തിരുവനന്തപുരം: സംസ്ഥാന വിജിലൻസിന് 67.26 ലക്ഷം രൂപക്ക് 16 പുതിയ വാഹനങ്ങൾ വാങ്ങാൻ അനുമതി. വിജിലൻസ് ഡയറക്ടറുടെ കത്ത് പരിഗണിച്ചാണ് വാഹനം വാങ്ങാൻ അനുമതി നൽകിയത്. ഈ മാസം 7 ന് വിജിലൻസ് വകുപ്പിൽ നിന്ന് ഇത് സംബന്ധിച്ച ഉത്തരവിറങ്ങി.
2 ടൊയോട്ട ഇന്നോവ ക്രിസ്റ്റ, 4 മഹീന്ദ്ര ബൊലേറോ B6, 10 ഹോണ്ട ഷൈൻ ഡിസ്ക് BS6 എന്നീ വാഹനങ്ങൾ ആണ് വാങ്ങുന്നത്. വിജിലൻസ് വകുപ്പിന്റെ മോഡണസേഷൻ ശീർഷകത്തിൽ നിന്നാണ് വാഹനം വാങ്ങാനുള്ള ചെലവ് വഹിക്കേണ്ടത്. പുതിയ വാഹനങ്ങൾ വാങ്ങാൻ അനുവദിക്കില്ല എന്ന സർക്കാർ ഇറക്കിയ ചെലവ് ചുരുക്കൽ നിർദ്ദേശങ്ങൾക്ക് വിരുദ്ധമായി ആണ് വിജിലൻസ് വകുപ്പിന് വാഹനം വാങ്ങാൻ അനുമതി നൽകിയത്. വിജിലൻസിന്റെ ഉയർന്ന ഉദ്യോസ്ഥർക്ക് സഞ്ചരിക്കാനാണ് ഇന്നോവ ക്രിസ്റ്റ വാങ്ങുന്നത് എന്നാണ് സൂചന.
വിജിലൻസിൽ നിലവിൽ ഉപയോഗിച്ചിരുന്ന 18 വാഹനങ്ങൾ ഉപയോഗശൂന്യമായെന്നും ഇത് കേസ് അന്വേഷണങ്ങളെ ബാധിക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി വിജിലൻസ് ഡയറക്ടർ സർക്കാരിന് കത്ത് നൽകിയിരുന്നു.
16 വാഹനങ്ങൾ വാങ്ങുന്നതിന് 67 ലക്ഷം രൂപ അനുവദിക്കണമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിജിലൻസ് ഡയറക്ടറുടെ അപേക്ഷ. ഈ അപേക്ഷ അനുവദിച്ചാണ് സർക്കാർ ഉത്തരവിറക്കിയത്.
സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ സർക്കാർ നേരത്തെ ചെലവുചുരുക്കൽ പ്രഖ്യാപിച്ചിരുന്നു.ഇതിലെ പ്രധാന നിർദ്ദേശം പുതിയ വാഹനങ്ങൾ വാങ്ങുന്നതിന് പകരം വാടകക്ക് വാഹനങ്ങൾ ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കുമെന്നായിരുന്നു. കഴിഞ്ഞ ബജറ്റിലെ ഈ പ്രഖ്യാപനത്തിനു ശേഷവും നിരവധി തവണ സർക്കാർ പുതിയ വാഹനങ്ങൾ വാങ്ങി.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.