സർക്കാരിന് തിരിച്ചടി; ശബരിമല കേസുകൾ വേഗത്തിലാക്കണമെന്ന ആവശ്യം തള്ളി

News18 Malayalam
Updated: December 7, 2018, 2:33 PM IST
സർക്കാരിന് തിരിച്ചടി; ശബരിമല കേസുകൾ വേഗത്തിലാക്കണമെന്ന ആവശ്യം തള്ളി
സുപ്രീംകോടതി
  • Share this:
ന്യൂഡൽഹി: ശബരിമലയിൽ ഹൈക്കോടതി നിയോഗിച്ച മൂന്നംഗ സമിതിക്കെതിരായ ഹർജി വേഗത്തിൽ പരിഗണിക്കണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം സുപ്രീം കോടതി തള്ളി. ഹൈക്കോടതിയിലെ ഹർജികൾ സുപ്രീം കോടതിയിലേക്ക് മാറ്റണമെന്ന ആവശ്യവും അടിയന്തരമായി പരിഗണിക്കില്ല. സാധാരണ ക്രമത്തിൽ മാത്രമേ ഹർജികൾ പരിഗണിക്കാൻ ആകൂവെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് വ്യക്തമാക്കി.

ശബരിമലയിൽ മൂന്നംഗ നിരീക്ഷണ സമിതിയെ നിയമിച്ച ഹൈക്കോടതി ഉത്തരവ് അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും ഹൈകോടതിയുടെ പരിഗണനയിലുള്ള 23 റിട്ട് ഹർജികൾ സുപ്രീം കോടതിയിലേക്ക് മാറ്റണമെന്നും ആവശ്യപ്പെട്ട് നൽകിയ ഹർജികൾ വേഗത്തിൽ പരിഗണിക്കണമെന്നാണ് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടത്. മുതിർന്ന അഭിഭാഷകൻ വിജയ് ഹൻസാരിയ സർക്കാറിന്റെ ആവശ്യം ധരിപ്പിച്ചെങ്കിലും ചീഫ് ജസ്റ്റിസ് ഇതംഗീകരിച്ചില്ല. തുടർന്ന് സാധാരണ ക്രമത്തിൽ ഹർജി പരിഗണിച്ചാൽ മതിയെന്ന് അഭിഭാഷകൻ തന്നെ കോടതിയെ അറിയിച്ചു. നിരീക്ഷണ സമിതിയെ നിയമിച്ച ഹൈക്കോടതി നടപടി പൊലീസിന്റെ അധികാരങ്ങളിൽ കൈകടത്തുന്നതാണെന്നാണ് സർക്കാർ വാദം. സമിതിയുടെ തുടർ നടപടികൾക്ക് മുൻപ് സ്റ്റേ ലഭ്യമാക്കാനുള്ള സർക്കാർ നീക്കത്തിനാണ് തിരിച്ചടിയേറ്റത്.

സുപ്രീം കോടതി ക്രിസ്മസ് അവധിക്ക് അവധിക്ക് പിരിയുന്ന ഡിസംബർ 19ന് മുൻപ് ഹർജി സാധാരണ ക്രമപ്രകാരം പരിഗണനയ്ക്ക് എത്തുമോയെന്നാണ് അറിയേണ്ടത്. അല്ലെങ്കിൽ ജനുവരി 22ന് ശബരിമല വിധിക്ക് എതിരായ പുനഃപരിശോധന ഹർജികൾ പരിഗണിക്കുമ്പോൾ മാത്രമേ സർക്കാറിന്റെ രണ്ടാവശ്യങ്ങളും കോടതിയുടെ പരിഗണനയ്ക്ക് എത്തൂ.

First published: December 7, 2018, 2:33 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading