• HOME
  • »
  • NEWS
  • »
  • kerala
  • »
  • SSLC ഫലപ്രഖ്യാപനം ജൂണ്‍ പകുതിയോടെ ; പ്ലസ് ടു കെമിസ്ട്രി മൂല്യനിര്‍ണയത്തില്‍ ആശങ്ക വേണ്ട: മന്ത്രി വി.ശിവന്‍കുട്ടി

SSLC ഫലപ്രഖ്യാപനം ജൂണ്‍ പകുതിയോടെ ; പ്ലസ് ടു കെമിസ്ട്രി മൂല്യനിര്‍ണയത്തില്‍ ആശങ്ക വേണ്ട: മന്ത്രി വി.ശിവന്‍കുട്ടി

വാരിക്കോരി മാർക്ക് നൽകുന്നത് സർക്കാരിന്‍റെ നയമല്ല. നൂറ് ശതമാനം വിജയം ഉറപ്പാക്കാൻ പരീക്ഷാ സംവിധാനത്തിൽ വെള്ളം ചേർക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു.

  • Share this:
കോഴിക്കോട്: സംസ്ഥാനത്തെ എസ്എസ്എല്‍സി (SSLC RESULT) ഫലപ്രഖ്യാപനം ജൂണ്‍ പകുതിയോടെ ഉണ്ടാകുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി (V.Sivankutty) പ്ലസ്ടു കെമിസ്ട്രി പരീക്ഷയുടെ പുതിയ ഉത്തര സൂചികയിൽ (Answer Key) അപാകതയില്ലെന്നും വിദ്യാർത്ഥികളും രക്ഷിതാക്കളും ആശങ്കപ്പെടേണ്ടതില്ലെന്നും മന്ത്രി വി ശിവൻകുട്ടി കോഴിക്കോട് പറഞ്ഞു. ശരിയുത്തരമെഴുതിയ എല്ലാവർക്കും മാർക്ക് ഉറപ്പാക്കും. എന്നാൽ വാരിക്കോരി മാർക്ക് നൽകുന്നത് സർക്കാരിന്‍റെ നയമല്ല. നൂറ് ശതമാനം വിജയം ഉറപ്പാക്കാൻ പരീക്ഷാ സംവിധാനത്തിൽ വെള്ളം ചേർക്കാനാവില്ലെന്നും ചിലരുടെ സ്ഥാപിത താൽപര്യങ്ങളാണ് നിലവിലെ വിവാദങ്ങൾക്ക് പിന്നിലെന്നും മന്ത്രി കുറ്റപ്പെടുത്തി.

ആദ്യം തയ്യാറാക്കിയ ഉത്തര സൂചികയിൽ ഒരു തെറ്റുമില്ല. ചില കാര്യങ്ങൾ കൂടി ചേർത്ത് ഉത്തര സൂചിക തയ്യാറാക്കി പുതുതായി ഇറക്കി. ഉത്തര സൂചിക തയ്യാറാക്കിയ 12 അധ്യാപകർക്കെതിരായ നടപടി സെക്രട്ടറിയുടെ റിപ്പോർട്ട് ലഭിച്ചതിനു ശേഷം പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു. പരീക്ഷാ മൂല്യനിർണയം അധ്യാപകർ ബഹിഷ്‌കരിച്ചതിൽ ദുരൂഹതയുണ്ടെന്നും വിദ്യാഭ്യാസമന്ത്രി ആരോപിച്ചു.

Also Read- നിലപാട് മയപ്പെടുത്തി വിദ്യാഭ്യാസ മന്ത്രി; ഉത്തരസൂചികയില്‍ അപാകതയുണ്ടെങ്കില്‍ പരിഹരിക്കുമെന്ന് വി.ശിവന്‍കുട്ടി

പ്രശ്ന പരിഹാരത്തിനുള്ള ശ്രമങ്ങൾ നടത്താതെ യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് അധ്യാപകർ മൂല്യ നിർണയ ക്യാമ്പ് ബഹിഷ്കരിച്ചതും മിന്നൽ പണിമുടക്ക് നടത്തിയതും. പ്രതിഷേധം നടത്തും മുന്‍പ് അറിയിക്കാതിരുന്നത് അധ്യാപകരുടെ വീഴ്ചയാണ്. ഇതിനു പിന്നില്‍ ഗൂഡാലോചന ഉണ്ടോയെന്ന് സംശയിക്കുന്നതായും  മന്ത്രി പറഞ്ഞു.

