കഴക്കൂട്ടം-കാരോട് ബൈപ്പാസിലെ ടോൾ പിരിവിനെതിരെ കേന്ദ്ര സർക്കാരിൽ സമ്മർദ്ദം നൽകാനൊരുങ്ങി സംസ്ഥാന സർക്കാർ. കഴക്കൂട്ടം മുതൽ കോവളം വരെയുള്ള റോഡ് പണികൾ മാത്രമാണ് ഇതുവരെയായും പൂർത്തിയാക്കിയിട്ടുള്ളത്. ഫാസ്ടാഗ് ഉണ്ടെങ്കിൽ 70 രൂപയും അല്ലാത്തപക്ഷം 140 രൂപയുമാണ് ടോൾ ആയി ദേശീയപാത അതോറിറ്റി ഈടാക്കുന്നത്. ഇതിനെതിരെ ജനങ്ങളുടെയും രാഷ്ട്രീയ പാർട്ടികളുടേയും പ്രതിഷേധം ശക്തമായതോടെ കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ശക്തമാക്കിയിരിക്കുകയാണ് സംസ്ഥാനം.
റോഡ് നിർമ്മാണം പൂർത്തിയാകാതെ ടോൾ പിരിവ് നടത്തരുതെന്ന് സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം ആവശ്യപ്പെട്ട് മന്ത്രി വി. ശിവൻകുട്ടി കേന്ദ്രമന്ത്രിക്ക് കത്ത് അയച്ചിട്ടുണ്ട്. വിഷയത്തിൽ ഉന്നതതല യോഗം വിളിച്ചു ചേർക്കാനും സർക്കാർ തീരുമാനിച്ചു. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് അടക്കമുള്ളവർ ഉന്നതതല യോഗത്തിൽ പങ്കെടുക്കും.
ജനങ്ങളുടെ ബുദ്ധിമുട്ടുകൾ ഉടൻ പരിഹരിക്കണമെന്ന് തിരുവല്ലം ടോൾപ്ലാസ സന്ദർശിച്ചശേഷം മന്ത്രി വി.ശിവൻകുട്ടി ആവശ്യപ്പെട്ടു.അതേസമയം ടോൾ പിരിവിനെതിരെ എൽഡിഎഫിന്റെയും കോൺഗ്രസിന്റെയും നേതൃത്വത്തിൽ തിരുവല്ലം ടോൾപ്ലാസയിൽ ആരംഭിച്ച അനിശ്ചിതകാല സമരം തുടരുകയാണ്. ടോൾപിരിവ് പൂർണമായും നിർത്തി വയ്ക്കുന്നത് വരെ അനിശ്ചിതകാല സമരം തുടരാനാണ് എൽഡിഎഫിന്റെയും കോൺഗ്രസിന്റെയും തീരുമാനം.
കഴിഞ്ഞ രണ്ടു തവണയും പ്രതിഷേധത്തെ തുടർന്ന് നിർത്തിവച്ചിരുന്ന ടോൾപിരിവാണ് ചൊവ്വാഴ്ച രാവിലെ എട്ടു മണിയോടെ യാതൊരുവിധ അറിയിപ്പും കൂടാതെ പുനരാരംഭിച്ചത്. ടോൾപിരിവ് ആരംഭിച്ചതിനു തൊട്ടുപിന്നാലെ ശക്തമായ പ്രതിഷേധവുമായി യാത്രക്കാർ രംഗത്തെത്തി. ഒപ്പം റോഡ് പണി പൂർത്തിയാക്കാതെ ടോൾപിരിവ് ആരംഭിച്ചതിലും യാത്രക്കാർക്ക് പ്രതിഷേധമുണ്ട്.
യാത്രക്കാർക്ക് പിന്നാലെ ശക്തമായ പ്രതിഷേധവുമായി സി.പി.എം. കോൺഗ്രസ് പ്രവർത്തകരും രംഗത്തെത്തി. ഇതിന് പിന്നാലെയാണ് അനിശ്ചിതകാലസമരം എൽ.ഡി.എഫും കോൺഗ്രസും പ്രഖ്യാപിച്ചിരുന്നത്. അതേസമയം ടോൾ പിരിവുമായി മുന്നോട്ടുപോകുമെന്ന് ദേശീയപാത അതോറിറ്റി അറിയിച്ചു.
പൂർത്തിയായ റോഡിനുള്ള ടോൾപിരിവ് മാത്രമാണ് നടത്തുന്നതെന്നും പിരിവുമായി മുന്നോട്ടുപോകുമെന്നുമാണ് ദേശീയപാത അതോറിറ്റിയുടെ നിലപാട്. ടോൾ പ്ലാസയുടെ 20 കിലോമീറ്റർ ചുറ്റളവിലുള്ളവർക്ക് സൗജന്യ യാത്ര അനുവദിക്കണമെന്ന പ്രതിഷേധക്കാരുടെ ആവശ്യവും ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർ തള്ളി.
കഴക്കൂട്ടം മുതൽ കോവളം വരെയുള്ള 20 കിലോമീറ്റർ റോഡിന്റെ പണി മാത്രമാണ് പൂർത്തിയായത്. ഫാസ്റ്റ് ടാഗ് ഉണ്ടെങ്കിൽ 70 രൂപയും ഇല്ലാത്തപക്ഷം 140 രൂപയുമാണ് ടോൾ. ടോൾ പ്ലാസയുടെ 20 കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്നവർക്ക് മാസം 285 രൂപയുടെ പാക്കേജ് എടുത്ത് യാത്ര ചെയ്യാനുള്ള അനുമതിയാണ് നൽകിയിരിക്കുന്നത്. നേരത്തെ ഈ മാസം രണ്ടു പ്രാവശ്യം ടോൾ പിരിവ് ആരംഭിക്കാൻ ദേശീയപാത അതോറിറ്റി ശ്രമിച്ചെങ്കിലും ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയർന്നത്. പ്രതിഷേധങ്ങളെത്തുടർന്ന് ടോൾ പിരിവ് താൽക്കാലികമായി നിർത്തിവച്ചിരുന്നു.
Summary: State government to voice against toll collection at the Kazhakoottam-Karode NH stretch. The government has called for a high-level meeting to discuss the matterഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.