ പൊലീസ് സ്വകാര്യ ആശുപത്രിയിലും എല്ലാ ഒത്താശക്കും കൂട്ടുനില്‍ക്കുകയാണ്. രക്തത്തില്‍ മദ്യത്തിന്റെ അളവ് കുറയ്ക്കാന്‍ മരുന്ന് കഴിച്ചിരുന്നുവെന്ന സംശയവും ബലപ്പെടുന്നു. കൈക്ക് നിസാര പരിക്കു മാത്രമാണ് ശ്രീറാമിനുള്ളത്. മെഡിക്കല്‍ കോളജിലേക്ക് മാറ്റാന്‍ കഴിയാത്ത ഗുരുതരമായ യാതൊരു ആരോഗ്യപ്രശ്നങ്ങളും ശ്രീറാമിന് ഇല്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.