തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമന്റെ സസ്പെൻഷൻ കാലാവധി അറുപത് ദിവസത്തേക്ക് സർക്കാർ നീട്ടി. മാധ്യമപ്രവർത്തകൻ കെ എം ബഷീറിന്റെ മരണത്തിനിടയാക്കിയ അപകടത്തിൽ ശ്രീറാം നൽകിയ വിശദീകരണം ചീഫ് സെക്രട്ടറി തള്ളി. വാഹനമോടിച്ചത് താനായിരുന്നില്ലെന്നും അപകട സമയത്ത് മദ്യപിച്ചിരുന്നില്ലെന്നുമായിരുന്നു സർക്കാരിന് നൽകിയ വിശദീകരണം. അപകടവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങളെല്ലാം നിഷേധിച്ചുകൊണ്ടാണ് ഏഴു പേജുള്ള വിശദീകരണ കുറിപ്പ് ശ്രീറാം വെങ്കിട്ടരാമൻ ചീഫ് സെക്രട്ടറിക്ക് നൽകിയത്. തന്റെ വാദം കേള്‍ക്കണമെന്നും സര്‍വീസില്‍ തിരിച്ചെടുക്കണമെന്നും ശ്രീറാം അഭ്യര്‍ഥിച്ചിരുന്നു.
ആഗസ്റ്റ് മൂന്നിന് രാത്രി 12.55നാണ് ശ്രീറാം സഞ്ചരിച്ച വാഹനമിടിച്ച് കെ എം ബഷീര്‍ കൊല്ലപ്പെടുന്നത്. സംഭവം നടക്കുമ്പോള്‍ ശ്രീറാം സര്‍വേ ഡയറക്ടറായിരുന്നു. 2013 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാമിനെ 1969 ലെ ഓള്‍ ഇന്ത്യ സര്‍വീസസ് (ഡിസിപ്ലിന്‍ ആന്റ് അപ്പീല്‍) റൂള്‍സ് റൂള്‍ 3(3) അനുസരിച്ചാണ് ചീഫ് സെക്രട്ടറി സസ്പെന്‍ഡ് ചെയ്തത്. സംഭവത്തില്‍ വിശദീകരണവും തേടിയിരുന്നു.
മദ്യപിക്കാത്തയാളാണ് താനെന്നും സംഭവം നടക്കുമ്പോള്‍ മദ്യപിച്ചിട്ടില്ലെന്നും വിശദീകരണകുറിപ്പില്‍ ശ്രീറാം പറയുന്നു. കൂടെയുണ്ടായിരുന്ന വഫ സുഹൃത്താണ്. അവരാണ് വാഹനം ഓടിച്ചിരുന്നത്. മനഃപൂര്‍വമല്ലാത്ത അപകടമാണ് സംഭവിച്ചത്. അപകടം ഉണ്ടായപ്പോള്‍ ബഷീറിനെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചിരുന്നു. താന്‍ മദ്യപിച്ചതായുള്ള ദൃക്സാക്ഷി മൊഴികള്‍ ശരിയല്ലെന്നും രക്തത്തില്‍ മദ്യത്തിന്റെ അംശം കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും വിശദീകരണക്കുറിപ്പിലുണ്ട്. മ്യൂസിയത്തിനു സമീപം പബ്ലിക്ക് ഓഫീസിന് മുന്നിലായിരുന്നു അപകടം. അമിത വേഗതയിലെത്തിയ കാര്‍ ബഷീര്‍ സഞ്ചരിച്ച ബൈക്കിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Journalist K.M. Basheer death, K m basheer accident, K m basheer death, Sriram Venkataraman taken to jail, Sriram venkitaraman, Sriram venkitaraman accident, Wafa Firos