തിരുവനന്തപുരം: ഉപേക്ഷിച്ചതെന്ന് പ്രഖ്യാപിച്ച അതിരപ്പിള്ളി ജല വൈദ്യുത പദ്ധതിയുമായി വീണ്ടും സംസ്ഥാന സർക്കാർ. പദ്ധതിയുമായി മുന്നോട്ടുപോകാൻ കെഎസ്ഇബിക്ക് സർക്കാർ അനുമതി നൽകി. പദ്ധതിക്കായി നേടിയെടുക്കേണ്ട വിവിധ കേന്ദ്രാനുമതികൾക്ക് അപേക്ഷ നൽകാനാണ് സംസ്ഥാന സർക്കാർ അനുമതി നൽകിയത്. കെഎസ്ഇബി ചെയർമാൻ്റ അപേക്ഷ പരിഗണിച്ച് ജൂൺ നാലിനാണ് ഇതു സംബന്ധിച്ച സർക്കാർ ഉത്തരവിറക്കിയത്.
വൻ പാരിസ്ഥിതിക ആഘാതം ഉണ്ടാകുന്ന പദ്ധതി ഇടതുമുന്നണി നയത്തിൻ്റെ ഭാഗമല്ലന്നാണ് സിപിഐ നിലപാട്. പദ്ധതിക്കെതിരെ മുമ്പും രംഗത്ത് വന്നിട്ടുള്ള സിപിഐ പ്രതിഷേധം ശക്തമാകുകയാണ്. പ്രതിഷേധം അവഗണിച്ച് സർക്കാർ മുന്നോട്ടു പോയാൽ കടുത്ത സമര പരിപാടികളുണ്ടാകുമെന്നാണ് എഐവൈഎഫ് മുന്നറിയിപ്പ്.കോവിഡിൻ്റെ മറവിൽ സർക്കാർ ജനവിരുദ്ധ പദ്ധതികൾ അടിച്ചേൽപ്പിക്കുന്നെന്നതാണ് പ്രതിപക്ഷ ആരോപണം. സർക്കാർ തീരുമാനത്തിനെതിരെ സമരത്തിനൊരുങ്ങുകയാണ് പ്രതിപക്ഷവും. പരിസ്ഥിതി സംഘടനകളും പ്രതിഷേധുയർത്തി കഴിഞ്ഞു.
വിവാദ പദ്ധതി
തുടക്കം മുതൽ വിവാദത്തിലായ പദ്ധതിയാണ് അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി. അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് അഞ്ച് കിലോമീറ്റർ മുകളിലായി അണക്കെട്ട് നിർമ്മിച്ച് 163 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുകയായിരുന്നു ലക്ഷ്യം. 1979 ൽ ആലോചന തുടങ്ങിയ പദ്ധതിക്കായി പാരിസ്ഥിതിക അനുമതി അടക്കമുള്ളവ പിന്നീട് ലഭ്യമായി. കെഎസ്ഇബി പദ്ധതിക്ക് വേണ്ടി ശക്തമായി വാദമുയർത്തിയെങ്കിലും പരിസ്ഥിതി സംഘടനകളും ചില രാഷ്ട്രീയ കക്ഷികളും ശക്തമായ പ്രതിഷേധം ഉയർത്തി. പദ്ധതിക്ക് ലഭിച്ച പാരിസ്ഥിതിക അനുമതിയുടെ കാലാവധി 2017 ൽ പൂർത്തിയായി. 2018 ലുണ്ടായ ആദ്യ പ്രളയത്തിൻ്റെ പശ്ചാത്തലത്തിൽ കൂടിയായിരുന്നു അതിരപ്പിള്ളി പദ്ധതി ഉപേക്ഷിച്ചതായി വൈദ്യുതി മന്ത്രി പ്രഖ്യാപിച്ചത്.
Published by:Aneesh Anirudhan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.