ശ്രീറാം: യുവാക്കളുടെ ഹരമായി മാറിയ ഓഫീസർ; വില്ലനായത് ഒറ്റ രാത്രികൊണ്ട്

Sriram Venkataraman: Rise and Fall of a young IAS officer | 30 കാരനായ 2013 കേഡർ ഐ.എ.എസ്.കാരൻ മോചിപ്പിച്ചത് കൈയേറ്റങ്ങളിൽ കുരുങ്ങി കിടന്ന 300 ഏക്കറോളം വരുന്ന മലയോര ഭൂമി

news18-malayalam
Updated: August 3, 2019, 2:40 PM IST
ശ്രീറാം: യുവാക്കളുടെ ഹരമായി മാറിയ ഓഫീസർ; വില്ലനായത് ഒറ്റ രാത്രികൊണ്ട്
ശ്രീറാം വെങ്കിട്ടരാമൻ
  • Share this:
മൂന്നാറിലെ അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിച്ച ദേവികുളത്തെ യുവ സബ്-കളക്ടർ. ശ്രീറാം വെങ്കിട്ടരാമൻ വാർത്തകളിൽ ഇടം നേടി തുടങ്ങുന്നത് ഇങ്ങനെയാണ്. 30 കാരനായ 2013 കേഡർ ഐ.എ.എസ്.കാരൻ മോചിപ്പിച്ചത് കൈയേറ്റങ്ങളിൽ കുരുങ്ങി കിടന്ന 300 ഏക്കറോളം വരുന്ന മലയോര ഭൂമി. ആരെയും മോഹിപ്പിക്കുന്ന സിവിൽ സർവീസ് പരീക്ഷ രണ്ടാം റാങ്കോടെ പാസായ മിടുക്കനെ ജനം ശ്രദ്ധിക്കാൻ ആരംഭിച്ചത് 2017ലെ മുഖം നോക്കാതെയുള്ള ഈ നടപടിയിലൂടെയാണ്.

സ്വകാര്യ ഭൂമാഫിയയുടെ കരങ്ങളിലെ ഭൂമി ഒഴിപ്പിച്ചെടുത്ത ശ്രീറാമിനും ഉദ്യോഗസ്ഥ സംഘത്തിനും ഒരു ഭാഗത്ത് കയ്യടികൾ ഉയർന്നപ്പോൾ, മറു ഭാഗത്തു ശത്രുക്കളെ സമ്പാദിച്ചു നൽകി.  കയ്യേറ്റങ്ങൾക്കെതിരെ പടപൊരുതിയ മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ പിന്തുണയുമായെത്തിയതോടെ ശ്രീറാം കൂടുതൽ ശ്രദ്ധേയനായി മാറി.

യൂത്ത് ഐക്കൺ എന്ന നാമധേയത്തിനു പാത്രമായ ചുരുക്കം ചില ഐ.എ.എസ്. ഉദ്യോഗസ്ഥരുടെ പട്ടികയിൽ ശ്രീറാം ഇടം നേടി. 'കളക്ടർ ബ്രോ' എന്നറിയപ്പെടുന്ന എൻ.പ്രശാന്ത്, കെ. വാസുകി, അനുപമ തുടങ്ങിയവർക്കൊപ്പം പ്രിയങ്കരനായി മാറി ശ്രീറാം.

പാപ്പാത്തിച്ചോലയിലെ ഒഴിപ്പിക്കൽ ശ്രീറാമിന് വിവാദങ്ങളുടെ മാലപ്പടക്കം തന്നെ സമ്മാനിച്ചു. ഇവിടുത്തെ ഇരുമ്പ് കുരിശ് പിഴുത വിഷയവുമായി ബന്ധപ്പെട്ട് വൈദ്യുത മന്ത്രിയും ഉടുമ്പൻചോല എം.എൽ.എ.യുമായ എം.എം.മണിയുടെ വിമർശനത്തിന് പാത്രമായി ശ്രീറാം. യുവ ഐ.എ.എസ്. ഓഫീസറെ ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിക്കണമെന്ന മണിയുടെ പ്രസ്താവന അക്കാലത്ത് വൻ വിവാദമായി മാറി.

പിന്നീട് തൊഴിൽ വകുപ്പിലേക്ക് ശ്രീറാമിന് സ്ഥാനമാറ്റം കിട്ടിയതാണ് ജനം അറിഞ്ഞത്. വാർത്തകളിൽ നിന്നും ശ്രീറാം പതിയ അപ്രത്യക്ഷനായി തുടങ്ങി. തൊട്ടടുത്ത വർഷം ശ്രീറാം ഉൾപ്പെടെയുള്ള സിവിൽ സർവീസ് ഉദ്യോഗസ്ഥർ വിദേശത്തു തുടർപഠനത്തിന്‌ ചേർന്ന വിവരം പുറത്തു വന്നു. ശ്രീറാം ഹാർവാർഡ് സർവകലാശാലയിലെ വിദ്യാർത്ഥിയായി. മടങ്ങിയെത്തിയത് സർവ്വേ ഡയറക്റ്ററുടെ ചുമതലയിൽ.

ഇക്കഴിഞ്ഞ ദിവസം അർധരാത്രിയോടെ ശ്രീറാം ഓടിച്ചിരുന്ന കാർ ഇടിച്ച് മുതിർന്ന മാധ്യമപ്രവർത്തകൻ കെ.എം. ബഷീർ കൊല്ലപ്പെടുകയായിരുന്നു. അമിത വേഗത്തിലെത്തിയ കാർ ഔദ്യോഗിക മീറ്റിംഗ് കഴിഞ്ഞു വീട്ടിലേക്കു മടങ്ങുകയായിരുന്ന ബഷീറിനെ തിരുവനന്തപുരം മ്യൂസിയം-പബ്ലിക് ഓഫീസിന് സമീപം ഇടിച്ച് വീഴ്ത്തുകയായിരുന്നു. സഹ യാത്രികയായ വഫ ഫിറോസ് ആണ് ഡ്രൈവർ സീറ്റിൽ എന്ന് ഊഹാപോഹങ്ങളുണ്ടായെങ്കിലും അത് ശ്രീറാം തന്നെ ആയിരുന്നെന്ന് സ്ഥിരീകരിക്കുകയായിരുന്നു. ശ്രീറാമിനെ ഒന്നാം പ്രതിയാക്കി കേസ് രജിസ്റ്റർ ചെയ്തിരിക്കുകയാണ്.
First published: August 3, 2019, 12:52 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading