കോഴിക്കോട്: SSLC പരീക്ഷയുടെ ഉത്തര പേപ്പറുകള്‍ റോഡരികില്‍ കണ്ടെത്തി. കോഴിക്കോട് കായണ്ണ എച്ച്എസ്എസില്‍ നിന്ന് മൂല്യനിര്‍ണയ ക്യാമ്പിലേക്ക് അയയ്ക്കാന്‍ ഇരുചക്രവാഹനത്തില്‍ കൊണ്ടുപോയ പേപ്പറാണ് വഴിയില്‍ വീണത്. ഗുരുതര വീഴ്ച വരുത്തിയ ഓഫീസ് അസിസ്റ്റന്റിനെ സസ്പെന്‍ഡ് ചെയ്തു. ഇന്നലെ നടന്ന മലയാളം, സംസ്കൃതം, അറബിക് പരീക്ഷകളുടെ ഉത്തരപ്പേപ്പര്‍ കെട്ടാണ് സ്കൂളില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെ കണ്ടെത്തിയത്. കുറ്റിവയലിന് സമീപം പേപ്പര്‍ കെട്ട് കിടക്കുന്നത് കണ്ട നാട്ടുകാരന് സമീപത്തെ കടയില്‍ ഏല്‍പ്പിക്കുകയായിരുന്നു. പരീക്ഷ കഴിഞ്ഞതിന് ശേഷം മൂല്യനിര്‍ണയ ക്യാമ്പിലേക്ക് അയയ്ക്കുന്നതിനായി പോസ്റ്റ് ഓഫിസിലേക്ക് കൊണ്ടുപോകുന്നതിനിടയിലാണ് വീണതെന്നാണ് വിശദീകരണം.
ഉത്തരപേപ്പറുകൾ അടങ്ങിയ കെട്ടുകള്‍ ബൈക്കിന് പിന്നിലാണ് സൂക്ഷിച്ചിരുന്നത്. റോഡരികില്‍ തെറിച്ച് വീണത് ജീവനക്കാരന് അറിഞ്ഞതുമില്ല. കിട്ടിയ വ്യക്തി വിവരമറിയിച്ചതിനെത്തുടര്‍ന്ന് സ്കൂള്‍ അധികൃതരെത്തി പേപ്പര്‍ കെട്ടുകള്‍ തിരികെ വാങ്ങുകയായിരുന്നു. കോഴിക്കോട് ഉപവിദ്യാഭ്യാസ ഡയറക്ടര്‍ ഇ കെ സുരേഷ് കുമാര്‍ സ്കൂളിലെത്തി പരിശോധന നടത്തി. അച്ചടക്ക നടപടി വേണമെന്ന് രക്ഷിതാക്കളും നാട്ടുകാരും രേഖാമൂലം ആവശ്യപ്പെട്ടു. ജനപ്രതിനിധികളും സ്ഥലത്തെത്തിയിരുന്നു. പിന്നാലെ ഓഫീസ് അസിസ്റ്റന്റിനെ സസ്പെന്‍ഡ് ചെയ്തതായി ഡിഡിഇ അറിയിച്ചു. സ്കൂളില്‍ പൊലീസ് കാവലില്‍ സൂക്ഷിച്ചിരിക്കുന്ന ഉത്തരപ്പേപ്പറുകള്‍ അടുത്തദിവസം മൂല്യനിര്‍ണയ കേന്ദ്രത്തിലെത്തിക്കുമെന്ന് പ്രധാനാധ്യാപിക അറിയിച്ചു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.