സർക്കാർ എന്ത് ചെയ്യണമെന്ന് തീരുമാനിക്കേണ്ടത് അധ്യാപകരല്ല. അതിന് തിരഞ്ഞെടുക്കപ്പെട്ടൊരു സർക്കാരും വിദ്യാഭ്യാസ മന്ത്രിയുമുണ്ട്. ഇവർക്ക് പുറമെ പ്രിൻസിപ്പൽ സെക്രട്ടറിയും വിദ്യാഭ്യാസ ഡയറക്ടറുമുണ്ട്. അധ്യാപക വിഭാഗം പാലിക്കേണ്ട നിയമങ്ങൾ ലംഘിക്കാനുള്ള അവകാശം ആർക്കുമില്ലെന്നും മന്ത്രി വ്യക്തമാക്കി.

മൂല്യ നിർണയ ക്യാമ്പ് ബഹിഷ്കരിക്കരുതെന്ന് ഹൈക്കോടതി ഉത്തരവുണ്ട്. ഇതിന്റെ ലംഘനമാണ് അധ്യാപകരുടെ നടപടിയെന്നും മന്ത്രി വ്യക്തമാക്കി. അധ്യാപകരുടെ പണിമുടക്കിനു പിന്നിൽ സർക്കാർ വിരുദ്ധ ഗൂഢാലോചന ഉണ്ടോയെന്ന് പരിശോധിക്കും. സമരം ചെയ്തവർക്കെതിരെ നടപടി  വേണോ എന്ന കാര്യം പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ റിപ്പോര്‍ട്ട് വന്ന ശേഷം തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.

 Also Read- 'സ്കൂൾ വിദ്യാർഥികൾക്ക് ഒരാഴ്ച നീളുന്ന ലൈംഗിക ബോധവൽക്കരണ ക്ലാസ് അടുത്തവർഷം മുതൽ': തമിഴ്നാട് വിദ്യാഭ്യാസമന്ത്രി

സർക്കാർ നയങ്ങൾക്കെതിരെ പ്രചാരണം നടത്താൻ അധ്യാപകർക്ക് അവകാശമില്ലെന്ന് മന്ത്രി പറഞ്ഞു. ഫോക്കസ് ഏരിയ വിഷയത്തിൽ പ്രതികരിച്ച അധ്യാപകർക്കെതിരായ നടപടിയെക്കുറിച്ചുള്ള ചോദ്യത്തോടായിരുന്നു മന്ത്രിയുടെ പ്രതികരണം.

എസ്എസ്എൽസി ഫലം  ജൂണ്‍ 15 ന് മുമ്പ് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി വ്യക്തമാക്കി. 7,077 സ്കൂളിലെ 9,58,067 വിദ്യാർത്ഥികൾക്കുള്ള സ്കൂൾ യൂണിഫോം വിതരണം നാളെ നടക്കും. 120 കോടി രൂപയാണ് ഇതിനായി ചെലവിടുന്നത്. ജൂൺ ഒന്നിന് സ്കൂൾ തുറക്കും മുൻപ് തന്നെ എല്ലാ വിദ്യാർഥികൾക്കും പാഠപുസ്തകം വിതരണം ചെയ്യും. സ്കൂൾ തുറക്കുമ്പോൾ പാലിക്കേണ്ട കാര്യങ്ങൾ ഉൾപ്പെടുത്തി പ്രത്യേക മാന്വൽ ഇത്തവണ തയ്യാറാക്കും. നോൺ അക്കാദമിക്ക് കാര്യങ്ങൾക്കായാണിത്. എല്ലാ സ്കൂളുകളിലും പൂർവ വിദ്യാർത്ഥി സംഘടന രൂപീകരിക്കാനുള്ള നിർദേശം ഈ മാന്വലിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി വി.ശിവൻ കുട്ടി വ്യക്തമാക്കി.
Published by:Arun krishna
First published: