സംസ്ഥാന നേതൃത്വത്തില്‍ അടിമുടി മാറ്റത്തിന് ഒരുങ്ങി കോണ്‍ഗ്രസ്സ്. നേതാക്കള്‍ക്കും അണികള്‍ക്കുമായി ഇറക്കിയിരിക്കുന്ന മാര്‍ഗ്ഗരേഖ ഡിസിസി പ്രസിഡണ്ടുമാരുടെ ശില്‍പ്പശാലയില്‍ കെപിസിസി വര്‍ക്കിംഗ് പ്രസിഡണ്ട് പി ടി തോമസാണ് അവതരിപ്പിച്ചത്. ആള്‍ക്കുട്ടത്തില്‍ നിന്നും കേഡര്‍ പാര്‍ട്ടിയിലേക്കുള്ള മാറ്റത്തിന്റെ പാതയൊരുക്കിയാണ് മാര്‍ഗ്ഗരേഖ. അടിമുടി പാര്‍ട്ടിയെ മാറ്റി പ്രവര്‍ത്തകനെയും നേതാക്കളെയും കൃത്യമായി വിലയിരുത്തിയാകും ഇനി മുന്നോട്ട് പോക്ക്.
തര്‍ക്കങ്ങളും പരാതികളും തീര്‍ക്കാന്‍ ജില്ലാതലങ്ങളില്‍ സമിതി ഉണ്ടാക്കുകയും പാര്‍ട്ടിയിലെ മുഴുവന്‍ സമയ പ്രവര്‍ത്തകര്‍ക്ക് പ്രതിമാസം ഇന്‍സെന്റീവ് അനുവദിക്കുകയും ചെയ്യും. കേഡര്‍മാരുടെ മുഴുവന്‍ സമയ പ്രവര്‍ത്തനം ഉറപ്പാക്കാനാണ് പ്രതിമാസ ഇന്‍സെന്റീവ് നടപ്പിലാക്കുന്നത്.
കടലാസില്‍ മാത്രമുള്ള ബൂത്ത് കമ്മിറ്റികള്‍ ഇനി പറ്റില്ലെന്നും ബൂത്ത് കമ്മിറ്റികളുടെ പ്രവര്‍ത്തനം ആറുമാസം കൂടുമ്പോള്‍ വിലയിരുത്തുമെന്നും മാര്‍ഗരേഖയില്‍ പറയുന്നുണ്ട്. ബൂത്ത് കമ്മിറ്റികളുടെ പ്രവര്‍ത്തനം ആറുമാസം കൂടുമ്പോള്‍ ഡിസിസി പ്രസിഡണ്ടുമാര്‍ വിലയിരുത്തി കെപിസിസിക്ക് റിപ്പോര്‍ട്ട് നല്‍കണം. വീഴ്ചയുണ്ടായാല്‍ വീശദീകരണം തേടി നടപടി ഉണ്ടാകും.
ഗ്രാമങ്ങളിലെ സാമൂഹ്യ-സാംസ്ക്കാരിക പ്രവര്‍ത്തനങ്ങളിലെല്ലാം തന്നെ പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരും സജീവമായി ഇടപെടുകയും അണികളാണ് പാര്‍ട്ടിയുടെ മുഖമെന്ന നിലയില്‍ പ്രവര്‍ത്തിക്കുകയും വേണം.
തര്‍ക്കങ്ങളും പരാതികളും ജില്ലാതലങ്ങളില്‍ തീര്‍ക്കുന്നതിനായി ജില്ലാതല സമിതിക്ക് രൂപം നല്‍കും. അവിടെയും തീരാത്ത ഗൗരവ പ്രശ്നമാണെങ്കില്‍ കെപിസിസി ഇടപെടും. വ്യക്തിപരമായി ആരും ഫ്ലെക്സ് വെക്കാന്‍ പാടില്ലെന്നു മാത്രമല്ല പാര്‍ട്ടി കമ്മിറ്റികളുടെ അറിവോടെ മാത്രമേ ഇനി ഫ്െളക്സ് സ്ഥാപിക്കാന്‍ പാടുള്ളുവെന്നും മാര്‍ഗരേഖയില്‍ പറയുന്നുണ്ട്. ഫ്െളക്സ് പാര്‍ട്ടി, സ്റ്റേജില്‍ ആള്‍ക്കൂട്ടമെന്ന ചീത്തപ്പേരും ഇതിലൂടെ മാറ്റുകയാണ്.
പാര്‍ട്ടി പരിപാടികളുടെ വേദികളില്‍ നേതാക്കളെ നിയന്ത്രിക്കണം. സംസ്ഥാന നേതാക്കളെ പാര്‍ട്ടി പരിപാടികള്‍ക്കായി പ്രാദേശിക നേതാക്കള്‍ നേരിട്ട് വിളിക്കാതെ മണ്ഡലം കമ്മിറ്റിയുടേയും ഡിസിസികളുടേയും അനുവാദം വാങ്ങി മാത്രമേ വിളിക്കാന്‍ പാടുള്ളുവെന്നും കെ.പി.സി.സി നേതൃത്വം അറിയിച്ചു. വ്യക്തി വിരോധത്തിന്റെ പേരില്‍ ആരെയും കമ്മിറ്റികളില്‍ നിന്നും ഒഴിവാക്കരുതെന്നും മാര്‍ഗരേഖയില്‍ പറയുന്നു. ഡിസിസി പ്രസിഡണ്ടുമാരുടെ അഭിപ്രായം കൂടി ചേര്‍ത്ത് പുതുക്കിയതിന് ശേഷം മാര്‍ഗ്ഗരേഖ നടപ്പാക്കി പുതിയൊരു മാറ്റവുമായി മുന്നോട്ട് പോകാനാണ് നേതൃത്വത്തിന്റെ തീരുമാനം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Congress, K sudhakaran, Kpcc