'കെ എം മാണി അഴിമതിക്കാരനാണ്. അതുകൊണ്ടാണ് പ്രതിപക്ഷ എംഎല്‍എമാര്‍ ബജറ്റ് തടസ്സപ്പെടുത്തി പ്രതിഷേധമുയര്‍ത്തിയത്.' സുപ്രീംകോടതിയില്‍ സംസ്ഥാന സര്‍ക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകന് ഉയര്‍ത്തിയ വാദം ഇതാണ്. നിയമസഭാ കയ്യാങ്കളി കേസില്‍ രക്ഷപ്പെടാന്‍ വേണ്ടിയാണ് അഭിഭാഷകന് ഈ വാദം ഉയര്‍ത്തിയത്. ഇടതുമുന്നണിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിപക്ഷ പ്രതിഷേധം ശക്തമായതിന് പിന്നിലെ കാരണം ചൂണ്ടിക്കാട്ടാന്‍ ആണ് അഭിഭാഷകന് ഈ വാദമുയര്‍ത്തിയത്. ഫലത്തില്‍ അഭിഭാഷകന് മുന്നോട്ടുവെച്ച വാദം ആണെങ്കിലും കേരള കോണ്‍ഗ്രസ് എമ്മിനും ഇടതുമുന്നണിക്കും ഉണ്ടാക്കിയ പ്രതിസന്ധി ചെറുതല്ല. ബാര്‍കോഴ കേസില്‍ കെഎം മാണി അഴിമതിക്കാരനാണെന്ന് ചൂണ്ടിക്കാട്ടി ഇടതുമുന്നണി നിയമസഭയ്ക്ക് അകത്തും പുറത്തും നടത്തിയ വലിയ പ്രതിഷേധസമരങ്ങള്‍ കേരളം മറന്നിട്ടില്ല. അതേ കെഎം മാണിയുടെ മകന് ജോസ് കെ മാണി ഇടതുമുന്നണിയില്‍ എത്തിയപ്പോള്‍ കോണ്‍ഗ്രസും കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പും ഇത് വലിയ ആയുധമായിരുന്നു.
കെഎം മാണിയെ ഇടതുമുന്നണി എക്കാലത്തും അഴിമതിക്കാരന് ആക്കി ചിത്രീകരിച്ചിരുന്നു എന്നാണ് കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പും യുഡിഎഫ് നേതാക്കളും ഒന്നടങ്കം ചൂണ്ടിക്കാട്ടിയിരുന്നത്. ഫലത്തില്‍ ഇത് ശരിവയ്ക്കുന്ന നിലപാടായി സുപ്രീംകോടതിയില്‍ സംസ്ഥാന സര്‍ക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകന് പറഞ്ഞതിലൂടെ വ്യക്തമായത്. വിഷയത്തെ എങ്ങനെ പ്രതിരോധിക്കുമെന്ന് ആശങ്കയിലാണ് കേരള കോണ്‍ഗ്രസ് എം. പാര്‍ട്ടി അണികള്‍ക്കിടയില്‍ ഇതു വലിയ രോഷമാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇത്രയധികം വലിയ രാഷ്ട്രീയ പരാമര്‍ശങ്ങള്‍ ഉണ്ടായിട്ടും ജോസ് കെ മാണി ഇതുവരെ പ്രതികരിക്കാന്‍ പോലും തയ്യാറായിട്ടില്ല എന്നതാണ് ശ്രദ്ധേയം. പകരം കേരള കോണ്‍ഗ്രസ് എം ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ് ആണ് വാര്‍ത്താകുറിപ്പിലൂടെ പാര്‍ട്ടിയുടെ പ്രതിഷേധം അറിയിച്ചത്. മാധ്യമങ്ങള്‍ക്ക് മുന്നില്‍ നേരിട്ട് വന്ന് പ്രതിഷേധം രേഖപ്പെടുത്താനും ഇതുവരെ സ്റ്റീഫന്‍ ജോര്‍ജ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ തയ്യാറായിട്ടില്ല. വാര്‍ത്താക്കുറിപ്പില്‍ സ്റ്റീഫന്‍ പറയുന്നത് ഇങ്ങനെ...
സുപ്രീം കോടതിയില്‍ സംസ്ഥാന സര്‍ക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകന് അന്തരിച്ച കെ. എം മാണി സാറിനെക്കുറിച്ച് നടത്തിയ വസ്തുതാവിരുദ്ധമായ പരാമര്‍ശത്തില്‍ കേരള കോണ്‍ഗ്രസ് എം പാര്‍ട്ടിക്കുള്ള കടുത്ത പ്രതിഷേധം അറിയിക്കുന്നു.രണ്ടു തവണ വിജിലന്‍സ് കോടതിയും ബഹുമാനപ്പെട്ട ഹൈക്കോടതിയും ഒരു തരത്തിലും കുറ്റക്കാരനല്ല എന്ന് കണ്ടെത്തിയ മാണി സാറിനെക്കുറിച്ച് തികച്ചും നിരുത്തരവാദപരമായ പരാമര്‍ശം നടത്തിയ അഭിഭാഷകനോട് അടിയന്തരമായി വിശദീകരണം തേടണം. ഈ പരാമര്‍ശം ഉടന്‍ പിന്‍വലിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും സ്റ്റീഫന്‍ ജോര്‍ജ് ആവശ്യപ്പെട്ടു. വിഷയം ഇടതുമുന്നണിക്കും പ്രതിസന്ധി ഉണ്ടാക്കിയിട്ടുണ്ട്. വിഷയത്തെ എങ്ങനെ ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കണം ആശയക്കുഴപ്പത്തിലാണ് ഇടതുമുന്നണി. അഭിഭാഷകനെതിരെ നിലപാടെടുത്ത് തല്‍ക്കാലത്തേക്ക് വിഷയം തണുപ്പിക്കാന്‍ ആകും ഇടതു നേതൃത്വം ശ്രമിക്കുക. എന്നാല്‍ യുഡിഎഫിന്, പ്രത്യേകിച്ച് കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിന് ഇതു വലിയ ആയുധമാക്കും എന്ന കാര്യത്തില്‍ സംശയമില്ല. മധ്യകേരളത്തില്‍ പാര്‍ട്ടിക്ക് സ്വാധീനമുള്ള ഇടങ്ങളില്‍ ജോസ് കെ മാണിക്ക് വിഷയം അവതരിപ്പിക്കാന്‍ നന്നായി ബുദ്ധിമുട്ടേണ്ടി വരും എന്ന് ഉറപ്പ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: K m mani, Kerala congress m, Protest, State government