• HOME
  • »
  • NEWS
  • »
  • kerala
  • »
  • SSLC Result | എസ്‌എസ്‌എല്‍സി പരീക്ഷാ ഫലം ഈ മാസം 15 ന്

SSLC Result | എസ്‌എസ്‌എല്‍സി പരീക്ഷാ ഫലം ഈ മാസം 15 ന്

മൂല്യനിര്‍ണയം അവസാനഘട്ടത്തിലേക്ക് കടന്നതോടെയാണ് പരീക്ഷ ഫലം പ്രഖ്യാപിക്കുന്ന തീയതി സംബന്ധിച്ച് ധാരണയായത്

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:
തിരുവനന്തപുരം: എസ്‌ എസ്‌ എല്‍ സി പരീക്ഷാ ഫലം ജൂലൈ 15 ന് പ്രഖ്യാപിക്കും. മൂല്യനിര്‍ണയം അവസാനഘട്ടത്തിലേക്ക് കടന്നതോടെയാണ് പരീക്ഷ ഫലം പ്രഖ്യാപിക്കുന്ന തീയതി സംബന്ധിച്ച് ധാരണയായത്. മൂല്യനിർണയം പൂര്‍ത്തിയായ ശേഷം പരീക്ഷാ ബോര്‍ഡ് ചേര്‍ന്ന് ഫലത്തിന് അംഗീകാരം നല്‍കും.

ഇത്തവണ പരീക്ഷ എഴുതിയ വിദ്യാർഥികൾക്ക് ഗ്രേസ് മാര്‍ക്ക് നല്‍കേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ തീരുമാനം. അതേസമയം എൻ സി സി, സ്‌കൗട്ട്‌സ് എന്നിവക്ക് ഗ്രേസ് മാര്‍ക്ക് നല്‍കണമെന്ന് വിദ്യാര്‍ഥികള്‍ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ നയപരമായ തീരുമാനം ഉണ്ടായ ശേഷമായിരിക്കും ഫലപ്രഖ്യാപനം നടത്തുകയെന്നും വിദ്യാഭ്യാസവകുപ്പ് വൃത്തങ്ങൾ അറിയിച്ചു.

ജൂലൈ ഏഴിന് ആണ് പത്താം ക്ലാസിന്റെ മൂല്യനിര്‍ണയം ആരംഭിച്ചത്. മൂല്യനിര്‍ണയത്തിനായി 70 ക്യാമ്ബുകളിലായി 12,512 അധ്യാപകരെയും ടിഎച്ച്‌എസ്‌എല്‍സി പരീക്ഷയുടെ മൂല്യനിര്‍ണയത്തിനായി രണ്ട് ക്യാംപുകളിലായി 92 അധ്യാപകരെയുമാണ് നിയോഗിച്ചിട്ടുള്ളത്.

'ആദിവാസി വിഭാഗത്തിന് പ്രഥമ പരിഗണന നൽകി എല്ലാ കുട്ടികൾക്കും ഡിജിറ്റൽ വിദ്യാഭ്യാസം ഉറപ്പാക്കും': മുഖ്യമന്ത്രി

ആദിവാസി വിഭാഗത്തിന് പ്രഥമ പരിഗണന നൽകി എല്ലാ കുട്ടികൾക്കും ഡിജിറ്റൽ വിദ്യാഭ്യാസം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആദിവാസി വിഭാഗത്തിൽ ഡിജിറ്റൽ പഠനോപകരണങ്ങൾ കൈകാര്യം ചെയ്യാനുള്ള പരിശീലനം കുട്ടികൾക്കും ആവശ്യമെങ്കിൽ രക്ഷിതാക്കൾക്കും നൽകും. ആവശ്യമായ ഊരുകളിൽ പഠന മുറികൾ ഒരുക്കും.

മുഴുവൻ കുട്ടികൾക്കും ഡിജിറ്റൽ വിദ്യാഭ്യാസം ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട് നടത്തുന്ന ക്യാമ്പയിനോടനുബന്ധിച്ച് വിളിച്ച ജില്ലാ കലക്ടർമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാർ, മേയർമാർ എന്നിവരുടെ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

സ്കൂൾ അധ്യാപക- രക്ഷാകർതൃ സമിതിയുടെ നേതൃത്വത്തിൽ എല്ലാ വീടുകളും സന്ദർശിച്ച് കൃത്യമായ കണക്ക് എടുക്കണം. ജൂൺ 15 നകം ഇത് പൂർത്തിയാക്കണം. ഇതിനായി ഗ്രാമപഞ്ചായത്ത് /വാർഡ് കൗൺസിലർ അധ്യക്ഷനായ സമിതി സ്കൂളിൽ രൂപീകരിക്കും.

സ്കൂൾ എടുത്ത കണക്ക് 19 നകം തദ്ദേശ സ്വയംഭരണ സ്ഥാപന അടിസ്ഥാനത്തിൽ ക്രോഡീകരിക്കും. ഇതിന് നേതൃത്വം നൽകാൻ തദ്ദേശസ്ഥാപന അധ്യക്ഷന്മാർ അടങ്ങിയ സമിതി ഉണ്ടാകും. ജൂലൈ 21 നകം ജില്ലാതലത്തിൽ ഇവ ക്രോഡീകരിക്കുകയും പിന്നീട് സംസ്ഥാനതല സംവിധാനത്തിന് കൈമാറുകയും ചെയ്യും.

ജില്ലാതലത്തിൽ ജില്ലാ ആസൂത്രണ സമിതി ചെയർപേഴ്സൺ അധ്യക്ഷനും ജില്ലാ കലക്ടർ കൺവീനറുമായി സമിതി നിലവിൽ വരും. സ്വന്തം കുട്ടിക്ക് ഉപകരണങ്ങൾ വാങ്ങിച്ചു നൽകുമ്പോൾ മറ്റൊരു കുട്ടിക്ക് കൂടി വാങ്ങി കൊടുക്കാൻ പറ്റുന്നവരെ അതിന് പ്രേരിപ്പിക്കണം. ഓരോ വിദ്യാലയത്തിന്റെയും വിഭവശേഷി വളരെ വലുതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൂർവ്വ വിദ്യാർത്ഥികൾ, അഭ്യുദയകാംക്ഷികൾ, സാംസ്കാരിക സംഘടനകൾ എന്നിവരടങ്ങിയ വൻ ജനകീയ മുന്നേറ്റമായി ഈ ക്യാമ്പയിൻ മാറ്റാൻ എല്ലാവരും സഹകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

യോഗത്തിൽ മന്ത്രിമാരായ എം വി ഗോവിന്ദൻ മാസ്റ്റർ, വി. ശിവൻ കുട്ടി, വി.എൻ വാസവൻ, ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ് തുടങ്ങിയവരും പങ്കെടുത്തു.
Published by:Anuraj GR
First published: