തിരുവനന്തപുരം: സി.ബി.ഐഅന്വേഷണത്തിന് നൽകിയിരുന്ന പൊതുഅനുമതി റദ്ദാക്കിയതിനു ശേഷം സംസ്ഥാന സർക്കാർ കൈമാറുന്ന ആദ്യ കേസാണ് സോളാർ വിവാദവുമായി ബന്ധപ്പെട്ട ലൈംഗികാരോപണ പരാതികൾ. വടക്കാഞ്ചേരി ലൈഫ് മിഷൻ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താൻ സി.ബി.ഐ തീരുമാനിച്ചതാണ് സംസ്ഥാന സർക്കാരിനെ ചൊടിപ്പിച്ചത്. ഇതേത്തുടർന്ന് നവംബർ നാലിന് സി.ബി.ഐ അന്വേഷണത്തിനുള്ള പൊതു അനുമതി സംസ്ഥാന സർക്കാർ പിൻവലിക്കുകയായിരുന്നു. അനുമതി പിൻവലിച്ച് 80 ദിവസത്തിനു ശേഷമാണ് പ്രതിപക്ഷ നേതാക്കൾക്കെതിരായ പരാതിയിലെ അന്വേഷണം സംസ്ഥാന സർക്കാർ സി.ബി.ഐക്ക് കൈമാറുന്നത്.
ഡൽഹി സ്‌പെഷ്യൽ പൊലീസ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് സെക്‌ഷൻ ആറ് പ്രകാരം വിജ്ഞാപനങ്ങളിലൂടെ നേരിട്ട് കേസ് ഏറ്റെടുക്കാൻ സി.ബി.ഐക്ക് നൽകിയ പൊതു അനുമതി മന്ത്രിസഭാ യോഗമാണ് പിൻവലിച്ചത്. ഇതോടെ ആവശ്യമെന്ന് കണ്ടെത്തുന്ന കേസുകളുടെ അന്വേഷണം സർക്കാരിന്റെ പ്രത്യേക അനുമതിയോടെ മാത്രമെ സി.ബി.ഐക്ക് കൈമാറൂവെന്നായിരുന്നു തീരുമാനം.
ലൈഫ് മിഷൻ പദ്ധതിയെ പുകമറയിൽ നിർത്താൻ സിബിഐ നീക്കം നടത്തിയെന്നായിരുന്നു സർക്കാരിന്റെയും സി.പി.എം നേതാക്കളുടെയും ആരോപണം. വടക്കാഞ്ചേരി ഫ്ലാറ്റ് നിർമാണപദ്ധതിയിൽ 4.25 കോടി രൂപയുടെ അഴിമതി ആരോപിച്ച് കോൺഗ്രസ് എംഎൽഎ അനിൽ അക്കര നൽകിയ പരാതിയിലാണ് സി.ബി.ഐ അന്വേഷണം ഏറ്റെടുത്തത്. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് സംസ്ഥാന സർക്കാരിനെ തകർക്കാൻ ശ്രമിക്കുന്നെന്ന ആരോപണം സി.പി.എം നേതാക്കൾ ഉന്നയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മന്ത്രിസഭാ യോഗം പൊതുഅനുമതി പിൻവലിച്ചത്.
സോളർ പീഡനക്കേസിൽ പരാതിക്കാരി മുഖ്യമന്ത്രിക്ക് സമർപ്പിച്ച അപേക്ഷ പരിഗണിച്ചാണ് സി.ബി.ഐക്ക് വിട്ടതെന്നാണ് സർക്കാരിന്റെ വിശദീകരണം. കോൺഗ്രസ് നേതാക്കളായ ഉമ്മൻ ചാണ്ടി, കെ.സി.വേണുഗോപാൽ, അടൂർ പ്രകാശ്, എ.പി.അനിൽകുമാർ, ഹൈബി ഈഡൻ, ബിജെപി നേതാവ് എ.പി.അബ്ദുല്ലക്കുട്ടി എന്നിവർക്കെതിരെയാണ് പരാതി. ഇതു സംബന്ധിച് സർക്കാരിന്റെ ശുപാർശ ഉടൻ കേന്ദ്രത്തിന് അയയ്ക്കും.
അതേസമയം സോളാര്‍ കേസ് രാഷ്ട്രീയ ആയുധമാക്കുന്നതിനോട് സിപിഎമ്മില്‍ വിയോജിപ്പ് ഉണ്ടെന്ന തരത്തിൽ നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. പഴയ കേസ് വീണ്ടും ഉയർത്തുന്നത് ഗുണകരമാവില്ലെന്നായിരുന്നു വിലയിരുത്തല്‍. എന്നാൽ ഇതെല്ലാം തള്ളിയാണ് സർക്കാർ സി.ബി.ഐ അന്വേഷണത്ത് ഇപ്പോൾ ശുപാർശ ചെയ്തിരിക്കുന്നത്.
Published by:Aneesh Anirudhan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.