തിരുവനന്തപുരം: വിമർശനങ്ങൾ വകവയ്ക്കാതെ ഇ-മൊബിലിറ്റി പദ്ധതിയുമായി സർക്കാർ മുന്നോട്ട്. ഇ-മൊബിലിറ്റി പദ്ധതിക്കു സ്വിറ്റ്സർലന്റ് കമ്പനിയായ ഹെസുമായി ജോയിന്റ് വെഞ്ച്വർ കമ്പനി രൂപീകരിക്കാൻ സർക്കാർ നടപടികൾ ഊർജിതമാക്കി. കമ്പനി രൂപീകരണത്തിനായി കേരള ഓട്ടോമൊബൈൽസ് ലിമിറ്റഡിന്റെയും കെഎസ്ആർടിസിയുടെയും സംയുക്ത യോഗം മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്നു വൈകിട്ട് നാലരയ്ക്ക് ഓൺലൈനായാണ് യോഗം. ഒന്നാം പിണറായി സർക്കാരിന്റെ അവസാന കാലത്ത് വിവാദത്തിലായ പദ്ധതിക്കാണ് വീണ്ടും ജീവൻ വയ്ക്കുന്നത്.
പ്രൈസ് വാട്ടർ ഹൗസ് കൂപ്പറിനെ ഇ-മൊബിലിറ്റി പദ്ധതിയുടെ ഭാഗമായ ഇ-ബസ് പദ്ധതിയുടെ കൺസൾട്ടൻസി നൽകിയതിനെയാണ് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പ്രതിപക്ഷം എതിർത്തത്. 2013ലാണ് കേന്ദ്ര സർക്കാർ നാഷണൽ മൊബിലിറ്റി പദ്ധതി കൊണ്ടുവരാനുള്ള ആലോചന തുടങ്ങിയത്. ഹെസുമായുള്ള ധാരണ അനുസരിച്ച് നാലു വർഷം കൊണ്ട് 4000 ബസുകൾ നിർമിക്കാനായിരുന്നു സംസ്ഥാന സർക്കാരിന്റെ ആലോചന. ഹെസിന്റെ നിർദേശപ്രകാരം പൊതുമേഖലാ സ്ഥാപനമായ കേരള ഓട്ടോ മൊബൈൽസ് കമ്പനിയുമായി ചേർന്ന് സംയുക്ത സംരംഭം ആരംഭിക്കാനുള്ള നീക്കത്തെ ധന സെക്രട്ടറിയും ചീഫ് സെക്രട്ടറിയും എതിർത്തു. ഹെസ് എന്ന കമ്പനിയെ മാത്രം മുൻനിർത്തി സംയുക്ത സംരംഭം ആരംഭിക്കുന്നത് എന്തു മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണെന്ന ചോദ്യം ഉയർത്തിയാണ് പ്രതിപക്ഷം വിമർശനം ഉന്നയിച്ചത്.
സ്വകാര്യ കമ്പനിയായ ഹെസിന് 51 ശതമാനം ഓഹരിയും സർക്കാരിനു 49 ശതമാനം ഓഹരിയും എന്ന അനുപാതം നിശ്ചയിച്ചതും വിവാദമായി. 6000 കോടി മുതൽ മുടക്കു പ്രതീക്ഷിക്കുന്ന പദ്ധതിക്ക് ആഗോള ടെൻഡർ വിളിച്ചിരുന്നില്ല. ചീഫ് സെക്രട്ടറിയും ധന സെക്രട്ടറിയും ഉന്നയിച്ച ആക്ഷേപങ്ങൾ മറികടക്കാനാണ് പ്രൈസ് വാട്ടർ ഹൗസ് കൂപ്പറിനെ വിശദമായ പദ്ധതി നിർദേശം സമർപ്പിക്കാൻ ചുമതലപ്പെടുത്തിയതെന്നായിരുന്നു പ്രതിപക്ഷ ആരോപണം.
കരാർ ആർക്ക് എന്ന് നേരത്തെ തീരുമാനിച്ച ശേഷമാണ് പദ്ധതിയുടെ പ്രായോഗികതാ പഠനത്തിനായി പ്രൈസ് വാട്ടർ ഹൗസ് കൂപ്പറിന് കൺസൾട്ടൻസി കരാർ നൽകിയതെന്നും ആരോപണം ഉയർന്നിരുന്നു. പുതിയ സാഹചര്യത്തിൽ പ്രതിപക്ഷം ഇതിനെ എങ്ങനെ കാണും എന്നതും നിർണായകമാകും.
Summary: State government is going ahead with the e-mobility project mooted during the previous tenure of the LDF government
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: E mobility project