തിരുവനന്തപുരം: ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയുമായി ഇറക്കിയ ഓണം ബമ്പറിൽ ബമ്പറടിച്ച് സംസ്ഥാന സർക്കാരും. എല്ലാ ചെലവും കഴിഞ്ഞ് 36 ലക്ഷമാണ് സർക്കാർ ഖജനാവിലേക്കെത്തിയത്.
അച്ചടിച്ച 46 ലക്ഷം ടിക്കറ്റും വിറ്റുപോയതാണ് സർക്കാരിന് ഓണം ബമ്പർ ശരിക്കും ബംമ്പറായത്. ബമ്പർ ടിക്കറ്റിന്റെ സമ്മാനങ്ങള്‍ക്കു വേണ്ടി 50 കോടി രൂപയാണ് വേണ്ടി വരുന്നത്. ജിഎസ്ടി 15 കോടി രൂപയാണ്. 300 രൂപയ്ക്കാണ് ലോട്ടറി വകുപ്പ് ടിക്കറ്റ് വിറ്റത്.
ഒരു ലോട്ടറി ടിക്കറ്റില്‍ നിന്ന് 6 കോടീശ്വരന്മാരെ സൃഷ്ടിച്ചെന്ന പ്രത്യേകതയും ഓണം ബമ്പറിനുണ്ട്. 12 കോടി രൂപയുടെ ഒന്നാം സമ്മാനം കരുനാഗപ്പള്ളി ചുങ്കത്ത് ജ്വല്ലറിയിലെ 6 ജീവനക്കാര്‍ ചേര്‍ന്നെടുത്ത TM160869 നമ്പര്‍ ടിക്കറ്റിനാണ് ലഭിച്ചത്.
കമ്മിഷനും നികുതിയും കിഴിച്ച് 7.56 കോടി രൂപ ഇവര്‍ക്കു ലഭിക്കും. കായംകുളം ശ്രീമുരുക ലോട്ടറി ഏജന്റ് പി.ശിവന്‍കുട്ടിയില്‍ നിന്നു ടിക്കറ്റ് വാങ്ങി വില്പന നടത്തിയ കരുനാഗപ്പള്ളി മരുതൂര്‍കുളങ്ങര തയ്യില്‍ വീട്ടില്‍ എസ്.സിദ്ദിഖില്‍ നിന്നാണ് ഇവര്‍ ടിക്കറ്റ് വാങ്ങിയത്. ഏജന്റിനും വില്പനക്കാരനുമായി 1.20 കോടി രൂപ കമ്മിഷന് ലഭിക്കും.
സമാശ്വാസ സമ്മാനമായി 9 പേര്‍ക്ക് 5 ലക്ഷം രൂപ വീതം ലഭിക്കും. രണ്ടാം സമ്മാനം 50 ലക്ഷം വീതം 10 പേര്‍ക്കും മൂന്നാം സമ്മാനം 10 ലക്ഷം വീതം 20 പേര്‍ക്കുമാണ്. പാലക്കാട് ജില്ലയില്‍ വിറ്റ 3 ടിക്കറ്റുകള്‍ക്ക് രണ്ടാം സമ്മാനമുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.